Thursday, April 25, 2024
spot_img

‘മന്ത്ര’യ്ക്ക് വർണാഭമായ തുടക്കം ; മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കന്‍ ഹിന്ദൂസിന്റെ ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ 2023 ജൂലൈയില്‍

ഹൂസ്റ്റണ്‍: മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കന്‍ ഹിന്ദൂസിന്റെ ‘മന്ത്ര’ ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ 2023 ജൂലൈയില്‍ നടക്കും. സംഘടനാ നേതാക്കൾ തന്നെയാണ് ഇക്കാര്യം പത്രസമ്മേളനത്തിലൂടെ അറിയിച്ചത്. പുതുതായി രൂപംകൊണ്ട ‘മന്ത്ര’യുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുയായിരുന്നു നേതാക്കള്‍.

അമേരിക്കയിൽ ഷുഗര്‍ലാണ്ട് ഹൂസ്റ്റണ്‍ മാരിയറ്റ് ഹോട്ടലില്‍ ‘മന്ത്ര’യുടെ ഔപചാരിക ഉദ്‌ഘാടനത്തിനു മുമ്പായിട്ടായിരുന്നു പത്ര സമ്മേളനം നടന്നത്.

പത്രസമ്മേളനത്തില്‍ സംഘടനയുടെ സ്ഥാപക നേതാവും ട്രസ്റ്റി ബോര്‍ഡ് ചെയറുമായ ശശിധരന്‍ നായര്‍ (ഹൂസ്റ്റണ്‍) പ്രസിഡന്റ്‌റ് ഹരി ശിവരാമന്‍ (ഹൂസ്റ്റണ്‍), പ്രസിഡണ്ട് ഇലെക്ട് ജയചന്ദ്രന്‍ (ഷിക്കാഗോ), സെക്രട്ടറി അജിത് നായര്‍ (ഹൂസ്റ്റണ്‍), ട്രഷറര്‍ രാജു പിള്ള (ഡാളസ്) എന്നിവര്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കി.

പത്രസമ്മേളനത്തില്‍ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയെ പ്രതി നിധീകരിച്ചു ജോര്‍ജ് തെക്കേമല (ഏഷ്യാനെറ്റ്) മോട്ടി മാത്യൂ (കൈരളി ടിവി), ജീമോന്‍ റാന്നി (ഫ്രീലാന്‍സ് റിപ്പോര്‍ട്ടര്‍) എന്നിവര്‍ പങ്കെടുത്തു. റെനി കവലയില്‍ (ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ്) അനഘ വാര്യര്‍ ( ജനം ടിവി അമേരിക്ക), സുബിന്‍ ബാലകൃഷ്ണന്‍ (ജനം ടിവി , ഹൂസ്റ്റണ്‍) കൃഷ്ണജ കുറുപ്പ് ( ജനം ടീവി , ഹൂസ്റ്റണ്‍) രഞ്ജിത്ത് നായര്‍ (ധര്‍മഭൂമി ഓണ്‍ലൈന്‍), പ്രകാശ് വിശ്വംഭരന്‍ (ഏഷ്യാനെറ്റ്) തുടങ്ങിയവരും പങ്കെടുത്തു.

അതേസമയം ഹൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രം മേല്‍ശാന്തി സൂരജ് മങ്ങത്തായ തിരുമേനി നിലവിളക്ക് കൊളുത്തി ‘മന്ത്ര’യുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കോഴിക്കോട് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി തിരുവടികള്‍ ‘സൂമില്‍’ കൂടി ആശംസകള്‍ അറിയിച്ചു.

തുടര്‍ന്ന് കലാശ്രീ ഡോ. സുനന്ദ നായരുടെ പ്രത്യേക നൃത്താവിഷ്കാരം നടന്നു, ലക്ഷ്മി പീറ്ററും സംഘവും ജുഗല്‍ ബന്ദി പെര്‍ഫോമന്‍സ് നടത്തി, ഷൈജ ആന്‍ഡ് ടീം അവതരിപ്പിച്ച നൃത്തം, വിദു, അഖില തുടങ്ങിയവര്‍ അവതരിപ്പിച്ച ലൈവ് മ്യൂസിക്ക് പെര്‍ഫോര്‍മന്‍സുകള്‍ തുടങ്ങിയവ കലാപരിപാടികള്‍ക്ക് കൂടുതൽ ഭംഗി നൽകി. രഞ്ജിത്ത് നായര്‍ എംസിയായി പരിപാടികള്‍ നിയന്ത്രിച്ചു. സുനില്‍ മേനോന്‍ പരിപാടികളുടെ കോര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചു.

‘യുഎസിൽ പ്രവാസി സമൂഹത്തിന്റെ ഇടയില്‍ ഹൈന്ദവ ദര്‍ശനങ്ങളുടെയും സനാതന ധര്‍മ്മത്തിന്റെയും ആര്‍ഷ ഭാരത സംസ്‌കാരത്തിന്റെയും ആശയപ്രചാരണത്തിനും വൈവിധ്യമാര്‍ന്ന സേവന കര്‍മ്മ പരിപാടികളുടെ ആവിഷ്‌ക്കരണത്തിനുമായി എന്നും നിലകൊള്ളു’മെന്ന് മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കന്‍ ഹിന്ദൂസ് നേതാക്കള്‍ അറിയിച്ചു.

2023 ജൂലൈ 1 മുതല്‍ 4 വരെ ഗ്ലോബല്‍ ഹിന്ദു കണ്‍വെന്‍ഷന്‍ ഹൂസ്റ്റണില്‍ വച്ച് നടത്തും. കണ്‍വെന്‍ഷന്‍ ചെയറായി സുനില്‍ മേനോനെയും (ഹൂസ്റ്റണ്‍) മറ്റ് കണ്‍വെന്‍ഷന്‍ ഭാരവാഹികളെയും തിരഞ്ഞെടുത്തു

Related Articles

Latest Articles