Friday, April 26, 2024
spot_img

മിലൻ കാ ഇതിഹാസ്, പരമ്പര – 20 |ഹിന്ദുത്വത്തിലൂടെ മണ്ഡലിലൂടെ  കമണ്ഡലിലൂടെ ഒരു ഫ്ലാഷ്ബാക്ക് | സി പി കുട്ടനാടൻ

പ്രിയപ്പെട്ട തത്വമയി ന്യൂസ് വായനക്കാരെ നമസ്കാരം, മിലൻ കാ ഇതിഹാസിൻ്റെ 15ആം ഭാഗത്തിന് ശേഷം വന്ന 4 ഭാഗങ്ങളും 15ൻ്റെ തുടർച്ചകൾ ആയിരുന്നില്ല. സാന്ദർഭികമായി വന്നുപോയ മുൻ ലക്കങ്ങളുടെ വിരാമത്തിൽ നമുക്ക് വീണ്ടും 1990കളിൽ നിന്നും യാത്ര പുനരാരംഭിയ്ക്കാം.

കശ്മീർ പ്രശ്‍നങ്ങളും ഹിന്ദു പലായനവുമെല്ലാം ജനകീയ മനസ്സുകളെ മഥിച്ചുകൊണ്ടിരുന്ന 1990 കാലഘട്ടത്തിൽ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് എത്തിച്ചേർന്നു. ഈ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ 1990 ഫെബ്രുവരി 24ന് മുംബൈ ദാദറിലെ ശിവാജി പാർക്കിൽ വച്ച് ശിവസേനാ – ബിജെപി സഖ്യം സ്ഥാനാർത്ഥി ശ്രീമാൻ മുരളി മനോഹർ ജോഷി, ബാൽ താക്കറെ, ഛഗൻ ഭുജ്ബൽ, പ്രമോദ് നവൽക്കർ, പ്രമോദ് മഹാജൻ, ഗോപിനാഥ് മുണ്ടെ എന്നിവർ നടത്തിയ പ്രസംഗങ്ങൾ വലിയ വിവാദമായി.

ഹിന്ദുക്കളെയും ഹിന്ദുസ്ഥാനെയും സംരക്ഷിക്കാൻ തങ്ങളുടെ സഖ്യത്തിന് മാത്രമേ കഴിയൂ. കോൺഗ്രസും ജനതാദളും ഹൈന്ദവരെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടു. കോൺഗ്രസ്സ് ജയിച്ചാൽ ഹിന്ദുക്കൾക്ക് അപമാനവും വിവേചനവും അസമത്വവും അനുഭവിക്കേണ്ടി വരുന്നത് തുടരും. കശ്മീർ, പഞ്ചാബ്, അസം മുതലായ സംസ്ഥാനങ്ങളിലെ പ്രശ്‍നങ്ങൾ ന്യൂനപക്ഷങ്ങളെ ലാളിച്ചതു കൊണ്ട് ഉടലെടുത്തവയാണ്.

ഹിന്ദുക്കൾ ഒരുമിച്ചുനിന്ന് ഹൈന്ദവർക്കും ഹിന്ദു മതത്തിനും നേരെയുള്ള ആക്രമണത്തെ ചെറുക്കണം. ആവശ്യമെങ്കിൽ അതിനായി ജീവൻ നൽകണം. തങ്ങൾ ഹിന്ദുക്കളാണെന്ന് അഭിമാനത്തോടെ പറയണം. ഹിന്ദുമതത്തിന് വേണ്ടി പോരാടുന്നതിനായി ഈ സഖ്യത്തിന് വോട്ട് ചെയ്യണം. തങ്ങൾ വിജയിച്ചാൽ മഹാരാഷ്ട്രയിൽ ആദ്യത്തെ ‘ഹിന്ദു രാഷ്ട്രം’ സ്ഥാപിയ്ക്കും. കോൺഗ്രസിന്റെ ഗൂഢാലോചനകൾ കൈകാര്യം ചെയ്യാൻ ശിവസൈനികർ നിയമം കൈയിലെടുക്കുകയും ആവശ്യമെങ്കിൽ തോക്കുകൾ ഉപയോഗിക്കുകയും ചെയ്യണം. ഈ തെരഞ്ഞെടുപ്പ് ഫലം, ഭക്ഷണം തുണി എന്നീ പ്രശ്‌ന പരിഹാരത്തെ മാത്രമല്ല, സംസ്ഥാനത്ത് ഹിന്ദുത്വ ജ്വാല വളരുമോ അതോ അണയുമോ എന്നതും തീരുമാനിക്കും. മഹാരാഷ്ട്രയിൽ ഹിന്ദുമതത്തിൻ്റെ ജ്വാല അണഞ്ഞാൽ ദേശവിരുദ്ധ മുസ്ലീങ്ങൾ ശക്തരാകും, അവർ ഹിന്ദുസ്ഥാനെ വീണ്ടുമൊരു പാക്കിസ്ഥാനാക്കി മാറ്റും.

