Tuesday, January 13, 2026

മഞ്ചേശ്വരത്ത് വീണ്ടും കുഴല്‍പ്പണം പിടിച്ചു! പിടികൂടിയത് 20 ലക്ഷം രൂപയുടെ കുഴൽപ്പണം, മൂന്ന് ആഴ്ചക്കിടയിൽ പിടികൂടിയത് ഒരു കോടി രൂപ

കാസര്‍കോട്: മഞ്ചേശ്വരത്ത് നിന്നും വീണ്ടും കുഴൽപ്പണം പിടിച്ചു. കർണാടക കെ ആര്‍ ടി സി ബസില്‍ കടത്തുകയായിരുന്ന 20 ലക്ഷം രൂപയാണ് എക്സൈസ് കണ്ടുകെട്ടിയത്. മൂന്ന് ആഴ്ചക്കിടയിൽ മഞ്ചേശ്വരത്ത് ഒരു കോടി രൂപയുടെ കുഴല്‍പ്പണമാണ് പിടിച്ചത്.

ട്രാന്‍സ്‍പോര്‍ട്ട് കോര്‍പ്പറേഷന്‍റെ ബസില്‍ കടത്തുകയായിരുന്ന കുഴല്‍പ്പണമാണ് എക്സൈസിന്‍റെ പരിശോധനയെ തുടർന്ന് പിടികൂടിയത്. ബാഗില്‍ സൂക്ഷിച്ച രേഖകളില്ലാത്ത 20,50,000 രൂപ കണ്ടെടുത്തു. തൃശ്ശൂര്‍ സ്വദേശി സന്തോഷിനെ അറസ്റ്റ് ചെയ്തു. ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കുഴല്‍പ്പണം പിടിച്ചത്.

അഞ്ച് ദിവസം മുമ്പും മഞ്ചേശ്വരം ചെക്ക് പോസ്റ്റില്‍ കുഴല്‍പ്പണം പിടിച്ചെടുത്തിരുന്നു. 30 ലക്ഷം രൂപയാണ് മഹാരാഷ്ട്ര സ്വദേശി യശ്ദീപില്‍ നിന്ന് അന്ന് പിടികൂടിയത്. കര്‍ണാടകത്തില്‍ നിന്ന് പൊതുഗതാഗത മാര്‍ഗം ഉപയോഗിച്ച് വ്യാപകമായി ഇത്തരത്തില്‍ കുഴല്‍പ്പണം കടത്തുന്നുണ്ട്. സ്വര്‍ണ്ണ ഇടപാടുമായി ബന്ധപ്പെട്ട പണമാണ് ഇങ്ങനെ രേഖകളില്ലാതെ കടത്തുന്നതെന്നാണ് പ്രാഥമിക നിഗമനം. തുടർ അന്വേഷണത്തിനായി കേസ് പൊലീസിന് കൈമാറിയിരിക്കുകയാണ്.

Related Articles

Latest Articles