തിരുവനന്തപുരം : മാസപ്പടിക്കേസിൽ വീണാ വിജയന് വീണ്ടും ഇഡി സമൻസ്. ഈ മാസം 29-ന് കൊച്ചിയിലെ ഇഡി ഓഫീസിൽ ചോദ്യം ചെയ്യലിനായി ഹാജരാകാനാണ് നിർദ്ദേശം. സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര ഏജൻസിയുടെ ഈ നീക്കം.
അതേസമയം, കേസുമായി ബന്ധപ്പെട്ട് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ) ശേഖരിച്ച നിർണായക രേഖകൾ ഇനിയും ഇഡിക്ക് ലഭ്യമായിട്ടില്ലെന്നാണ് വിവരം. എസ്എഫ്ഐഒയുടെ പക്കലുള്ള രേഖകൾ കൈമാറാൻ കോടതി അനുവദിച്ച പത്തു ദിവസത്തെ സമയപരിധി കഴിഞ്ഞ ബുധനാഴ്ച അവസാനിച്ചിരുന്നു. കേസ് ഡയറി ഉൾപ്പെടെയുള്ള 134 സുപ്രധാന രേഖകളാണ് ഇഡിക്ക് ലഭിക്കേണ്ടത്. ഈ സാഹചര്യത്തിൽ രേഖകൾ എത്രയും വേഗം കൈപ്പറ്റുന്നതിനായി എസ്എഫ്ഐഒ അന്വേഷണ സംഘവുമായി ഇഡി ഉദ്യോഗസ്ഥർ നേരിട്ട് ചർച്ച നടത്തും. ഈ രേഖകൾ വിശകലനം ചെയ്ത ശേഷമായിരിക്കും വീണയെ ചോദ്യം ചെയ്യുന്നതിലേക്ക് ഇഡി കടക്കുക.
അനധികൃതമായി സമ്പാദിച്ച സ്വത്തുക്കൾ താൽക്കാലികമായി കണ്ടുകെട്ടുന്നതിനുള്ള കടുത്ത നടപടികളിലേക്കാണ് ഇഡി ഇപ്പോൾ നീങ്ങുന്നത്. ഇതിന്റെ ഭാഗമായി വിവിധ ബാങ്കുകളിലായി പ്രവർത്തിച്ചിരുന്ന 242 അക്കൗണ്ടുകളിലെ 18 കോടി രൂപ ഇഡി നേരത്തെ മരവിപ്പിച്ചിരുന്നു. ഇതിൽ വീണാ വിജയന്റെ വ്യക്തിപരമായ രണ്ട് ബാങ്ക് അക്കൗണ്ടുകളും എക്സാലോജിക് കമ്പനിയുടെ ഒരു അക്കൗണ്ടും ഉൾപ്പെടുന്നുണ്ട്. ഈ അക്കൗണ്ടുകളിലേക്ക് സിഎംആർഎൽ കമ്പനിയിൽ നിന്നും എത്തിയ പണത്തിന്റെ കൃത്യമായ ഉറവിടവും അതിനായി നടത്തിയ സേവനങ്ങളും സംബന്ധിച്ച തെളിവുകൾ സമാഹരിക്കാനാണ് ഇഡി നിലവിൽ ശ്രമിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ എച്ച്ഡിഎഫ്സി ബാങ്ക് ശാഖയിലുള്ള വീണാ വിജയന്റെ ബാങ്ക് ലോക്കർ കഴിഞ്ഞ ദിവസം ഇഡി പരിശോധിച്ചിരുന്നു. സിഎംആർഎല്ലുമായുള്ള പണമിടപാടുകളെക്കുറിച്ചുള്ള എന്തെങ്കിലും രേഖകൾ അന്വേഷണ ഏജൻസികളിൽ നിന്ന് മറച്ചുവെച്ചിട്ടുണ്ടോ എന്ന് കണ്ടെത്താനായിരുന്നു ഈ അടിയന്തര പരിശോധന. എന്നാൽ ഈ ലോക്കർ പരിശോധനയിൽ സിഎംആർഎൽ ഇടപാടുമായി ബന്ധപ്പെട്ട സുപ്രധാന രേഖകളോ തെളിവുകളോ ഒന്നും തന്നെ കണ്ടെത്താനായിട്ടില്ലെന്നാണ് പുറത്തുവരുന്ന സൂചനകൾ. ഇതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി പുതിയ സമൻസ് നൽകിയിരിക്കുന്നത്.