ഹിന്ദുത്വ ജ്വാല വളരുകയാണെങ്കിൽ, ആ ജ്വാലയിൽ ദേശവിരുദ്ധ മുസ്ലീങ്ങൾ ചാരമായി മാറും. പ്രസ്തുത തിരഞ്ഞെടുപ്പ് ഫലം മാർച്ച് 1ന് വന്നപ്പോൾ ഏറ്റവും കൂടുതൽ വോട്ടുകൾ മനോഹർ ജോഷി നേടി (47,737) വിജയിച്ചു. എതിരാളിയായിരുന്ന കോൺഗ്രസ്സ് സ്ഥാനാർഥി നിഥിൻ ഭാവു റാവു പാട്ടീൽ (24,354 വോട്ടുകൾ) രണ്ടാമതായി. മതവികാരം ഇളക്കിവിട്ടാണ് ബിജെപി വിജയിച്ചതെന്നും അതിനാൽ മുരളി മനോഹർ ജോഷിയുടെ വിജയം അസാധുവാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് എൻ ബി പാട്ടീൽ ഏപ്രിൽ 16ന് മുംബൈ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു.

ഇതിനിടെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് സോവിയറ്റ് യൂണിയൻ്റെ ജനറൽ സെക്രട്ടറി പദത്തിലിരിയ്‌ക്കവെ സഖാവ് ഗോർബച്ചേവ് 1990 മാർച്ച് 15ന് സോവിയറ്റ് യൂണിയൻ്റെ പ്രസിഡണ്ടായി അവരോധിയ്ക്കപ്പെട്ടു. റഷ്യൻ ജനതയ്ക്കും ലോകത്തിനും ചില പ്രതീക്ഷകൾ തോന്നിയ സന്ദർഭമായിരുന്നു ഇത്. 5 വർഷങ്ങൾക്ക് മുമ്പ് ഗോർബച്ചേവ് പ്രസംഗിച്ച ഗ്ലാസ്‌നോസ്റ്റും 4 വർഷങ്ങൾക്ക് മുമ്പ് പ്രസംഗിച്ച പെരിസ്‌ട്രോയിക്കയുമൊക്കെ പ്രയോഗത്തിലെത്തുമെന്ന പ്രത്യാശ എല്ലാവർക്കും ഉണ്ടായി. എന്നാൽ കമ്യുണിസ്റ്റുകളെ സംബന്ധിച്ച് അവരുടെ ഏറ്റവും വലിയ ദുരന്തമായിരുന്നു സംഭവിയ്ക്കാൻ തുടങ്ങിയത്. അക്ഷരാർത്ഥത്തിൽ തന്നെ പറഞ്ഞ കാര്യങ്ങൾ നടപ്പാക്കുവാനും ജനാധിപത്യവും അഭിപ്രായ സ്വാതന്ത്ര്യവുമൊക്കെ നടപ്പാക്കാൻ അദ്ദേഹം ഒരുങ്ങി. ശേഷം കഥ നടക്കുന്നത് ഒന്നര വർഷങ്ങൾക്ക് ശേഷമാണ്. ഈ ഒന്നര വർഷങ്ങൾക്കിടെ സോവിയറ്റ് അംഗരാജ്യങ്ങൾ അഭിപ്രായ സ്വാതന്ത്ര്യവും മറ്റും ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട് എന്ന കാര്യം വായനക്കാർ ഓർക്കുക.

ഈ ഘട്ടത്തിൽ ഇന്ത്യയിൽ ഒരു രാഷ്ട്രീയ ചതി ചെയ്യാൻ ജനതാദൾ പാർട്ടി ഒരുമ്പെട്ടു. സർക്കാരിനെ പുറത്തുനിന്നും പിന്തുണച്ചിരുന്ന ബിജെപിയ്ക്കിട്ട് വേലവയ്ക്കാനായിരുന്നു പ്ലാൻ. സംഗതി എന്തെന്നാൽ ബിജെപിയുടെ വോട്ട് ബേസ് ആയ ഹിന്ദുക്കളിൽ വിള്ളൽ വരുത്തി ജാതീയമായി ഭിന്നിപ്പുണ്ടാക്കി ജാതിരാഷ്ട്രീയം ഉയർത്തിക്കൊണ്ടു വന്നാൽ ഹിന്ദുത്വ രാഷ്ട്രീയം തകരുകയും അങ്ങനെ ഹൈന്ദവ വോട്ടുകൾ ചിതറുകയും മുസ്ലിം വോട്ടുകൾ ഏകീകരിയ്ക്കപ്പെടുകയും ചെയ്യുന്ന രാഷ്ട്രത്തിന് ഹിതകരമല്ലാത്ത ഒരു രാഷ്ട്രീയ സാഹചര്യം ഉണ്ടാക്കിയെടുക്കാം എന്നതായിരുന്നു അത്. അതിനായി പ്രധാനമന്ത്രി വി. പി സിങ് 1990 ഓഗസ്റ്റ് 7ന് മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് പൊടിതട്ടിയെടുത്തു. ഒ.ബി.സി വിഭാഗക്കാർക്ക് സർക്കാർ ജോലികളിൽ 27% സംവരണം അനുവദിച്ച് കേന്ദ്രസർക്കാർ ഉത്തരവിറങ്ങി. ഇന്ത്യയുടെ തെരുവുകൾ സംവരണ വിരുദ്ധ വികാരം കൊണ്ട് നിന്ന് കത്തിയ കാഴ്ചയാണ് പിന്നീട് കണ്ടത്. മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുന്നതിനെതിരെ രാജ്യമെമ്പാടും വൻ പ്രക്ഷോഭങ്ങൾ നടന്നു. വിദ്യാർത്ഥി പ്രക്ഷോഭങ്ങളായിരുന്നു കൂടുതലും.

