Tuesday, May 7, 2024
spot_img

ഗണേഷ് കുമാറിൻ്റെ സത്യപ്രതിജ്ഞയ്ക്ക് മുമ്പ് മോട്ടോർ വാഹന വകുപ്പിൽ കൂട്ട സ്ഥലംമാറ്റം, പിന്നാലെ മന്ത്രി ഇടപെട്ട് ഉത്തരവ് മരവിപ്പിച്ചു

തിരുവനന്തപുരം: നിയുക്ത മന്ത്രി കെ.ബി. ഗണേഷ് കുമാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പ് മോട്ടോർ വാഹന വകുപ്പിൽ കൂട്ട സ്ഥലം മാറ്റം. പിന്നാലെ, സത്യപ്രതിജ്ഞയ്ക്ക് ശേഷം മന്ത്രി ഇടപെട്ട് ട്രാൻസ്പോട്ട് കമ്മീഷണർ എസ്. ശ്രീജിത്ത് ഇറക്കിയ സ്ഥലം മാറ്റ ഉത്തരവ് മരവിപ്പിച്ചു. 57 പേര്‍ക്ക് ആണ് സ്ഥലം മാറ്റം. ഇതിനൊപ്പം 18 ആര്‍.ടി.ഒമാര്‍ക്ക് സ്ഥാനക്കയറ്റത്തോടെയുള്ള സ്ഥലം മാറ്റവും നല്‍കി ഉത്തരവിറക്കിയിരുന്നു.

മന്ത്രി കെ.ബി. ഗണേശ് കുമാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന് അര മണിക്കൂർ മുമ്പാണ് ട്രാൻസ്‌പോർട്ട് കമ്മീഷണർ എസ്. ശ്രീജിത്ത് സ്ഥലംമാറ്റ ഉത്തരവ് പുറത്തിറക്കിയത്. സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ മന്ത്രി ഇടപെട്ടു. ഉത്തരവ് മരവിപ്പിക്കാൻ ഉടൻ നിർദേശവും നൽകി. നേരത്തേ ആൻ്റണി രാജു മന്ത്രിയായിരുന്നപ്പോൾ മോട്ടോർ വാഹനവകുപ്പ് സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് വിവാദമുണ്ടാക്കിയിരുന്നു. വിചിത്രമായ മാനദണ്ഡങ്ങളോടെ അസിസ്റ്റൻ്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ സ്ഥലം മാറ്റ ഉത്തരവ് പുറത്തിറങ്ങി. ഇത് ചോദ്യംചെയ്ത് ചില ഉദ്യോഗസ്ഥര്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. ഇതോടെയാണ് ഉത്തരവ് മരവിപ്പിച്ചത്.

പിന്നീട് ഇറക്കിയ സ്ഥലംമാറ്റ ഉത്തരവിൽ നിന്ന് ചില ഉദ്യോഗസ്ഥരെ ഒഴിവാക്കിയിരുന്നു. ചില ഉദ്യോഗസ്ഥർക്ക് അന്ന് ദൂരേയ്‌ക്ക് സ്ഥലം മാറി പോകേണ്ടി വന്നു. അവർക്ക് കൂടെ താൽപ്പര്യമുള്ള ഇടങ്ങളിലേയ്‌ക്ക് സ്ഥലം മാറ്റിയുള്ള ഉത്തരവായിരുന്നു വെള്ളിയാഴ്ച പുറത്തിറക്കിയത്.

Related Articles

Latest Articles