Friday, October 30, 2026

മാസപ്പടി കേസ്: വീണ നേരിട്ട് തന്നെ ഹാജരാകണം! അഭിഭാഷകർ വഴി രേഖകൾ നൽകാനുള്ള നീക്കം തള്ളി ഇഡി; പുതിയ സമൻസിന് സാധ്യത

കൊച്ചി : മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി.) മുന്നിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണ ഇന്ന് ഹാജരായില്ലെങ്കിൽ പുതിയ സമൻസ് ഉടൻ നൽകുമെന്ന് വിവരം . ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ ഇന്ന് ഹാജരാകാൻ കഴിയില്ലെന്ന് ഇ-മെയിൽ വഴി ഇ.ഡി അധികൃതരെ വീണ അറിയിക്കുകയായിരുന്നു. ആവശ്യപ്പെട്ട രേഖകൾ അഭിഭാഷകർ വഴി സമർപ്പിക്കാമെന്നായിരുന്നു വീണയുടെ അപേക്ഷ. എന്നാൽ രേഖകൾ അഭിഭാഷകർ വഴി നൽകാനുള്ള ഈ നീക്കം ഇ.ഡി പൂർണ്ണമായും തള്ളി.
കേസുമായി ബന്ധപ്പെട്ട് വീണ നേരിട്ട് തന്നെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന ഉറച്ച നിലപാടിലാണ് അന്വേഷണസംഘം. ആരോഗ്യപരമായ കാരണങ്ങളാൽ ഇന്ന് ഹാജരാകാത്ത പശ്ചാത്തലത്തിൽ ഇ.ഡി വീണയ്ക്ക് ഉടൻ തന്നെ പുതിയ സമൻസ് അയക്കുമെന്നാണ് സൂചന. വീണയെ നേരിട്ട് ചോദ്യം ചെയ്തതിന് ശേഷമേ സി.എം.ആർ.എൽ അധികൃതരെ ചോദ്യം ചെയ്യുന്നതുൾപ്പെടെയുള്ള അടുത്ത ഘട്ടങ്ങളിലേക്ക് കടക്കാൻ ഇ.ഡി ഉദ്ദേശിക്കുന്നുള്ളൂ.
കരിമണൽ കമ്പനിയായ സി.എം.ആർ.എല്ലിൽ നിന്ന് എന്ത് അടിസ്ഥാനത്തിലാണ് പണം കൈപ്പറ്റിയതെന്ന് വ്യക്തമാക്കുന്ന കൃത്യമായ രേഖകൾ സഹിതം ഹാജരാകാനാണ് ഇ.ഡി ആവശ്യപ്പെട്ടിരിക്കുന്നത്. ഇല്ലാത്ത സേവനങ്ങളുടെ പേരിൽ വ്യാജ ചെലവുകൾ കാണിച്ച് സി.എം.ആർ.എല്ലുമായി ബന്ധപ്പെട്ട് 132 കോടിയിലധികം രൂപയുടെ സാമ്പത്തിക ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നാണ് എസ്.എഫ്.ഐ.ഒ (SFIO) കണ്ടെത്തിയിട്ടുള്ളത്. ഇതിൽ 2016 മുതൽ 2021 വരെയുള്ള കാലയളവിൽ വീണയ്ക്ക് 2.78 കോടി രൂപ ലഭിച്ചതായും എംപവർ ഇന്ത്യ ക്യാപിറ്റലിൽ നിന്ന് 50 ലക്ഷം രൂപ വായ്പ ലഭിച്ചതായും അന്വേഷണസംഘം വ്യക്തമാക്കുന്നു. എക്സാലോജിക്കും കരിമണൽ കമ്പനിയും തമ്മിലുള്ള എല്ലാ ഇടപാടുകളുടെയും രേഖകൾ ഇ.ഡി.ക്ക് കൈമാറാൻ നേരത്തെ കോടതിയും നിർദ്ദേശിച്ചിരുന്നു. നിലവിൽ ഈ കേസുമായി ബന്ധപ്പെട്ട് 12 ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ 242 അക്കൗണ്ടുകളിലായി 18 കോടിയിലേറെ രൂപ ഇ.ഡി മരവിപ്പിച്ചിട്ടുണ്ട്.

Related Articles

Latest Articles