Thursday, May 16, 2024
spot_img

ഓപ്പറേഷൻ പവനിലൂടെ കാക്ടസിലേക്കുള്ള ഇന്ത്യൻ യാത്ര

ശ്രീലങ്കൻ പ്രശ്നങ്ങളിലൂടെയുള്ള ഇന്ത്യയുടെ ചരിത്ര തുടർച്ചയാണ് നമ്മൾ പരിശോധിയ്ക്കുവാൻ തുടങ്ങുന്നത്. മറ്റു രാഷ്ട്രങ്ങളുടെ ആഭ്യന്തര പ്രശ്‍നങ്ങളിൽ ഇടപെടില്ലെന്നുള്ള നയത്തിന് അവധി നൽകിക്കൊണ്ട് ശ്രീലങ്കൻ സർക്കാരുമായുണ്ടാക്കിയ മുൻ കരാർ പ്രകാരം രാജീവ് ഗാന്ധി സർക്കാർ ഇന്ത്യൻ പട്ടാളത്തെ ശ്രീലങ്കയിലേക്ക് അയച്ചു. (ശ്രീലങ്കയിൽ അമേരിയ്ക്കൻ ഇടപെടൽ ഉണ്ടാവാതിരിയ്ക്കാനാണ് ഇത് ചെയ്തതെന്നും. അങ്ങനെ സംഭവിച്ചാൽ ഇന്ത്യയ്ക്ക് തൊട്ടടുത്ത് ഒരു മിലിട്ടറി ബേസ് അമേരിയ്ക്ക സൃഷ്ടിയ്ക്കുമായിരുന്നു എന്നും അഭിജ്ഞ വൃത്തങ്ങളിൽ നിന്നുമുള്ള വിവരങ്ങളുമുണ്ട്) ഇന്ത്യൻ സൈന്യത്തിൻ്റെ 4, 36, 54 ഡിവിഷനുകളിൽ നിന്നുള്ള പട്ടാളക്കാരെ നിയോഗിച്ച് ഇന്ത്യൻ പീസ് കീപ്പിംഗ് ഫോഴ്‌സ് (IPKF) രൂപീകരിച്ചു. 20,000 പട്ടാളക്കാർ അതിലുണ്ടായിരുന്നു. ശ്രീലങ്കയിലെ സമാധാനത്തിൻ്റെ സ്ഥാപനമായിരുന്നു IPKFൻ്റെ ഉദ്ദേശം. ലങ്കയുടെ വടക്കൻ പ്രവിശ്യകളിൽ നിന്ന് ശ്രീലങ്കൻ സൈന്യം പിന്മാറുന്ന മുറയ്ക്ക് പുലികളും മറ്റുള്ള ഭീകരസംഘടനകളും IPKFനു മുന്നിൽ ആയുധം വെച്ച് കീഴടങ്ങും എന്നും, പതുക്കെ ശ്രീലങ്കയിലെ സാഹചര്യം തിരികെ സമാധാനത്തിലേക്ക് എത്തിച്ചേരും എന്നുമായിരുന്നു കണക്കുകൂട്ടൽ.

അങ്ങനെ 1987 ഒക്ടോബർ 9ന് ഇന്ത്യൻ പട്ടാളം ശ്രീലങ്കയിൽ ഓപ്പറേഷൻ പവൻ ആരംഭിച്ചു. സംഗതി ആകെ കുഴഞ്ഞു മറിഞ്ഞു. ഇന്ത്യൻ സൈന്യവും ഇന്ത്യക്കാരായ തമിഴ് പുലികളുമായുള്ള ഏറ്റുമുട്ടലായി ഇത് പരിണമിച്ചു. (ഇന്ത്യയ്ക്കിട്ടൊരു പണി തരാനായി ശ്രീലങ്കൻ പട്ടാളം നടത്തിയ ചതിപ്രയോഗമായിരുന്നു ഇതെന്നും വിവക്ഷകളുണ്ട്) ഇന്ത്യൻ സൈന്യത്തിന് ഏറ്റവും അവമതിയും നാണക്കേടുമുണ്ടാക്കിയ സംഗതിയായിരുന്നു ഇത്. ശ്രീലങ്കൻ ഭൂമിശാസ്ത്രം പരിചയിച്ച തമിഴ് പുലികൾ പലപ്പോഴും ഇന്ത്യൻ സൈന്യത്തെ ആമ്പുഷ് (Ambush) ചെയ്തു. തമിഴ് പുലികളുടെ പോരാട്ടം ഗറില്ലാശൈലിയിലായിരുന്നു. പത്തു പന്ത്രണ്ടു വയസ്സുള്ള കുട്ടികൾ മുതൽ, ചെറുപ്പക്കാരികൾ വരെ, വളരെ സാധാരണമായ വസ്ത്രങ്ങൾക്കുള്ളിൽ അരയിൽ ബെൽറ്റ്‌ബോംബ് ധരിച്ചുകൊണ്ട് ചാവേറുകളായി ഇന്ത്യൻ സൈനികർക്കരികിൽ ചെന്ന് പൊട്ടിത്തെറിച്ചു കൊണ്ടിരുന്നു. ഇന്ത്യൻ സൈന്യം ആദ്യമായിട്ടായിരുന്നു അത്തരത്തിൽ ഒരു ‘അർബൻ ഗറില്ലാ’ യുദ്ധസാഹചര്യത്തിലേക്ക് എത്തുന്നത്. ഇങ്ങനെ സമാനതകളില്ലാത്ത ദുരന്തം നമ്മുടെ പട്ടാളം നേരിട്ടു.

