Monday, April 29, 2024
spot_img

മിലൻ കാ ഇതിഹാസ്, പരമ്പര – 45 |
മോദി ഭരണത്തിലെ പ്രഥമ സമ്പൂർണ വർഷം |
സി. പി. കുട്ടനാടൻ

മാന്യരായ തത്വമയി ന്യൂസ് വായനക്കാർക്ക് നമസ്കാരം,

നരേന്ദ്രമോദി ഇന്ത്യൻ പ്രധാനമന്ത്രിയായി ജനകീയ പട്ടാഭിഷേകം ചെയ്യപ്പെട്ടതിനെത്തുടർന്നുള്ള സംഭവങ്ങളിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. വളരെയധികം പ്രത്യേകതകൾ നിറഞ്ഞ സർക്കാർ ആയിരുന്നു നരേന്ദ്രമോദിയുടേത്. മിനിമം ഗവണ്മെൻ്റ് മാക്സിമം ഗവെർണൻസ് എന്നതായിരുന്നു അദ്ദേഹത്തിൻ്റെ നയം. അത് അപ്രകാരം തന്നെ സംഭവിച്ചു. കൂടുതൽ നേരം ജോലി ചെയ്യുക, സർക്കാർ തീരുമാനങ്ങൾ തെറ്റുകൾ വരാതെ വേഗത്തിലാക്കുക, മിതവ്യയം നടപ്പാക്കുക, കേന്ദ്ര സർക്കാരിനെ അഴിമതി രഹിതമാക്കുക, സർക്കാറിൻ്റെ വരുമാനം വർദ്ധിപ്പിയ്ക്കുക, പൊതുജനങ്ങൾക്ക് മികച്ച സേവനം ലഭ്യമാക്കുക, രാഷ്ട്ര സുരക്ഷയിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവാതിരിയ്ക്കുക, വിദേശ ബന്ധങ്ങളിൽ പുതിയ ചരിത്രം രചിയ്ക്കുക, സുശക്തമായ സൈന്യത്തെ കെട്ടിപ്പടുക്കുക, പൊതുജനങ്ങളിൽ പൗരബോധവും ദേശീയതയും വളർത്തുക എന്നിങ്ങനെ സമൂലമായ പരിഷ്കരണവുമായി മോദിസർക്കാർ മുമ്പോട്ടു പോയി. എന്നാൽ ഇതിനൊക്ക നേരിട്ട ആക്ഷേപങ്ങളും കുറവല്ലായിരുന്നു. അതിൽ പ്രധാനപ്പെട്ട ഒരു ആക്ഷേപമാണ് അദ്ദേഹം പത്രസമ്മേളനം നടത്തുന്നില്ല എന്ന സംഗതി. അതിൽ അല്പം വാസ്തവവും ഉണ്ട് താനും.

