കാസർകോട്: മഞ്ചേശ്വരത്ത് എക്‌സൈസ് ഉദ്യോഗസ്ഥരെ കാർ ഇടിച്ച് കൊലപ്പെടുത്താൻ ശ്രമം. സർക്കിൾ ഇൻസ്‌പെക്ടർ ജോയി ജോസഫ്, പ്രിവന്റീവ് ഓഫീസർ ദിവാകരൻ, എക്‌സൈസ് ഡ്രൈവർ ദിജിത്ത് എന്നീ മൂന്ന് ഉദ്യോഗസ്ഥർക്ക് അപകടത്തിൽ പരിക്കേറ്റു. സംഭവത്തിൽ പോലീസ് കേസെടുത്തന്വേഷണമാരംഭിച്ചു.
രാത്രിയോടെയായിരുന്നു സംഭവം നടന്നത്. സോങ്കറിൽ പട്രോളിംഗ് നടത്തുകയായിരുന്ന എക്‌സൈസ് സംഘത്തെ കാറിൽ എത്തിയ രണ്ട് പേർ ചേർന്ന് ഇവരുടെ വാഹനത്തിലേക്ക് ഇടിച്ച് കയറ്റുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പ്രതികൾക്കും പരിക്കേറ്റിട്ടുണ്ട്. കൂടാതെ ഇവർ സഞ്ചരിച്ച വാഹനത്തിൽ നിന്നും 103 ലിറ്റർ കർണാടക മദ്യം പിടിച്ചെടുത്തിട്ടുണ്ട്.
കർണാടകയിൽ നിന്നും വൻതോതിൽ കേരളത്തിലേക്ക് മദ്യം എത്തുന്നതായി എക്‌സൈസ് സംഘത്തിന്റെ രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നുള്ള അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു പട്രോളിംഗ്. മാരുതി സ്വിഫ്റ്റ് കാറിലാണ് പ്രതികൾ എത്തിയത്. എന്നാൽ ഈ വാഹനത്തിന്റേത് വ്യാജ നമ്പർ പ്ലേറ്റ് ആണെന്ന് പോലീസ് കണ്ടെത്തി.