ദൽഹി യൂണിവേഴ്‌സിറ്റിയിലെ ദേശബന്ധു കോളേജിൽ 1990 സെപ്റ്റംബർ 19ന് മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കിയതിനെതിരെ നടന്ന വിദ്യാർത്ഥി സമരത്തിൽ രാജീവ് ഗോസ്വാമി എന്ന വിദ്യാർത്ഥി ദേഹത്ത് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. 50% പൊള്ളലുമായി രാജീവ് ഗുരുതരാവസ്ഥയിലായി. ദേഹമാകെ തീയുമായി രാജീവിനെ പൊലീസ് അറസ്റ്റു ചെയ്യുന്ന ഫോട്ടോകൾ രാജ്യമൊട്ടാകെയുള്ള പത്രങ്ങളിൽ അടിച്ചുവന്നു. കാട്ടുതീ പോലെ ഈ ട്രെൻഡ് കത്തിപ്പടന്നു. ഉത്തരേന്ത്യയിൽ പലയിടത്തും സമാനമായ രീതിയിൽ വിദ്യാർഥികളും ഉദ്യോഗാർഥികളും ആത്മഹത്യക്ക് ശ്രമിച്ചു. ആത്മഹത്യകളും പ്രക്ഷോഭങ്ങളും കൊണ്ട് ഉത്തരേന്ത്യയാകെ കലുഷിതമായപ്പോൾ റിപ്പോർട്ട് നടപ്പാക്കുന്നത് നിറുത്തി വയ്ക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു.

ഇത്തരം വിഷയങ്ങൾ സമൂഹത്തിൽ നിറഞ്ഞു നിൽക്കവേ കശ്മീർ വിഷയവും പണ്ഡിറ്റുകൾ നേരിട്ട അനീതിയും മറ്റും മണ്ഡൽ രാഷ്ട്രീയ ചതുരംഗ കളിയുടെ ചൂടേറിയ വാർത്തകളിൽ മുങ്ങിപ്പോയി. സ്വതന്ത്ര ഇന്ത്യയിലും ഹിന്ദുക്കൾക്ക് രക്ഷയില്ലാത്ത അവസ്ഥ സംജാതമായ ഈ കാലഘട്ടത്തിൽ ഹിന്ദുസമൂഹത്തിൻ്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ച് അയോദ്ധ്യയിൽ ശ്രീരാമക്ഷേത്രം നിർമിയ്ക്കുക എന്ന മുദ്രാവാക്യവുമായി ഭാരതീയ ജനതാ പാർട്ടി അദ്ധ്യക്ഷൻ എൽ കെ അദ്വാനിയുടെ നേതൃത്വത്തിൽ അഖില ഭാരതീയ അടിസ്ഥാനത്തിൽ രഥയാത്ര സംഘടിപ്പിയ്ക്കപ്പെട്ടു. പണ്ട് മുഗൾ അക്രമിയായിരുന്ന ബാബർ തകർത്തു കളഞ്ഞ രാമക്ഷേത്രത്തിന് മുകളിലായി സ്ഥാപിയ്ക്കപ്പെട്ട ബാബരി മസ്ജിദ് പൊളിച്ച് ക്ഷേത്രം നിർമ്മിയ്ക്കണം എന്നതായിരുന്നു ഉദ്ദേശം.1990 ഒക്ടോബർ 30ന് അയോദ്ധ്യയിലെ തർക്ക ഭൂമിയിൽ അദ്വാനി പ്രഖ്യാപിച്ച കർസേവ (സേവാ കരോ) തടയപ്പെടുകയും അദ്വാനി ബീഹാറിൽ അറസ്റ്റിലാവുകയും ചെയ്തു. സാമൂഹികമായി ചിന്തിച്ചാൽ അന്നത്തെ പൊതു സാഹചര്യത്തിൽ ബാബരി പള്ളി പൊളിച്ചുകൊണ്ട് ഹിന്ദുക്കളുടെ ആത്മവിശ്വാസം ഉയർത്തുന്നതിലും വലിയ മരുന്ന് മറ്റെന്തെങ്കിലുമുണ്ടോ..?

