Friday, May 17, 2024
spot_img

“സാധാരണക്കാരന്റെ അസാധാരണമായ വിജയം”; ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും ലാഭം നേടിയ ചിത്രമായി “മേപ്പടിയാൻ”; കളക്ഷൻ റിപ്പോർട്ട് പുറത്ത്

റെക്കോര്‍ഡ് കളക്ഷന്‍ നേടിയ കുടുംബ ചിത്രമായി മേപ്പടിയാൻ (Meppadiyan). മലയാളത്തിന്റെ യുവ താരം ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ സോളോ ഹിറ്റായി മാറിയിരിക്കുകയാണ് ഈ വർഷം റിലീസ് ചെയ്ത മേപ്പടിയാൻ എന്ന ചിത്രം. ചിത്രത്തിന്റെ കളക്ഷൻ റിപ്പോർട്ട് ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. വമ്പൻ ലാഭമാണ് ഈ ചിത്രം ഒരു നിർമ്മാതാവ് എന്ന നിലയിൽ ഉണ്ണി മുകുന്ദന് നേടിക്കൊടുത്തത്. കേരളത്തിൽ നിന്ന് അഞ്ചുകോടി പത്തുലക്ഷം രൂപ ഗ്രോസ് നേടിയ ഈ ചിത്രം ഗൾഫിൽ നിന്നും നേടിയത് ഒരു കോടി അറുപത്തിയഞ്ച് ലക്ഷമാണ്. അങ്ങനെ കേരളവും ഗൾഫും ചേർത്ത് മേപ്പടിയാൻ നേടിയത് ആറു കോടി എഴുപത്തിയഞ്ച് ലക്ഷം രൂപയാണ്.

ഈ ചിത്രം ആകെ നടത്തിയ ബിസിനസ് ഇങ്ങനെ, കേരളാ തീയേറ്റർ ഷെയർ രണ്ടു കോടി നാൽപ്പതു ലക്ഷം, ഗൾഫ് റൈറ്റ്സ് അമ്പതു ലക്ഷം, സാറ്റലൈറ്റ് റൈറ്റ്സ് രണ്ടര കോടി, ഒറ്റിറ്റി റൈറ്റ്സ് ഒന്നര കോടി, ഓഡിയോ റൈറ്റ്സ് പന്ത്രണ്ടു ലക്ഷം, നാലു ഭാഷകളിലേക്കുള്ള ഡബ്ബിങ് / റീമേക് റൈറ്റ്സ് രണ്ടു കോടി. അങ്ങനെ ആകെ മൊത്തം ഒൻപതു കോടി രണ്ടു ലക്ഷം രൂപയുടെ നേട്ടമാണ് ഈ ചിത്രം ഉണ്ടാക്കിയത്. അഞ്ചു കോടി അമ്പതു ലക്ഷം രൂപയാണ് പ്രിന്റും പബ്ലിസിറ്റിയുമടക്കം ഈ ചിത്രത്തിന് വേണ്ടി ചിലവാക്കിയ തുക. അത്കൊണ്ട് തന്നെ മൂന്നര കോടി രൂപയുടെ ലാഭം ആണ് ഈ ചിത്രം നിർമ്മാതാവിന് നേടിക്കൊടുത്തത്.

അതേസമയം നവാഗത സംവിധായകന്‍ വിഷ്ണു മോഹന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഈ ചിത്രം ഉണ്ണി മുകുന്ദന്റെ നിര്‍മ്മാണ സംരഭമായ യുഎംഎഫിന്റെ ആദ്യ ചിത്രം കൂടിയാണ്. പ്രേക്ഷകരും നിരൂപകരും ഒരുപോലെ സ്വീകരിച്ച ഈ ചിത്രത്തിലെ ഉണ്ണി മുകുന്ദന്റെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ജയകൃഷ്ണൻ എന്ന സാധാരണക്കാരനായ കഥാപാത്രമായി കരിയർ ബെസ്റ്റ് പ്രകടനമാണ് ഈ നടൻ കാഴ്ച വെച്ചത്.

Related Articles

Latest Articles