തന്നെ എല്ലാ ഘട്ടത്തിലും നോവിച്ച അവഹേളിച്ച മാദ്ധ്യമങ്ങളെ തരിമ്പും പരിഗണിയ്ക്കാതെയുള്ള പ്രവർത്തനമായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയിരുന്നത്. പത്ര സമ്മേളനങ്ങൾ നടത്തുകയോ അതിനായി സമയം കളയുകയോ അദ്ദേഹം ചെയ്തില്ല. മുൻകൂട്ടി അപേക്ഷിയ്ക്കുന്ന ചാനലുകൾക്ക് അഭിമുഖങ്ങൾ നൽകുന്ന രീതി അദ്ദേഹം വളർത്തിയെടുത്തു. ശ്രീ. മോദിജിയെയും ബിജെപി എന്ന രാഷ്ട്രീയ പാർട്ടിയെയും എല്ലാ മര്യാദകളും കാറ്റിൽ പറത്തി വേട്ടയാടിയിരുന്ന മാദ്ധ്യമങ്ങൾക്ക് മുഖം തരില്ല എന്ന അദ്ദേഹത്തിൻ്റെ തീരുമാനം ഒരു പ്രതികാരം ചെയ്ത്താണ് എന്ന് കരുതിയാലും തെറ്റില്ല. പത്ര സമ്മേളനം നടത്തിയേ തീരൂ എന്ന് ഒരു നിയമ പുസ്തകത്തിലും പറഞ്ഞിട്ടില്ല. പത്രസമ്മേളനം എന്നത് വാസ്തവത്തിൽ അൺ പ്രൊഡക്ടീവായ വേസ്റ്റേജ് ഓഫ് ടൈം ആണ്. ചുമ്മാ പത്രക്കാർക്ക് ടിആർപി കിട്ടാനുള്ള കലാപരിപാടി മാത്രം. മാത്രമല്ല, മാദ്ധ്യമ പ്രവർത്തകർ ജനങ്ങളെ പ്രതിനിധീകരിയ്ക്കുന്നു എന്ന മിഥ്യാ ധാരണ ബിജെപിയ്‌ക്കോ സംഘ്പരിവാറിനൊ തീർത്തും ഇല്ല തന്നെ. അതിനേക്കാൾ അവർ വിലവയ്ക്കുന്നത് രാഷ്ട്രീയ പാർട്ടികളെയാണ്. മാദ്ധ്യമങ്ങളെ അപേക്ഷിച്ച് എന്തുകൊണ്ടും ജനങ്ങളെ പ്രതിനിധീകരിയ്ക്കുന്നത് രാഷ്ട്രീയ പാർട്ടികൾ തന്നെയാണ്.

കൂടാതെ, ബിജെപിയ്ക്ക് എന്തെങ്കിലും ജനങ്ങളിൽ എത്തിയ്ക്കണമെങ്കിൽ ഒരു മാധ്യമത്തിൻ്റെയും ഔദാര്യം അവർക്ക് ആവശ്യമില്ലാത്ത സ്ഥിതിയുണ്ടായി. അവരുടെ സോഷ്യൽ മീഡിയ സെല്ലിലൂടെ എന്തും എവിടെയും എത്തിയ്ക്കാൻ തക്ക പ്രാപ്തിയുള്ള തലത്തിലേയ്ക്ക് അവർ വളർന്നിരുന്നു. മാത്രമല്ല, ബഹു. പ്രധാനമന്ത്രി നരേന്ദ്രമോദി സോഷ്യൽ മീഡിയയിലൂടെ ജനങ്ങളുമായി നേരിട്ട് സംവദിയ്ക്കുന്ന ആളുമാണ്. അതിനാലാവണം പത്രസമ്മേളനം എന്ന വാചാടോപത്തിന് അദ്ദേഹം തയ്യാറാവാതിരുന്നത്. ഇതൊക്കെ പോരാഞ്ഞിട്ട്, അദ്ദേഹത്തിന് പറയുവാനുള്ള കാര്യങ്ങൾ ആകാശവാണിയിലൂടെ ‘മൻ കി ബാത്’ എന്ന പരിപാടി നടത്തി സാധാരണ ജനങ്ങളിലേക്ക് എത്തിയ്ക്കുകയും ചെയ്തുവന്നു.

ഈ സന്ദർഭത്തിലേക്കാണ് 2015 പിറന്നു വീഴുന്നത്. ബിജെപി സർക്കാരിന് മുമ്പിലുള്ള ആദ്യത്തെ പൂർണ വർഷമാണ് ഇത്. ബിജെപി പ്രവർത്തകർക്ക് ആവേശം നിറച്ചുകൊണ്ട് നരേന്ദ്രമോദിയുടെ ഭരണ പരിഷ്ക്കാരങ്ങൾ അനസ്യൂതം തുടർന്നു. അതിൽ പ്രധാനപ്പെട്ടതായിരുന്നു ആസൂത്രണ കമ്മീഷൻ നിറുത്തലാക്കിയത്. ആസൂത്രണ കമ്മീഷൻ എന്ന കലാപരിപാടിയോട് പണ്ടു മുതൽക്ക് തന്നെ സംഘപരിവാറിന് എതിർപ്പുണ്ടായിരുന്നു. അതിൻ്റെ പരിപൂർണ സമാപ്തിയായിരുന്നു 2015 ജനുവരി 1ന് ഇന്ത്യയുടെ ആസൂത്രണ കമ്മീഷനു പകരമായി നീതി (NITI) ആയോഗ് സ്ഥാപിച്ചത്.