എന്തായിരുന്നു അയോദ്ധ്യാ വിഷയം എന്ന് നമ്മൾ മനസിലാക്കുവാനായി അല്പം ഫ്ലാഷ്ബാക് ചരിത്രത്തിലേക്ക് സഞ്ചരിയ്ക്കേണ്ടിയിരിയ്ക്കുന്നു. കാരണം ചുമ്മാ ഒരുദിവസം വെളിപാടുണ്ടായി അഡ്വാനി ചെയ്ത പരിപാടിയല്ല രഥയാത്ര. അതിനാൽ നമുക്ക് ഫ്ലാഷ്ബാക്കിലേക്ക് പോകാം

കോസല രാജ്യ തലസ്ഥാനമാണ് അയോദ്ധ്യ നഗരം. സൂര്യവംശ രാജാക്കന്മാരായിരുന്നു ഇവിടുത്തെ ഭരണാധികാരികൾ. രാമായണ ഫലശ്രുതി പോലെ ഭരിച്ച ശ്രീരാമചന്ദ്ര സ്വാമിയുടെ സ്വർഗ്ഗാരോഹണത്തിന് ശേഷം അദ്ദേഹത്തിൻ്റെ മകൻ കുശനും ലവനും കോസല രാജ്യത്തെ പകുത്ത് ഭരിച്ചു. പിന്നീടും പല രാജാക്കളും വന്നു. പില്ക്കാലത്ത് ഗുപ്തസാമ്രാജ്യത്തിൻ്റെ പതനത്തോടെ എ.ഡി. 606 ഏപ്രിലിൽ ഹർഷവർദ്ധന മഹാരാജാവ് അധികാരത്തിലേറുകയും അദ്ദേഹത്തിൻ്റെ ഭരണകാലത്ത് ഉത്തരേന്ത്യയെ ഏകീകരിച്ച് ഒരു ഹിന്ദു സാമ്രാജ്യം സ്ഥാപിയ്ക്കപ്പെട്ടു.

പാടലീപുത്രം എന്ന ഇന്നത്തെ പട്ന ആയിരുന്നു രാജ്യ തലസ്ഥാനം. ഇദ്ദേഹത്തെപ്പറ്റിയുള്ള റഫറൻസ് ബാണഭട്ടൻ എന്ന കവി എഴുതിയ ഹർഷചരിതത്തിലുണ്ട്. ഇങ്ങനെ ചെറുതും വലുതുമായ റിപ്പബ്ലിക്കുകളുടെ കൂട്ടമായിരുന്ന നാട്ടുരാജ്യങ്ങളുടെ രാഷ്ട്രീയ പരിസ്ഥിതിയിലേയ്ക്ക് സിന്ധൂ നദിയോട് ചേർന്ന സിന്ധ്, പഞ്ചാബ് പ്രദേശങ്ങൾ (ഇന്നത്തെ പാകിസ്താൻ്റെ ഭാഗം) പിടിച്ചെടുത്തുകൊണ്ട് സിറിയൻ സേനാനായകനായിരുന്നു മുഹമ്മദ് ബിൻ കാസിം അൽ-തഖാഫി ഇസ്ലാമിക അധിനിവേശവുമായെത്തി. ഇത് സംഭവിയ്ക്കുന്നത് എ ഡി 710കളിലാണ്.

അക്കാലത്ത് അവിടം ഭരിച്ചിരുന്നത് ദാഹർ രാജാവായിരുന്നു. മുഹമ്മദ്-ബിൻ-കാസിമിൻ്റെ സിന്ധ് അധിനിവേശ സമയത്ത് ദാഹർ രാജാവിൻ്റെ സൈനിക മേധാവികൾ മുഹമ്മദ്-ബിൻ-കാസിമിൻ്റെ ചാരന്മാരിൽ നിന്ന് കൈക്കൂലി വാങ്ങുകയും തങ്ങളുടെ രാജാവിൻ്റെ പക്ഷം ചേർന്ന് യുദ്ധം ചെയ്യാൻ വിസമ്മതിക്കുകയും ചെയ്തു. ഇക്കാര്യം ഭരണഘടനാ അസംബ്ലിയിലെ ഗ്രാമർ ഓഫ് അനാർക്കി എന്ന വിശ്വപ്രസിദ്ധമായ തൻ്റെ പ്രസംഗത്തിൽ അംബേദ്കർജി ഉദ്ധരിച്ചിട്ടുണ്ട്. ഈ ചതി മൂലം തെക്കേ ഏഷ്യയിൽ ഇസ്ലാമിക യുഗത്തിനു തുടക്കം കുറിച്ചു.

