Wednesday, October 28, 2026

പ്രണയാഭ്യർത്ഥന നിരസിച്ചതിൽ പക; ഉറങ്ങിക്കിടന്ന 19കാരിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി; പോലീസ് പിടിയിലായ പ്രതി ജീപ്പിൽ കയറിയത് നിറഞ്ഞ ചിരിയോടെ; സൈബർ ലോകത്ത് ചർച്ചയായി വീഡിയോ

റാഞ്ചി: ജാർഖണ്ഡിൽ പ്രണയം നിരസിച്ചതിന്റെ പേരിൽ, വീട്ടിൽ ഉറങ്ങിക്കിടന്ന പെൺകുട്ടിയെ പെട്രോൾ ഒഴിച്ച് കത്തിച്ച സംഭവം രാജ്യത്തെ ഒന്നോടെ ഞെട്ടിച്ചിരുന്നു. 90 ശതമാനത്തോളം പൊള്ളലേറ്റ പത്തൊൻപതുകാരി റാഞ്ചിയിലെ റിംസ് ആശുപത്രിയില്‍ ചികിത്സയിൽ ഇരിക്കെയാണു മരിച്ചത്. പൊലീസ് പിടികൂടിയ പ്രതി നിറഞ്ഞ ചിരിയോടെ ജീപ്പിൽ കയറി പോകുന്ന വിഡിയോ ഇപ്പോൾ സൈബർ ലോകത്ത് ചർച്ചയാണ്. സംഭവത്തിൽ കടുത്ത പ്രതിഷേധം ഉയരുമ്പോഴാണ് പ്രതിയുടെ ചിരിയും വിവാദമാകുന്നത്.

കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു പെണ്‍കുട്ടിക്ക് നേരെ പ്രതിയുടെ ആക്രമണം ഉണ്ടായത് . ഷാറുഖ് എന്ന യുവാവ് പുലര്‍ച്ചെ വീട്ടില്‍ ഉറങ്ങുകയായിരുന്ന പെണ്‍കുട്ടിയുടെ ദേഹത്ത് ജനല്‍ വഴി പെട്രോളൊഴിച്ചു തീ കൊളുത്തുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. സൗഹൃദം സ്ഥാപിക്കാനായി പ്രതി നിരന്തരം ശ്രമിച്ചിരുന്നതായി പെണ്‍കുട്ടി പോലീസിന് മരണമൊഴി നല്‍കിയിരുന്നു. പത്തുദിവസം മുമ്പ് ഇയാള്‍ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തിയിരുന്നു. താനുമായി സൗഹൃദം സ്ഥാപിക്കണമെന്നായിരുന്നു ആവശ്യം. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ ഇതേ ആവശ്യവുമായി വീണ്ടും വിളിച്ചു.

സംസാരിച്ചില്ലെങ്കില്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് പെണ്‍കുട്ടി ഇക്കാര്യം പിതാവിനെ അറിയിച്ചു. ചൊവ്വാഴ്ച യുവാവിന്റെ കുടുംബവുമായി കാര്യങ്ങള്‍ സംസാരിക്കാമെന്ന് പിതാവ് പെണ്‍കുട്ടിക്ക് ഉറപ്പുനല്‍കി. ഇതിനുശേഷം എല്ലാവരും ഉറങ്ങാന്‍ പോവുകയും ചെയ്തു. ഇതിനുപിന്നാലെയാണ് പ്രതി പെണ്‍കുട്ടിയെ തീകൊളുത്തിയത്. ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയതിന് പിന്നാലെ ഞെട്ടിയുണര്‍ന്ന പെണ്‍കുട്ടി ഉറക്കെ നിലവിളിച്ച് കൊണ്ട് തൊട്ടടുത്ത പിതാവിന്റെ മുറിയിലേക്ക് ഓടുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കളാണ് തീയണച്ച് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചതെന്നും പോലീസ് പറഞ്ഞു.

Related Articles

Latest Articles