അമേഠി: അമേഠിയില്‍ സ്മൃതി ഇറാനിയുടെ മുഖ്യ തെരഞ്ഞെടുപ്പ് പ്രചാരകനായിരുന്ന സുരേന്ദ്രന്‍ സിംഗ് കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. വാസിം എന്നയാളാണ് അറസ്റ്റിലായത്. പൊലീസുമായി നടത്തിയ ഏറ്റുമുട്ടലിനൊടുവിലാണ് ഇയാള്‍ അറസ്റ്റിലായത്. ഇയാളുടെ കാലില്‍ വെടിയുണ്ട തുളഞ്ഞുകയറി. നിലവില്‍ ജാമോയിലുള്ള സിഎച്ച്സി ആശുപത്രിയില്‍ ചികിത്സയിലാണ് വാസിം.
ജാമോ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍വെച്ചാണ് പൊലീസുമായി വാസിം ഏറ്റുമുട്ടിയത്. പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന. സെക്യൂരിറ്റി സേന ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. പ്രതിയെ കാണാന്‍ ആരെയും അനുവദിക്കില്ലെന്ന് അസിസ്റ്റന്റ് സുപ്പീരിയന്‍ഡന്റ് ഓഫ് പൊലീസ് ദയ രാം പറഞ്ഞതായി ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സുരേന്ദ്രന്‍ സിംഗിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു. ഇവരെ ജയിലിലേക്ക് മാറ്റി. വ്യക്തിപരമായ പ്രശ്നങ്ങളാണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.
കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് സുരേന്ദ്രന്‍ സിംഗ് കൊല്ലപ്പെടുന്നത്. സുരേന്ദ്രന്‍ സിംഗിന്റെ വീട്ടിലെത്തിയ ആക്രമികള്‍ അദ്ദേഹത്തിന്റെ നേരെ നിറയൊഴിക്കുകയായിരുന്നു. ഉടന്‍ തന്നെ ലക്നൗവിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സ്മൃതിക്ക് വേണ്ടി മികച്ച പ്രകടനമാണ് സുരേന്ദ്രന്‍ സിംഗ് കാഴ്ചവച്ചിരുന്നത്. തന്റെ പ്രസംഗങ്ങളില്‍ സ്മൃതി ഇക്കാര്യം ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.