ഈ കാരണം കൊണ്ട് ഇന്നും പാകിസ്താൻ്റെ സിന്ധ് പ്രദേശം ബാബ്-ഇ-ഇസ്ലാം (ഇസ്ലാമിൻ്റെ കവാടം) എന്ന് അറിയപ്പെടുന്നു. ദാഹർ രാജാവിനെ കൊന്നിട്ട് അദ്ദേഹത്തിൻ്റെ പത്നി റാണി ലധിയെ ഇസ്‍ലാമിലേയ്ക്ക് പരിവർത്തനം ചെയ്ത് നിക്കാഹ് ചെയ്തു. 25 വയസുവരെ മാത്രമേ മുഹമ്മദ്-ബിൻ-കാസിം ജീവിച്ചിരുന്നുള്ളൂ. പിന്നീട് പേർഷ്യൻ അധിനിവേശങ്ങൾ എത്തിച്ചേർന്നു. എ ഡി 1510-11 വര്‍ഷങ്ങളിലായി ഗുരു നാനാക്ക് അയോധ്യയിലെത്തിയെന്നും ശ്രീരാമന്‍റെ ജന്മദേശമായ അയോധ്യയില്‍ പ്രാര്‍ത്ഥിക്കാന്‍ അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചു. സിഖ് മതസ്ഥരുടെ ചരിത്രരേഖയായ ജന്മസാഖിയിൽ ഇതുണ്ട്.

ഇത്തരം പടയോട്ടങ്ങളുടെ ഫ്ലഷ്‌ബാക്ക് ചരിത്രമാണ് നോർത്ത് ഇന്ത്യ. പേർഷ്യൻ അധിനിവേശക്കാരായിരുന്ന അഫ്ഗാൻ പഷ്തൂൺ രാജവംശമായിരിന്നു 1451 മുതൽ 1526 വരെ ഇന്ദ്രപ്രസ്ഥം ഭരിച്ചിരുന്ന ലോധി രാജവംശം. അവരിലെ അവസാന സുൽത്താനായിരുന്നു ഇബ്രാഹിം ലോധി. മുഗൾ അധിനിവേശം ഇന്ത്യയിലേയ്ക്ക് എത്തിച്ചേർന്ന കാലഘട്ടമായ 1526ൽ ബാബർ ഇബ്രാഹിം ലോധിയെ ഒന്നാം പാനിപ്പത്ത് യുദ്ധത്തിൽ പരാജയപ്പെടുത്തി ദില്ലി കീഴടക്കി സുൽത്താന്മാരുടെ ഭരണത്തിന്‌ അറുതി വരുത്തുകയും മുഗൾ സാമ്രാജ്യം സ്ഥാപിക്കുകയും ചെയ്തു. പാനിപ്പത്ത് എന്ന സ്ഥലം ഹരിയാനയിലാണ്.

മുഗൾ അധിനിവേശം എന്ന് പറയുന്നത് ഇന്നത്തെ ഐസിസ് പ്രവർത്തനം പോലെ തന്നെയായിരുന്നു. ചെറിയ ചില വ്യത്യാസങ്ങൾ ഉണ്ടായിരുന്നു എന്ന് മാത്രം. ഹൈന്ദവ മാനബിന്ദുക്കളെ അപമാനിയ്ക്കുക എന്നത് ഇസ്ലാമിക അധിനിവേശത്തിൻ്റെ ഹോബിയായിരുന്നു. നിരന്തരമായി അവരത് ചെയ്തു പൊന്നു. ക്ഷേത്രങ്ങൾ കൊള്ളയടിച്ചു നശിപ്പിയ്ക്കുക, വിഗ്രഹങ്ങൾ തച്ചുടയ്ക്കുക ഇതൊക്കെ ചെയ്യുമ്പോൾ അല്ലാഹുഅക്ബർ എന്ന് ഉച്ചത്തിൽ വിളിച്ച് തങ്ങളുടെ ദൈവത്തിൻ്റെ ശക്തിയാണിതെന്ന് പറയുക. വാൾമുനയിൽ മതപരിവർത്തനം നടത്തുക തുടങ്ങിയ കലാപരിപാടികൾ നടന്നുവന്നു.