തുടർന്ന് ഇന്ത്യൻ സൈന്യം രൂക്ഷമായി തിരിച്ചടി നടത്തി. ചുരുങ്ങിയത് 700 തമിഴ് പുലികളെയെങ്കിലും ഇന്ത്യൻ പട്ടാളം കൊന്നിട്ടുണ്ട്. 80ൽ അധികം തമിഴരെ തടവിലാക്കി. ഒക്ടോബർ 26ന് IPKFന് മുമ്പാകെ തമിഴ് പുലികൾ കീഴടങ്ങി. ഓരോ ദിവസവും ശരാശരി 3 കോടിരൂപയോളം ഇന്ത്യാ ഗവണ്മെണ്ടിന് ഈ സൈനിക നടപടിയ്ക്കായി ചിലവായിക്കൊണ്ടിരുന്നു. അക്കാലത്തെ 3 കോടിരൂപയുടെ മൂല്യം നാം ആലോചിയ്ക്കണം. 16 ദിവസങ്ങൾ നീണ്ട ഓപ്പറേഷൻ പവൻ അവസാനിച്ചപ്പോൾ 2 കേണൽമാർ, 15 ഓഫീസർമാർ, 197 സാധാരണ ഇന്ത്യൻ പട്ടാളക്കാർ എന്നിവർ ബലിദാനികളായി. എന്തിനു വേണ്ടി…?. കണക്കിൽ പെടാത്ത 36 പേരെ ഓപ്പറേഷനിടെ കാണാതെയുമായി. അവരും വധിക്കപ്പെട്ടിരുന്നു എന്നുവേണം കരുതാൻ. 700ലധികം IPKF സൈനികർക്ക് ആക്രമണത്തിനിടെ ഗുരുതരമായി പരിക്കേറ്റിരുന്നു.

ഈ സൈനിക നടപടിയുടെ വാർത്തകൾ ഇന്ത്യയിൽ രാഷ്ട്രീയ കോളിളക്കങ്ങൾ ഉണ്ടാക്കിക്കൊണ്ടിരുന്നു. തമിഴ്നാട് രാഷ്ട്രീയം ഇളകിമറിഞ്ഞു. കരുണാനിധിയുടെ നേതൃത്വത്തിൽ IPKFനെതിരായ പ്രതിഷേധ സ്വരങ്ങൾ ഉയർന്നു. രാഷ്ട്രീയ സമ്മർദ്ദങ്ങൾക്കൊടുവിൽ ഇന്ത്യ സൈന്യത്തെ പിൻവലിക്കുകയും ചെയ്തു. നെഹ്‌റു ചൈനയോട് സ്വീകരിച്ച ഹിമാലയൻ മണ്ടത്തരത്തിന് സൈന്യം വിലകൊടുക്കേണ്ടി വന്നതുപോലെ അദ്ദേഹത്തിൻ്റെ കൊച്ചുമകൻ രാജീവ് കാട്ടിയ അടുത്ത ഹിമാലയൻ മണ്ടത്തരത്തിനും ഇന്ത്യൻ പട്ടാളം വിലകൊടുക്കേണ്ടിവന്നു. സംഗതി അവിടെയും നിന്നില്ല. ഇത്തരത്തിൽ ഒരു ഓപ്പറേഷനു വേണ്ടി ശ്രീലങ്കയിലേക്ക് പട്ടാളത്തെ അയക്കാൻ തീരുമാനിച്ചതിൻ്റെ പേരിൽ രാജീവ് ഗാന്ധി, തമിഴ് പുലികളുടെ ഹിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടു.