നരേന്ദ്രമോദി അധികാരത്തിലേറിയതിന് ശേഷമുള്ള പ്രഥമ റിപ്പബ്ലിക് ദിനത്തിൽ അമേരിയ്ക്കൻ പ്രസിഡൻ്റ് ബരാക് ഒബാമയെ മുഖ്യാതിഥിയായി ക്ഷണിച്ച് മോദി സർക്കാർ വിദേശ ബന്ധങ്ങൾക്ക് കരുത്ത് പകർന്നു. ഇവിടെ അല്ലറ ചില്ലറ വിവാദങ്ങളുമുണ്ടായി, ഒബാമയെ സ്വീകരിയ്ക്കാൻ നരേന്ദ്രമോദി പ്രോട്ടോകോൾ ലംഘിച്ച് എയർപോർട്ടിൽ പോയി എന്ന വിവാദം തീരും മുമ്പ് തന്നെ മോദിജി ധരിച്ചിരുന്ന കോട്ട് വിവാദമായി. അദ്ദേഹത്തിൻ്റെ പേര് ഇംഗ്ലീഷിൽ തുന്നിപ്പിടിപ്പിച്ച കോട്ടായിരുന്നു അത്. (ഇത് പിന്നീട് 4 കോടി രൂപയ്ക്ക് ലേലത്തിൽ പോയി, ടി തുക നമാമി ഗംഗേ പദ്ധതിയിൽ സമർപ്പിയ്ക്കപ്പെട്ടു)

ഇതിനിടെ കശ്മീർ അശാന്തമായി. കൃത്യമായ തിരിച്ചടികൾ നടത്തുവാൻ സുരക്ഷാ സേനകൾക്ക് സ്വാതന്ത്ര്യം നൽകിക്കൊണ്ട് ഇന്ത്യാ ഗവണ്മെൻ്റ് നിർദ്ദേശം കൊടുത്തു. പണ്ട് കോൺഗ്രസ്സ് ഭരണത്തിൽ നടന്നിരുന്നതുപോലെ ഒരു ബുള്ളറ്റ് പൊട്ടിയ്ക്കുവാൻ ദൽഹിയോട് അനുവാദം ചോദിയ്ക്കേണ്ട ഗതികേടിൽ നിന്നും പട്ടാളക്കാരെ മോചിതരാക്കി. ഫെബ്രുവരി ആദ്യവാരം മുഴുക്കെ ദൽഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണവും തിരഞ്ഞെടുപ്പുമൊക്കെയായിരുന്നു. ഈ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി വിജയിച്ച് സർക്കാരുണ്ടാക്കി. അരവിന്ദ് കെജ്രിവാൾ മുഖ്യമന്ത്രിയായി.

മാർച്ച് മാസത്തിൽ മിഡിലീസ്റ്റിലെ യമനിൽ അസ്വസ്ഥതകൾ രൂപപ്പെട്ടു. അവിടെ ഹൂതി വിമതർ എന്നൊരു ഗ്രൂപ്പ് ആക്രമണങ്ങൾ അഴിച്ചു വിട്ടതിനെ തുടർന്ന് ഇന്ത്യക്കാരായ പ്രവാസികളെ മടക്കി കൊണ്ടുവരുവാനുള്ള ശ്രമങ്ങൾ ഇന്ത്യാ ഗവണ്മെൻ്റ് മാർച്ച് മാസം അവസാനത്തോടെ നടത്തി വിജയിപ്പിച്ചു. ഇതേ മാർച്ച് അവസാനത്തിൽ തന്നെ മുൻ പ്രധാനമന്ത്രി അടൽബിഹാരി വാജ്‌പേയ്ക്കും ഹിന്ദുമഹാസഭ നേതാവും സ്വാതന്ത്ര്യ പോരാളിയുമായിരുന്ന മദന്മോഹൻ മാളവ്യയ്ക്കും ഭാരത് രത്ന പുരസ്‌കാരം നൽകി ആദരിയ്ക്കുവാൻ ബിജെപി സർക്കാർ തീരുമാനിച്ചു.