അങ്ങനെ അവർ അയോദ്ധ്യയിലെത്തി. കാലങ്ങൾക്കൊണ്ട് കോസല മഹർജാവ് ശ്രീരാമസ്വാമിയുടെ കൊട്ടാരം ഒരു ക്ഷേത്രമായി മാറിയിരുന്നു. ഈ ശ്രീരാമസ്വാമി ക്ഷേത്രം പൊളിച്ചുകൊണ്ട്, ദേശീയ മാനബിന്ദുവായ ഹൈന്ദവ സൂചകത്തെ നശിപ്പിച്ചുകൊണ്ട് 1528ല്‍ മുഗള്‍ രാജാവായ ബാബറുടെ ഗവര്‍ണര്‍ മിര്‍ ബാക്വി നിര്‍മിച്ചതാണ് ബാബ്‌റി മസ്ജിദ് എന്ന കെട്ടിടം. അന്നത്തെ ഹിന്ദുസമൂഹം പ്രതികരണ ശൂന്യരായി തുടർന്നു എങ്കിലും അയോദ്ധ്യയിലെ രാമക്ഷേത്ര ധ്വംസന കഥ അവർ തലമുറകളിൽ നിന്നും തലമുറകളിലേക്ക് കൈമാറിക്കൊണ്ടിരുന്നു.

മുഗൾ അധിനിവേശത്തോടെ മുസ്ലിം ആധിപത്യം യാഥാർഥ്യമായിരുന്ന ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഭൂപ്രദേശങ്ങളിൽ ഇസ്ലാമിക സാമ്രാജ്യത്വ അടിച്ചേൽപ്പിക്കലുകളും ‘ജസിയ’ അടക്കമുള്ള മത നികുതി പിരിവുകളും മറ്റും വ്യാപകമായിരുന്നു എന്നത് സൊ കോൾഡ് മതേതരവാദികൾ പറയാൻ ആഗ്രഹിയ്ക്കാത്ത ചരിത്ര യാഥാർഥ്യങ്ങളാണ്.

അതിലൂടെയൊക്കെ കടന്നുവന്ന മനുഷ്യരുടെയുള്ളിൽ തലമുറകളായി കൈമാറ്റം ചെയ്ത്‌ പോരുന്ന അപമാന ഭാരത്താൽ നിറഞ്ഞ ഒരു മനസ്ഥിതിയുണ്ട്. ഇതിലേക്കാണ് യൂറോപ്യന്മാരുടെ അധിനിവേശവും തദ്വാരാ ബ്രിട്ടീഷ് അധിനിവേശം മുഖ്യമായും കടന്നു വരപ്പെട്ടത്. കൂടാതെ ലോകം മുഴുവൻ അധിനിവേശം ചെയ്യേണ്ടത് തങ്ങളുടെ കടമയാണെന്ന് വെള്ളക്കാർ വിശ്വസിച്ചിരുന്നു. അവരുടെ ഈ മനോഭാവത്തെയാണ് വെള്ളക്കാരുടെ ചുമതല (white man’s Burden) എന്ന് വിളിയ്ക്കുന്നത്. അതായത് ഭൂഗോളത്തിലെ കറുത്ത വർഗ്ഗക്കാരുടെ മേൽ പാശ്ചാത്യ നാഗരികത അടിച്ചേൽപ്പിക്കുക (കോളനി വത്ക്കരണം) എന്നത് വെള്ളക്കാരുടെ ദൗത്യവും ഉത്തരവാദിത്തവുമാണെന്ന് വിശ്വസിക്കുന്ന മനോഭാവം.

മുഗളരുടെ ഭരണത്തെക്കാൾ മതപരമായ സ്വാതന്ത്ര്യം യൂറോപ്യൻ ഭരണത്തിൽ കിട്ടിത്തുടങ്ങിയപ്പോൾ മുൻകാല ചരിത്രം പാടുവാനും തങ്ങളുടെ ദുർവിധിയെക്കുറിച്ചു മറ്റുള്ളവരെ ഓർമിപ്പിയ്ക്കുവാനുള്ള ശ്രമം ഇന്ത്യയുടെ ചില ഭാഗങ്ങളിൽ ഹിന്ദു വിഭാഗക്കാർ ആരംഭിച്ചിരുന്നു.

അങ്ങനെ 1853ൽ ക്ഷേത്രം നിലനിന്ന സ്ഥലത്താണു പള്ളി പണിതിട്ടുള്ളത് എന്ന വസ്തുത ഉറക്കെപ്പറഞ്ഞുകൊണ്ട് നിർമോഹി അഖാഡ രംഗത്തെത്തി. തുടർന്ന് ഇതേച്ചൊല്ലി 1857ല്‍ അയോധ്യയില്‍ ഹിന്ദു-മുസ്ലീം കലാപം ഉണ്ടായി. തുടര്‍ന്ന് ബ്രിട്ടീഷുകാര്‍ തര്‍ക്കഭൂമി വേലി കെട്ടി തിരിച്ചു. തുടര്‍ന്നങ്ങോട്ട് നീണ്ട കാലം തര്‍ക്കഭൂമിയില്‍ ഹിന്ദുക്കൾ അവിടെ പ്രാര്‍ത്ഥന നടത്തി