ഇതേ സമയം തന്നെ പ്രാധാന്യമേറിയൊരു പുരോഗമനപരമായ ചുവടുവയ്‌പും രാജീവ് സർക്കാർ ചെയ്തു. അതായിരുന്നു നെഹ്‌റു യുവകേന്ദ്ര സംയോജനം. കുത്തഴിഞ്ഞു കിടന്നിരുന്ന നെഹ്‌റു യുവകേന്ദ്ര സംഘടനകളെ 1987-88 വർഷത്തിൽ കേന്ദ്രസർക്കാരിൻ്റെ യുവജനകാര്യ കായിക മന്ത്രാലയത്തിന് കീഴിൽ ഒരു സ്വയംഭരണ സ്ഥാപനമായി രൂപീകരിച്ചുകൊണ്ട് രാജീവ് സർക്കാർ നെഹ്‌റു യുവകേന്ദ്രയ്ക്ക് പുതുജീവൻ നൽകി. മാതൃകാപരമായ പ്രവർത്തനങ്ങളുമായി ഭാരതത്തിൽ ജനകീയ പ്രവർത്തനങ്ങളിലൂടെ നിലനിൽക്കുന്ന ഈ സംവിധാനത്തിൽ അഫിലിയേറ്റ് ചെയ്ത് പ്രവർത്തിയ്ക്കുന്ന യൂത്ത് ക്ലബ്ബ്കൾ ഇന്ത്യൻ യുവജനതയുടെ ആവേശമാണ്.

ഇതിനിടെ സിഖ് ഭീകരവാദം വീണ്ടും തലപൊക്കി. സുവർണ ക്ഷേത്രത്തിൽ അവർ വീണ്ടും തമ്പടിച്ചു. തുടർന്ന് പഞ്ചാബ് സ്റ്റേറ്റ് പോലീസ് ചീഫ് ശ്രീമാൻ. കൻവർ പാൽ സിംഗ് ഗിൽ (KPS GILL) പോലീസ് നടപടികൾക്ക് ഉത്തരവിട്ടു. അതാണ് ‘ഓപ്പറേഷൻ ബ്ലാക്ക് തണ്ടർ’ (2). മലയാളിയായ സിനിമാ സംവിധായകൻ മേജർ രവി അടക്കമുള്ള കമാൻഡോകൾ ഈ ഓപ്പറേഷനിൽ പങ്കെടുത്തിട്ടുണ്ട്. 1988 മെയ് 9ന് പോലീസ് നടപടികൾ ആരംഭിച്ചു. തുടർന്ന് 41 സിഖ് ഭീകരർ കൊല്ലപ്പെട്ടു. 200 ഭീകരർ കീഴടങ്ങിയതോടെ മെയ് 18ന് ബ്ലാക്ക് തണ്ടർ ഓപ്പറേഷൻ അവസാനിച്ചു. സിഖ് വിഘടനവാദ പ്രസ്ഥാനത്തിൻ്റെ നട്ടെല്ല് ഒടിച്ച നടപടികളായി ഇതിനെ പിൽക്കാലം വിലയിരുത്തിയിട്ടുണ്ട്.

1988ൽ ജനതാപാർട്ടിയുടെ നേതാവായിരുന്ന ജയപ്രകാശ് നാരായണൻ്റെ ജന്മദിനമായ ഒക്ടോബർ 11ന് ജനതാ ദൾ എന്നൊരു പാർട്ടി രൂപീകരിക്കപ്പെട്ടു. ജനമോർച്ച, ജനതാ പാർട്ടി, ലോക്ദൾ, കോൺഗ്രസ്സ് (എസ്) എന്നീ പാർട്ടികൾ ലയിച്ചാണ് ജനതാ ദൾ രൂപംകൊണ്ടത്. വിശ്വനാഥ് പ്രതാപ് സിംഗ് എന്ന നേതാവ് ജനതാദൾ പാർട്ടിയുടെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസ്സിനെ എതിർക്കുന്ന മറ്റു ചില പ്രാദേശിക പാർട്ടികൾ കൂടി ജനതാ ദളിനെ പിന്തുണയ്ക്കുകയുണ്ടായി. ദ്രാവിഡ മുന്നേറ്റ കഴകം, തെലുഗുദേശം പാർട്ടി, ആസാം ഗണ പരിഷദ്, എന്നീങ്ങനെയുള്ള രാഷ്ട്രീയ പാർട്ടികൾ ജനതാദളുമായി ചേർന്ന് നാഷണൽ ഫ്രണ്ട് എന്ന ഒരു ദേശീയ മുന്നണി രൂപീകരിച്ചു. ബി.ജെ.പിക്കും, കോൺഗ്രസ്സിനും ഉള്ള ബദൽ എന്ന നിലയിലായിരുന്നു നാഷണൽ ഫ്രണ്ട് രൂപംകൊണ്ടത്.

