Wednesday, May 22, 2024
spot_img

മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ ചമഞ്ഞ് 10 ദിവസം രോഗിയെ ചികിത്സിച്ചത് 22-കാരന്‍; മാരക രോഗങ്ങളുണ്ടെന്നു പറഞ്ഞു ഭയപ്പെടുത്തി പണവും തട്ടി; മാണിക്യവിളാകം സ്വദേശി അറസ്റ്റില്‍

തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ ചമഞ്ഞ് 10 ദിവസം രോഗിയെ ചികിത്സിച്ചത് 22-കാരന്‍. പി ജി ഡോക്ടറാണെന്ന് പറഞ്ഞാണ് യുവാവ് ചികിത്സ നടത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. പൂന്തുറ മാണിക്യവിളാകം സ്വദേശി നിഖിലിനെയാണ് ആശുപത്രി ജീവനക്കാര്‍ പിടികൂടിയത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.

മെഡിക്കല്‍ കോളേജിലെ ഒന്നാം വാര്‍ഡ് മെഡിസിന്‍ യൂണിറ്റില്‍ കാലിനു പരിക്കുപറ്റി ചികിത്സയിലായിരുന്ന വിഴിഞ്ഞം സ്വദേശി റിനുവിനെയാണ് നിഖില്‍ ഡോക്ടറെന്ന വ്യാജേന ചികിത്സനടത്തിയതും പറ്റിച്ചതും. മുൻ പരിചയം മുതലെടുത്ത് റിനുവിനു കൂട്ടിരിക്കാനെന്ന പേരില്‍ പത്തു ദിവസമാണ് നിഖിൽ സ്റ്റെതസ്‌കോപ്പ് ധരിച്ച്‌ ആശുപത്രിയില്‍ കഴിഞ്ഞത്.

മാരകമായ രോഗങ്ങളുണ്ടെന്നു പറഞ്ഞു ഭയപ്പെടുത്തി മരുന്നിനും പരിശോധനകള്‍ക്കുമായി റിനുവിന്റെ കൈയില്‍ നിന്ന് നിഖില്‍ പണം തട്ടുകയായിരുന്നു. മാത്രമല്ല ഇയാളുടെ രക്ത സാംബിളുകള്‍ പരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടയിൽ റിനുവിന്റെ രോഗി ഡിസ്ചാര്‍ജാകാതിരിക്കാന്‍ സാംബിളുകളില്‍ കൃത്രിമം കാണിക്കുകയും ചെയ്തു. എന്നാൽ പരിശോധനാഫലങ്ങള്‍ ആശയക്കുഴപ്പം സൃഷ്ടിച്ചതോടെ ഡോക്ടര്‍മാര്‍ക്കു ഇതിൽ പന്തികേട് തോന്നി തുടർന്നാണ് നിഖിലിനെ പിടികൂടിയത്.

ശനിയാഴ്ച രാവിലെ ഡോ. ശ്രീനാഥും മറ്റു ജീവനക്കാരും ഇയാളെ പിടികൂടി മെഡിക്കല്‍ കോളേജ് പോലീസില്‍ ഏല്‍പ്പിച്ചു. ആള്‍മാറാട്ടത്തിലൂടെ ചികിത്സ നടത്തിയതിന് ഇയാള്‍ക്കെതിരേ ആശുപത്രി ചീഫ് സെക്യൂരിറ്റി ഓഫീസര്‍ നാസറുദ്ദീന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Related Articles

Latest Articles