1885 ഡിസംബര്‍ 24ന് രാമജന്മസ്ഥാനിലെ മഹന്ത് രഘുബര്‍ദാസ് ഫൈസാബാദ് സബ് ജഡ്ജിക്കു മുമ്പില്‍, രാമജന്മസ്ഥാനത്ത് ആരാധനയ്ക്ക് സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപ്പെട്ട് ആദ്യത്തെ പരാതി നല്‍കി. വാദം ശരിയാണെന്ന് സമ്മതിച്ചെങ്കിലും ആരാധനയ്ക്ക് അനുവാദം നല്‍കാന്‍ ജഡ്ജി വിസമ്മതിച്ചു. രഘുബര്‍ദാസ് ഫൈസാബാദ് ജില്ലാകോടതിയെ സമീപിച്ചു. 1886ല്‍ അപ്പീല്‍ കേട്ട ജില്ലാ ജഡ്ജി എഫ്ഇഎ ചാമിയാര്‍, ബാബറി മസ്ജിദ് 356 വര്‍ഷങ്ങള്‍ക്കു മുമ്പ് നിര്‍മിക്കപ്പെട്ടതിനാല്‍ ഇപ്പോള്‍ പരാതിക്കാരന് ആശ്വാസം നല്‍കാനാകില്ലെന്ന് വിധിച്ചു. തല്‍സ്ഥിതി നിലനിര്‍ത്താനും ആവശ്യപ്പെട്ടു.

1930 – 1950 കാലഘട്ടങ്ങളില്‍ ധാരാളം ഹിന്ദു മതവിശ്വാസികള്‍ അയോധ്യയില്‍ പൂജയ്ക്കും പ്രാര്‍ത്ഥനയ്ക്കുമായി എത്തിയിരുന്നു. തര്‍ക്കഭൂമിയിലെ മതിലിന് പുറത്തായിരുന്നു ഹിന്ദുക്കള്‍ പൂജ ചെയ്തിരുന്നത്. ഹിന്ദു വിശേഷ ദിവസങ്ങളില്‍ ആയിരക്കണക്കിനാളുകള്‍ അയോധ്യയിലെത്തിയിരുന്നു.

1940ല്‍ ബാബറിമസ്ജിദിനെ ച്ചൊല്ലി സുന്നി – ഷിയ തര്‍ക്കമുണ്ടായി. മസ്ജിദും അതിനടുത്ത സ്ഥലങ്ങളും കബര്‍സ്ഥാനും യുപി സുന്നി വഖഫ് ബോര്‍ഡിൻ്റെതാണെന്നായിരുന്നു കോടതി വിധി. 1949 ഡിസംബർ 23ന് പള്ളിവളപ്പിൽ കടന്ന ഒരു സംഘം അവിടെ ശ്രീരാമ വിഗ്രഹം സ്ഥാപിച്ചു. തുടര്‍ന്ന്, തര്‍ക്ക സ്ഥലത്തിൻ്റെ ഭരണം റിസീവറെ ഏല്‍പിച്ചു. അന്നത്തെ ജില്ലാ മജിസ്ട്രേട്ടായിരുന്ന മലയാളി കെ കെ നായര്‍ ഇത് തര്‍ക്കസ്ഥലമായി പ്രഖ്യാപിച്ചപ്പോൾ ജില്ലാ ഭരണകൂടം പ്രദേശം പൂട്ടി സീല്‍ വച്ചു.

അയോധ്യാ നിവാസിയായിരുന്ന ഗോപാൽ സിങ്ങ് വിശാരദ് തനിക്ക് രാമജന്മഭൂമിയിലെ വിഗ്രഹങ്ങളിൽ ആരാധനയ്ക്കുള്ള സ്വാതന്ത്ര്യം നൽകണമെന്നുള്ള ഹർജിയുമായി 1950 ജനുവരി 16ന് ഫൈസാബാദ് ജില്ലാ കോടതിയെ സമീപിച്ചു.

തർക്കഭൂമിയുടെ റിസീവര്‍ ഭരണം അവസാനിപ്പിക്കണമെന്നും നടത്തിപ്പ് തങ്ങള്‍ക്ക് നല്‍കണമെന്നും ആവശ്യപ്പെട്ട് 1959ല്‍ നിര്‍മോഹി അക്കാഡ കോടതിയിലെത്തി.ഈ ഘട്ടത്തിൽ യുപി സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് 1961ൽ ഫൈസാബാദ് സിവില്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. രാമവിഗ്രഹങ്ങള്‍ മാറ്റണമെന്നും മസ്ജിദും അതിനടുത്ത കബറിടവും സുന്നി സ്വത്തായി പ്രഖ്യാപിക്കണമെന്നുമായിരുന്നു ഉടമസ്ഥാവകാശ കേസിലെ ആവശ്യം

പിന്നീട് കേസിന്‍റെ ഭാഗമായി അലഹബാദ് ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം 1976-77 കാലഘട്ടത്തില്‍ അയോധ്യയില്‍ ക്യാംപ് ചെയ്ത് പഠനം നടത്തുവാൻ  പ്രശസ്ത ചരിത്രകാരനും ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ മുന്‍ ഡയറക്ടര്‍ ബി ബി ലാലിന്‍റെ നേതൃത്വത്തിലുള്ള സംഘം നിയുക്തരായി.