വൈകാതെ തന്നെ അടുത്ത അയൽരാജ്യ സൈനിക നടപടിയും ഇന്ത്യയ്ക്ക് ചെയ്യേണ്ടി വന്നു. അതാണ് ചരിത്ര താളുകളിലെ ‘ഓപ്പറേഷൻ കാക്ടസ്’. അയല്‍ രാജ്യങ്ങളിലെ സമാധാനം ഇന്ത്യയുടെ സുരക്ഷയ്ക്ക് അത്യന്താപേഷിതമാണെന്ന് കരുതിയിരുന്ന പ്രധാനമന്ത്രിയായിരുന്നു രാജീവ് ഗാന്ധി. മറ്റു രാജ്യങ്ങളുടെ ആഭ്യന്തര പ്രശ്നങ്ങളിൽ ഇടപെടില്ല എന്ന ഇന്ത്യയുടെ നയത്തിന് വീണ്ടും അവധി നൽകാനുള്ള സാഹചര്യം മാലിദ്വീപിലാണ്‌ ഉണ്ടായത്. മാലദ്വീപിലെ ബിസിനസുകാരനായ അബ്ദുള്ള ലുത്തുഫിയുടെ പിന്തുണയില്‍ വിമതരും ശ്രീലങ്കയിലെ എൽടിടിഇയും ചേർന്ന് മാലദ്വീപ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചു. തീവ്രവാദികൾക്ക് അബ്ദുള്ള ലുത്തുഫി പണം നല്‍കി ആക്രമണത്തിനായി 1988 ഒക്ടോബർ അവസാനത്തിൽ മാലദ്വീപില്‍ എത്തിച്ചു.

80 മുതല്‍ 200 പേരോളം വരുന്ന തമിഴ് തീവ്രവാദികളായിരുന്നു സായുധ അട്ടിമറിയ്‌ക്കെത്തിയത്. മാലദ്വീപിലെ നാഷണല്‍ സെക്യൂരിറ്റി സര്‍വീസിൻ്റെ ആസ്ഥാനമുള്‍പ്പെടെ നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അട്ടിമറിക്കാർ തങ്ങളുടെ നിയന്ത്രണത്തിലാക്കി. അട്ടിമറി ശ്രമത്തിനിടെ മാലദ്വീപ് പ്രസിഡൻ്റ് മൗമൂന്‍ അബ്ദുള്‍ ഗയൂം ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ അഭയം തേടി. അമേരിക്ക, ബ്രിട്ടണ്‍, ശ്രീലങ്ക, മലേഷ്യ, പാകിസ്താന്‍, ഇന്ത്യ തുടങ്ങി ലോകരാജ്യങ്ങളോട് അദ്ദേഹം സൈനിക സഹായം ആവശ്യപ്പെട്ടു. അന്ന് മാലദ്വീപിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറായിരുന്ന എ.കെ ബാനര്‍ജിയോടും ഗയൂം സഹായ അഭ്യര്‍ഥന നടത്തി. വൈകാതെ തന്നെ മാലദ്വീപില്‍ സൈനിക നടപടിക്ക് 1988 നവംബര്‍ 3ന് പ്രധാനമന്ത്രി രാജീവ് ഗാന്ധി ഉത്തരവ് നല്‍കി. മണിക്കൂറുകള്‍ക്കകം ബ്രിഗേഡിയര്‍ ബല്‍സാരയുടെ നേതൃത്വത്തിലുള്ള പാരച്യൂട്ട് ബ്രിഗേഡ് ഉൾപ്പെടുന്ന ഇന്ത്യൻ പട്ടാളം മാലദ്വീപിലെത്തി. മാലദ്വീപിലെ ഹള്‍ഹള്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ സൈന്യം തീവ്രവാദികളെ തുരത്തുന്നതിനിടെ കടല്‍ വഴിയും ഇന്ത്യ കൂടുതല്‍ സേനയെ അയച്ചു. പിന്നാലെ വ്യോമസേനയുടെ മിറാഷ് 2000 യുദ്ധവിമാനങ്ങളും മാലദ്വീപില്‍ വിന്യസിച്ചു.