രാജ്യത്തിന് ഏറ്റവും കൂടുതൽ സാമ്പത്തിക ഭാരം ഉണ്ടാക്കി വയ്ക്കുന്നതും ഡീലർമാർ വഴി തട്ടിപ്പ് നടക്കുന്നതുമായ ഒരു മേഖലയായിരുന്നു പാചകവാതക സബ്‌സിഡി. ഈ സബ്‌സിഡി ആവശ്യമില്ലാത്തവർ സ്വയം ഒഴിവാക്കുവാൻ പ്രധാനമന്ത്രി പൊതുജനത്തോട് ആഹ്വാനം ചെയ്‌തു. ഏപ്രിൽ ആദ്യവാരം തന്നെ നടത്തിയ ഈ ആഹ്വാനത്തിന് ഫലമുണ്ടായി. നിരവധിപ്പേർ തങ്ങളുടെ ഗ്യാസ് സബ്‌സിഡി ഒഴിവാക്കുവാൻ തയ്യാറായി. അതോടൊപ്പം തന്നെ ശേഷിയ്ക്കുന്നവരുടെ ഗ്യാസ് സബ്‌സിഡി അവരുടെ ജൻധൻ അക്കൗണ്ടിൽ നേരിട്ട് എത്തിച്ചേരും വിധം സംവിധാനം ക്രമീകരിയ്ക്കുവാനും സർക്കാർ നടപടിയെടുത്തു.

ആന്ധ്രാപ്രദേശിലെ ശേഷാചലം വനാന്തരങ്ങളിൽ നിന്നും രക്തചന്ദനത്തടി മുറിച്ചു കടത്തുന്ന മാഫിയയുടെ നേർക്ക് ഏപ്രിൽ 7ന് പോലീസ് വെടിയുതിർത്തതിനെ തുടർന്ന് 20 പേർ കൊല്ലപ്പെട്ടു. ഇതൊരു വലിയ വാർത്തയായി. അതേപോലെ തന്നെ ഛത്തീസ്ഗഢിലെ ബസ്തറിൽ സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സിലെ 7 പോലീസ് ഉദ്യോഗസ്ഥരെ ഏപ്രിൽ 11ന് കമ്യുണിസ്റ്റ് ഭീകരർ വെടിവച്ചുകൊന്നു. നാഗാലാൻഡിലെ മോൺ ജില്ലയിൽ മെയ് 3ന് എൻ.എസ്.സി.എൻ ഭീകരരുടെ ആംബുഷിൽ പെട്ട് അസം റൈഫിൾസിലെ 8 പട്ടാളക്കാർ യമപുരിപൂകി. നരേന്ദ്രമോദി അധികാരത്തിലേറിയ ശേഷവും ഇത്തരം ആക്രമണങ്ങൾ തുടരുന്നതിൽ പൊതുജനത്തിന് ആശങ്ക വർദ്ധിച്ചു.

ബംഗ്ലാദേശുമായി ചില അതിർത്തി ഗ്രാമങ്ങളുടെ പേരിൽ നിലനിന്നിരുന്ന ആശയക്കുഴപ്പം പരിഹരിച്ചുകൊണ്ട് മെയ് 7ന് ബംഗ്ലാദേശ് സർക്കാരുമായി ധാരണയിൽ എത്തിക്കൊണ്ട് ഒരു ബുള്ളറ്റുപോലും ചെലവാക്കാതെ വളരെ സമാധാനപരമായി അതിർത്തി നിർണ്ണയവും ഗ്രാമങ്ങളുടെ കൈമാറ്റവും നരേന്ദ്രമോദി സർക്കാർ മെയ് 7ന് നടപ്പാക്കി. അങ്ങനെ അടുത്ത മിലാന സംഭവിച്ചു.