1982ൽ വിശ്വഹിന്ദു പരിഷത് രാമജന്മഭൂമി പ്രസ്ഥാനം ആരംഭിച്ചു. ഇത് വളരെവേഗം ജനകീയമായ പ്രതിപത്തി പിടിച്ചുപറ്റി. പൊതുജനങ്ങൾ വളരെ ആവേശത്തോടെ വിശ്വഹിന്ദു പരിഷദിനോട് സഹകരിച്ചു. വിഎച്ച്പി എന്ന സംഘടനയെപ്പറ്റി പൊതുജനങ്ങൾ കേൾക്കുന്നതുതന്നെ അപ്പോഴായിരുന്നു.

ഇതിനിടെയാണ് മുസ്ലീം സ്ത്രീകൾ നീതിക്കു വേണ്ടി നടത്തുന്ന പോരാട്ടങ്ങളുടെ വഴിയിലെ നാഴികക്കല്ലായി ഷാബാനു കേസിനെ തുടർന്ന് മുസ്ലീങ്ങളുടെ തിണ്ണമിടുക്ക് ഇന്ത്യ കണ്ടു. മുസ്ലീങ്ങളുടെ പിടിവാശികൾക്ക് വഴങ്ങുന്ന നട്ടെല്ലുമായി നിൽക്കുന്ന കോൺഗ്രസ്സിനെ ഇതോടെ ഹിന്ദു ജനത വെറുക്കാൻ ആരംഭിച്ചു. ഇതേസമയം അയോദ്ധ്യയിലെ രാമജന്മഭൂമിയിലെ മസ്ജിദിനുള്ളിലെ രാമക്ഷേത്രം ഹിന്ദു ആരാധനയ്ക്കായി തുറന്നു കൊടുക്കാൻ 1986 ഫെബ്രുവരി 01ന് കോടതി ഉത്തരവ് ഉണ്ടായി. ഹിന്ദുക്കൾക്കുണ്ടായ വിപ്രതിപത്തി ശമിപ്പിയ്ക്കാൻ രാജീവ് സർക്കാർ അപ്പീലിന് പോയില്ല. ഉത്തരവ് നടപ്പാക്കി

1989∙ ജൂൺ മാസത്തിൽ നടന്ന പാലൻപൂർ സമ്മേളനത്തിൽ വച്ച് രാമക്ഷേത്ര നിർമാണം തങ്ങളുടെ രാഷ്ട്രീയ അജൻഡയിൽ ഉൾപ്പെടുത്താൻ ബിജെപി തീരുമാനമെടുത്തു. അതോടെ ഈ വിഷയം ദേശീയ രാഷ്ട്രീയ പ്രശനമായിത്തീർന്നു. 1989 നവംബര്‍ 09ന് തര്‍ക്കഭൂമിയില്‍ വിശ്വഹിന്ദു പരിഷത്ത് രാമക്ഷേത്രത്തിന് തറക്കല്ലിട്ടു. ഈ സംഭവത്തിലാണ് വിഎച്ച്പി നേതാവ് അശോക് സിംഗാൾജിയ്ക്ക് പോലീസിൻ്റെ ലാത്തിയടി നിൽക്കുന്നതും അദ്ദേഹം തലപൊട്ടി ചോരയൊലിപ്പിച്ചു നിൽക്കുന്ന ഫോട്ടോ പത്രങ്ങളിൽ സ്ഥാനം പിടിയ്ക്കുന്നതുമൊക്കെ. ഈ സംഗതി വലിയ വികാര വിക്ഷോഭങ്ങളുണ്ടാക്കി. ഇതിനു ശേഷമാണ് മേല്പറഞ്ഞ അദ്വാനിയുടെ രഥയാത്ര ആരംഭിയ്ക്കുന്നത്. 1990 സെപ്റ്റംബറിലായിരുന്നു യാത്ര ആരംഭിച്ചത്. ഒക്ടോബറിൽ പോലീസ് അറസ്റ്റ് ചെയ്തതോടെ ഈ വിഷയം ദേശീയ പ്രശ്നമായി മാറി.

തുടരും…

Related Articles

Latest Articles