ഇന്ത്യയുടെ സൈനിക നടപടി അബ്ദുള്ള ഗയൂം സ്ഥിരീകരിക്കുകയും ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ ഫോണില്‍ വിളിച്ച് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. സ്ഥിതിഗതികള്‍ ശാന്തമാകുന്നത് വരെ മാലദ്വീപില്‍ ഇന്ത്യ സേനയെ നിലനിര്‍ത്തി. പിന്നീട് ഭൂരിഭാഗം സൈനികരെയും പിന്‍വലിച്ചെങ്കിലും 150 പാരാട്രൂപ്പേഴ്‌സിനെ വീണ്ടുമൊരു അട്ടിമറി ശ്രമം ഉണ്ടായേക്കാമെന്ന ഭയത്താല്‍ കുറച്ചുകാലം കൂടി നിലനിര്‍ത്തിയിരുന്നു. ഇന്ത്യയുടെ ഈ സൈനിക നടപടിയെ പിന്നീട് അന്നത്തെ അമേരിക്കന്‍ പ്രസിഡൻ്റ് റൊണാള്‍ഡ് റീഗന്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചര്‍ എന്നിവര്‍ അഭിനന്ദിക്കുകയും ചെയ്തു. അന്താരാഷ്ട്ര സുരക്ഷയ്ക്കും സ്ഥിരതയ്ക്കുമായി ഇന്ത്യ നടത്തിയ ഇടപെടലിനെ ലോകം പിന്നീട് പ്രശംസിച്ചു. ശ്രീലങ്കൻ വിഷയത്തിലുണ്ടായ മാനക്കേട് ഇന്ത്യ തിരുത്തിയത് ഇങ്ങനെയായിരുന്നു. ഇതോടെ രാജീവ് ഗാന്ധിയോടുള്ള എൽടിടിഇ വൈരം ഇരട്ടിച്ചു.

ശ്രീലങ്കയിൽ ഇന്ത്യ നിലനിറുത്തിയിരുന്ന ഇന്ത്യൻ പട്ടാളത്തിനെ (IPKF) ഉടൻ പിൻവലിയ്ക്കണം എന്നാവശ്യപ്പെട്ട് 1989 ജൂൺ 1ന് ലങ്കൻ പ്രസിഡൻ്റ് രത്നസിംഗെ പ്രേമദാസ പരസ്യ പ്രസ്താവന നടത്തി. കാലാവധി തീരാറായ രാജീവ് സർക്കാരിന് ഇതൊരു അഭിമാനക്ഷതമുണ്ടാക്കുന്ന നടപടിയായിരുന്നു. പ്രതിപക്ഷം വളരെ ശക്തമായി ഇതിനെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഉപയോഗിച്ച് പോന്നു. ഇതേ സമയം തന്നെ 1989 ജൂലായ് 11ന് കശ്മീർ ഗവർണർ സ്ഥാനത്തു നിന്നും ജഗ്മോഹൻ മൽഹോത്രയെ മാറ്റി മുൻ സൈനികോദ്യഗസ്ഥനായ ശ്രീ. പി വി കൃഷ്ണ റാവുവിനെ നിയമിച്ചുകൊണ്ട് രാജീവ് സർക്കാർ ഉത്തരവിറക്കി.

തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരി കൊണ്ടിരിയ്ക്കെ 1989 നവംബർ 7ന് അയോദ്ധ്യയിലെ തർക്കഭൂമിയിൽ രാമക്ഷേത്രത്തിന് തറക്കല്ലിടാൻ വിശ്വഹിന്ദു പരിഷദിന് രാജീവ് സർക്കാർ അനുവാദം നൽകിക്കൊണ്ട് ഹിന്ദു പ്രീണനം നടത്താൻ ചെറുതായൊന്ന് പരിശ്രമിച്ചു. ഇതോടെ മുസ്ലീങ്ങൾ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിനെ കൈയൊഴിഞ്ഞു.

തുടരും….

Related Articles

Latest Articles