Wednesday, May 29, 2024
spot_img

കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണം; ഉണ്ടായത് കടുത്ത നിയമലംഘനം; മർക്കസ് നോളജ് സിറ്റിയിലെ തകർന്നു വീണ കെട്ടിടം നിലനിന്നത് തോട്ടഭൂമിയിലെന്ന് കണ്ടെത്തൽ

കോഴിക്കോട്: മര്‍ക്കസ് നോളജ് സിറ്റിയിലെ തകർന്നു വീണ കെട്ടിടം (Markaz Knowledge City Building Crash) നിർമ്മിച്ചത് തോട്ടഭൂമിയിലെന്ന് കണ്ടെത്തൽ. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നിർമ്മാണത്തിനിടെ തകർന്നുവീണ കെട്ടിടം തോട്ടഭൂമിയിൽ ആണെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്. കോടഞ്ചേരി വില്ലേജിൽ നിന്ന് കമ്പനി ഉടമകൾക്ക് നൽകിയ കൈവശ സർട്ടിഫിക്കറ്റിൽ സ്ഥലം തോട്ടഭൂമി ആണെന്ന് വ്യക്തമാണ്. അതേസമയം ഇതുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള നിയമലംഘനങ്ങൾ ആണ് നടന്നിട്ടുള്ളതെന്നും, കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നും സമൂഹമാധ്യമങ്ങളിലുൾപ്പെടെ ആവശ്യം ഉയരുണ്ട്.

നോളജ് സിറ്റിയിലെ ഡിജിറ്റൽ ബ്രിഡ്ജ് ഇന്റർനാഷണൽ എന്ന കമ്പനി കെട്ടിടം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് നൽകിയ അപേക്ഷയിൽ കോടഞ്ചേരി വില്ലേജ് നൽകിയ കൈവശാവകാശ രേഖയിൽ ഈ കാര്യം വ്യക്തമാണ്. അതോടൊപ്പം തന്നെ സ്ഥലം ഭൂപരിഷ്കരണ നിയമത്തിലെ സെക്ഷൻ 81 പ്രകാരം ഇളവ് അനുവദിച്ച ഭൂമിയാണെന്ന് കൈവശാവകാശ സർട്ടിഫിക്കറ്റിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് നിർമ്മാണ ആവശ്യത്തിന് ഉപയോഗിക്കാൻ അനുവദനീയം അല്ലാത്ത ഭൂമിയാണെന്ന് രേഖയിൽ വ്യക്തമാണ്.

പക്ഷെ കമ്പനി നിർമ്മാണത്തിൽ നിന്ന് പിന്മാറിയില്ല. ഇവർ പഞ്ചായത്തിനെ സമീപിച്ചു. ഭൂപരിഷ്കരണ നിയമപ്രകാരം ഇളവ് അനുവദിച്ച തോട്ടഭൂമി എന്ന് രേഖപെടുത്തിയിരിക്കുന്നതിനാൽ, നിർമ്മാണാനുമതി നൽകാൻ കഴിയുമോ എന്നത് സംബന്ധിച്ച് റവന്യു അധികാരികളിൽ നിന്ന് രേഖ ഹാജരാകേണ്ടതാണെന്ന് അപേക്ഷ പരിശോധിച്ച കോടഞ്ചേരി പഞ്ചായത്ത് സെക്രട്ടറി മറുപടിയും നൽകിയിരുന്നു.

എന്നാൽ അത്തരത്തിൽ ഒരു രേഖ ലഭിക്കില്ലെന്ന് ബോധ്യമുള്ള കമ്പനി അനുമതി ഇല്ലാതെ തന്നെ നിർമ്മാണം തുടങ്ങുകയായിരുന്നു. കെട്ടിടനിർമ്മാണം രണ്ടാം നിലയിൽ എത്തിയപ്പോൾ ഒരു ഭാഗം തകർന്നുവീണു. തുടർന്ന് പഞ്ചായത്ത് സ്റ്റോപ്പ് മെമോ നൽകിയിരിക്കുകയാണ്. കോടഞ്ചേരി വില്ലേജിലെ തോട്ടഭൂമി ക്രമക്കേട് സ്ഥിരീകരിച്ചുകൊണ്ട് ലാൻഡ് ബോർഡ് സെക്രട്ടറിക്ക് വില്ലേജ് ഓഫീസർ നൽകിയ കത്തും പുറത്ത് വന്നിരിക്കുകയാണ്. കോടഞ്ചേരി വില്ലേജിൽ വെഞ്ചേരി റബ്ബർ എസ്റ്റേറ്റിന്റെ പേരിൽ കാണിക്കുന്ന ആധാരങ്ങളിൽ, നോളജ് സിറ്റി എന്ന് അറിയപ്പെടുന്ന സ്ഥലത്ത് വ്യത്യസ്‌ത വ്യക്തികളുടെയും കമ്പനികളുടെയും പേരിൽ ഹോട്ടലുകൾ, മെഡിക്കൽ കോളേജ്, സ്‌കൂളുകൾ, ഫ്ലാറ്റുകൾ, കൺവെൻഷൻ സെന്ററുകൾ എന്നീ കെട്ടിടങ്ങൾ നിർമ്മിക്കപ്പെട്ടിട്ടുണ്ടെന്നും, ആവശ്യമായ രേഖകൾ ലഭ്യമല്ലാത്തതിനാൽ തോട്ടഭൂമി തരംമാറ്റിയതുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കാൻ നിർവ്വാഹമില്ലെന്നും വില്ലേജ് ഓഫീസറുടെ കത്തിൽ പറയുന്നത്.

Related Articles

Latest Articles