Friday, October 2, 2026

ഡോക്ടർക്ക് വിവാഹ വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടി ! മുഖ്യപ്രതി ഇർഷാന അറസ്റ്റിൽ

വിവാഹ മോചിതനായ ഡോക്ടർക്ക് വിവാഹ വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ സംഘത്തിലെ മുഖ്യപ്രതി പിടിയിൽ. കാസർഗോഡ് നീലേശ്വരം പുത്തൂർ സ്വദേശിനി ഇർഷാനയാണ് അറസ്റ്റിലായത്. നടക്കാവ് പോലീസിന്റേതാണ് നടപടി.സർക്കാർ സർവീസിൽ നിന്നും റിട്ടയർ ചെയ്ത തിരുവനന്തപുരം സ്വദേശിയായ ഡോക്ടറാണ് തട്ടിപ്പിനിരയായത്. 5 ലക്ഷത്തിലധികം രൂപയും രണ്ടു പവന്റെ സ്വർണാഭരണവുമാണ് ഡോക്ടർക്ക് നഷ്ടമായത്. ഡോക്ടറുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത നടക്കാവ് പോലീസ് കാസർഗോഡ് വച്ചാണ് ഇർഷാനയെ കസ്റ്റഡിയിൽ എടുത്തത്. കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു

പരാതിക്കാരനുമായി സൗഹൃദം സ്ഥാപിച്ച പ്രതികൾ ഡോക്ടർ നിയമപരമായി വിവാഹ ബന്ധം വേർപെടുത്തിയ ആളാണെന്ന് മനസിലാക്കിയതോടെ ഇർഷാനയുമായി വിവാഹം ഉറപ്പിക്കുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 8 ന് കോഴിക്കോട്ട് എത്തിയ ഡോക്ടറെ ഇർഷാനയുടെ സഹോദരനെന്ന് പരിചയപ്പെടുത്തിയ പ്രതികളിൽ ഒരാൾ നിക്കാഹ് ചെയ്തു നൽകി.

പിന്നാലെ ഒന്നിച്ച് താമസിക്കാനായി വീട് പണയത്തിന് എടുക്കാൻ പ്രതികൾ പരാതിക്കാരനെ കൊണ്ട് അഞ്ച് ലക്ഷം രൂപ ഇർഷാനയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യിച്ചു. പണയത്തിന് എടുത്ത വീട് കാണാമെന്ന് പറഞ്ഞ പരാതിക്കാരനെയും കൂട്ടി പിറ്റേന്ന് നടക്കാവിൽ എത്തി. മീൻ മാർക്കറ്റിന് സമീപമുള്ള പള്ളിയിൽ നിസ്കരിക്കാൻ പോയ സംഘം ഡോക്ടറെ ഉപേക്ഷിച്ച് മുങ്ങി. ശേഷം കാറിൽ സൂക്ഷിച്ചിരുന്ന പരാതിക്കാരന്റെ മൊബൈൽ ഫോൺ, ടാബ് തുടങ്ങിയവയും പ്രതികൾ കവർന്നെടുത്തു.

Related Articles

Latest Articles