Monday, April 29, 2024
spot_img

നൊണ്‍ വെജ് ഇനി പൊള്ളും; മീനിനും ചിക്കനും മുട്ടയ്ക്കും വില കുതിക്കും

രാജ്യത്ത് മുട്ട,മാംസം,മീന്‍ വില ഉടന്‍ വര്‍ധിക്കും.ഉത്സവസീസണില്‍ വില കുതിച്ചുയരും. ജനുവരി മാസം വരെ വില വര്‍ധനവുണ്ടാകുമെന്നാണ് വിവരം. കോവിഡിനെ തുടര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടതും വിതരണശ്യംഖല തളര്‍ന്നതുമാണ് വില വര്‍ധനവിലേക്ക് നയിക്കുന്നത്. ഇത്തരം പ്രശ്‌നങ്ങളൊക്കെ മുട്ട,ഇറച്ചി,മീന്‍ വ്യാപാരങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ മാസവും കിലോയ്ക്ക ഇറച്ചിക്കോഴിയുടെ വില നാല്‍പത് രൂപയാണ് വര്‍ധിച്ചത്.

ലോക്ക്ഡൗണിനു മുമ്പ് ഇറച്ചിക്കോഴികളുടെ ഫാം വില 90 രൂപയില്‍ താഴെയായിരുന്നു. കര്‍ഷകരുടെ ചെലവ് 70 രൂപയും. എന്നാല്‍ തീറ്റയുടെ വില വര്‍ധിച്ചതോടെ ചെലവ് 110 ലേക്ക് ഉയര്‍ന്നു. കോവിഡ് കാലത്ത് ഉല്‍പ്പാദന ചെലവ് വര്‍ധിച്ചതിനെ തുടര്‍ന്ന് ഫാം വില നിലവില്‍ 125 രൂപയാണ്.കഴിഞ്ഞ മാസങ്ങളിലെ നഷ്ടം നികത്താന്‍ ഈ വില കുറച്ചു മാസങ്ങള്‍ കൂടി തുടരേണ്ടിവരുമെന്നാണു റിപ്പോര്‍ട്ട്. ഉത്സവകാലമെത്തുന്നതോടെ വിലയില്‍ ഇനിയും വര്‍ധനവുണ്ടാകും. കോവിഡ് കാലത്ത് പ്രതിരോധശേഷിക്കും ആരോഗ്യത്തിനുമായി മാംസവും മീനും മുട്ടയും അധികം കഴിക്കാന്‍ ഡോക്ടര്‍മാര്‍ നിദേശിക്കുന്നുണ്ട്. ഇതോടെ മിക്ക ഇടങ്ങളിലും മുട്ടയുടെ ഉപയോഗം വര്‍ധിച്ചിട്ടുണ്ട്.

ഉത്സവസീസണില്‍ പൊതുവേ മുട്ട, മീന്‍, മാംസം എന്നിവയുടെ വില വര്‍ധിക്കാറുണ്ട്. ഉല്‍പ്പാദനം കുറഞ്ഞിരിക്കേ ഇത്തവണ വില കുതിക്കുമെന്നാണു വിലയിരുത്തല്‍. നേരത്തേ വില നിയന്ത്രിക്കുന്നതിനായി സര്‍ക്കാര്‍ ഇടപെടലുകള്‍ വിപണികളില്‍ സാധ്യമായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇത്തരം ഇടപെടലുകള്‍ ഉണ്ടാകുന്നില്ലെന്നും വ്യാപാരികള്‍ വ്യക്തമാക്കി

Related Articles

Latest Articles