Wednesday, May 8, 2024
spot_img

തിരുവനന്തപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് മെഡിക്കൽ വിദ്യാർത്ഥി മരിച്ച സംഭവം: കാറിൽ നിന്ന് മദ്യക്കുപ്പികൾ കണ്ടെടുത്തു

തിരുവനന്തപുരം: കഴക്കൂട്ടം – വെഞ്ഞാറമൂട് ബൈപ്പാസില്‍ കാറും ബൈക്കും കുട്ടിയിടിച്ച് മെഡിക്കൽ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ അപകടത്തിനിടയാക്കിയ കാറിൽ നിന്ന് മദ്യക്കുപ്പികൾ കണ്ടെടുത്തതായി പോലീസ്. കോതമംഗലം ചെറുവാറ്റൂര്‍ ചിറയ്ക്കല്‍ ഹൗസില്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ എയര്‍ ഇന്ത്യ എന്‍ജിനീയറിങ്ങില്‍ മാനേജറായ എന്‍. ഹരിയുടെയും അധ്യാപികയായ ലുലു കെ. മേനോന്റെയും മകന്‍ നിതിന്‍ സി. ഹരി ആണ് അപകടത്തിൽ മരിച്ചത്.

ബൈക്കോടിച്ച സുഹൃത്തും സഹപാഠിയുമായ കൊല്ലം കൊട്ടാരക്കര സ്വദേശി പി.എസ്. വിഷ്​ണുവിനെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളജിലെ മൂന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥികളാണ്​ ഇരുവരും. വീട്ടിലേക്ക് പോകുന്ന നിതിനെ ബൈക്കില്‍ തമ്പാനൂർ റെയില്‍വേ സ്‌റ്റേഷനില്‍ കൊണ്ടുവിടാന്‍ പോകു​മ്പോഴാണ്​ അപകടം.

ഇന്ന് പുലർച്ച നാലുമണിയോടെയായിരുന്നു അപകടമുണ്ടായത്. കഴക്കൂട്ടം ഭാഗത്തുനിന്ന് അമിത വേഗതയിലെത്തിയ ഇന്നോവ കാര്‍ വെഞ്ഞാറമൂട് ഭാഗത്തുനിന്ന്​ തിരുവനന്തപുരത്തേക്ക് വന്ന ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതര പരിക്കേറ്റ നിതിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാറിലുണ്ടായിരുന്ന നാലുപേര്‍ക്ക് നിസ്സാര പരിക്കുണ്ട്. ഇവര്‍ മദ്യപിച്ചിരുന്നതായും കാറില്‍നിന്ന് മദ്യക്കുപ്പികളും ഗ്ലാസും കണ്ടെത്തിയതായും പോലീസ്​ വ്യക്തമാക്കി. കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

Related Articles

Latest Articles