Sunday, May 5, 2024
spot_img

മണിപ്പുരിലെ വിദ്യാർഥികളുടെ കൊലപാതകം: 6 പേർ സിബിഐ പിടിയിൽ; കുറ്റക്കാർക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് മണിപ്പുർ മുഖ്യമന്ത്രി എൻ.ബിരേൻ സിങ്

ഇംഫാൽ : മണിപ്പുരിൽ കാണാതായ 2 മെയ്തെയ് വിദ്യാർത്ഥികളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യ പ്രതികളായ ആറുപേരെ സിബിഐ പിടികൂടി. നാലുപേരെ അറസ്റ്റ് ചെയ്യുകയും രണ്ടുപേരെ കസ്റ്റഡിയിൽ എടുക്കുകയുമാണു ചെയ്തത്. പിടികൂടിയവരിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്തവരാണ്. പോലീസും സൈന്യവും സംയുക്തമായി നടത്തിയ തിരച്ചിലിൽ തലസ്ഥാനമായ ഇംഫാലിൽ നിന്നും 51 കിലോമീറ്റർ അകലെയുള്ള ചുരാചന്ദ്പുരില്‍ നിന്നാണ് പ്രതികൾ വലയിലായത്. മുഖ്യമന്ത്രി എൻ.ബിരേൻ സിങ് തന്റെ ഔദ്യോഗിക എക്സ് ഹാൻഡിലിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചു. പ്രതികൾക്ക് നിയമത്തിന്റെ നീണ്ട കൈകളിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ലെന്നും പ്രതികൾ ചെയ്ത ഹീനമായ കുറ്റകൃത്യത്തിന് വധശിക്ഷ ഉൾപ്പെടെ പരമാവധി ശിക്ഷ ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇക്കഴിഞ്ഞ ജൂലൈ ആറിനാണ് 17 ഉം 21 ഉം വയസ്സുള്ള രണ്ടു വിദ്യാർഥികളെ കാണാതായത്. പിന്നീട് ഇവർ കൊല്ലപ്പെട്ടെന്നു സ്ഥിരീകരിച്ചു. കൊലപാതകത്തിനു മുൻപും ശേഷവുമുള്ള ഇരുവരുടെയും ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് ഇവർ കൊല്ലപ്പെട്ട വിവരം പുറം ലോകമറിഞ്ഞത്. പിന്നാലെ ഇംഫാലിൽ വിദ്യാർഥികൾ തെരുവിലിറങ്ങിയിരുന്നു. ഹിജാം ലിൻതോയിങാബി എന്ന വിദ്യാർഥിനിയും സുഹ‍ൃത്ത് ഫിജാം ഹേമജിത്തുമാണ് മരിച്ചത്. കുക്കി ഭീകരരാണു കൊലയ്ക്കു പിന്നിലെന്നായിരുന്നു മെയ്തെയ് സംഘടനകളുടെ ആരോപണം. എന്നാൽ ചിത്രം കൃത്രിമമായി നിർമിച്ചതാണെന്നായിരുന്നു കുക്കി നേതാക്കൾ ആരോപിച്ചത്. മെയ്തെയ് ഭൂരിപക്ഷപ്രദേശമായ ബിഷ്ണുപുരിലാണ് വിദ്യാർഥികളെ അവസാനം കണ്ടതെന്നും കൊലയ്ക്കുപിന്നിൽ കുക്കികൾ അല്ലെന്നുമായിരുന്നു ഇവരുടെ വിശദീകരണം.

Related Articles

Latest Articles