ഈ കാലയളവിലെല്ലാം തന്നെ നിരവധി സാമൂഹിക ക്ഷേമ പദ്ധതികളും പൊതുജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുവാനുള്ള പ്രവർത്തനങ്ങളും ബിജെപി സർക്കാർ ചെയ്തുപോന്നു. പക്ഷെ യുപിഎ സർക്കാരിൻ്റെ കാലത്ത് ഏതു രീതിയിൽ അക്രമ പ്രവർത്തനങ്ങൾ ദേശീയ സുരക്ഷയ്ക്ക് നേരിടേണ്ടി വന്നുവോ അതെ പ്രകാരത്തിലുള്ള ആക്രമണങ്ങൾ മോദി ഭരണത്തിലും തുടർന്നുപോന്നു. പക്ഷെ ഒരു വ്യത്യാസമുണ്ടായി., അടിയ്ക്ക് തിരിച്ചടിയുമായി നരേന്ദ്രമോദി സർക്കാർ പുതിയൊരു പട്ടാള സംസ്കാരം മുമ്പോട്ടുവച്ചു. അതിനുള്ള വ്യക്തമായ ഉദാഹരണം വൈകാതെ തന്നെ രാജ്യം കണ്ടു. ജൂൺ 4ന് മണിപ്പൂരിൽ വച്ച് നാഗാലാ‌ൻഡ് വിമത ഭീകരരുടെ ആക്രമണത്തിൽ 20 പട്ടാളക്കാർ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ഇതിനെ ഒരു ചലഞ്ചായെടുത്ത ഇന്ത്യൻ പ്രതിരോധ വകുപ്പ് ജൂൺ 9ന് മ്യാന്മാർ അതിർത്തി കടന്നുചെന്ന് ഈ ഭീകരരെ അമർച്ച ചെയ്യുവാൻ ഒരുമ്പെട്ടു. ഇതായിരുന്നു ഈ സർക്കാരിൻ്റെ ആദ്യത്തെ സർജിയ്ക്കൽ സ്ട്രൈക്ക്.

ഭാരത സംസ്കാരത്തെ ലോകത്തിന് പരിചയപ്പെടുത്തുക എന്നത് ആർഎസ്എസ് നയമാണ്. അതിനോട് നീതി പുലർത്തുവാൻ പ്രതിജ്ഞാബദ്ധരാണ് ബിജെപി. അതിനാൽ നിരവധി ശ്രമങ്ങളുടെ ഫലമായി മുമ്പുതന്നെ ജനപ്രിയമായി തീർന്നിരുന്ന ഇന്ത്യൻ വ്യായാമ ആത്മീയ മുറയായ യോഗചര്യ ലോകത്തിൻ്റെ ഒരു ആചരണ ദിനമാക്കിത്തീർക്കുവാൻ യുഎൻ തീരുമാനിച്ചു. അതിനായി ആർഎസ്എസ് സ്ഥാപകനായ ഡോ. ഹെഡ്ഗേവാറിൻ്റെ ചരമ ദിനമായ ജൂൺ 21 നിശ്ചയിക്കപ്പെട്ടു. അങ്ങനെ ജൂൺ 21ന് ലോകമെമ്പാടും യോഗാചരണം നടന്നു. വളരെ ആവേശകരമായി ജനങ്ങൾ ഇതിനോട് സഹകരിച്ചു. ഭാരതം ലോകത്തിന് കൊടുത്ത യോഗ പ്രഘോഷിയ്ക്കപ്പെടുകയാണ്. നാഗാലാൻഡിൽ നിരന്തര പ്രശ്നമായതിനെ തുടർന്ന് അവിടെ സൈനിക അധികാര നിയമമായ അഫ്‌സ്പ പ്രഖ്യാപിയ്ക്കാൻ കേന്ദ്രസർക്കാർ നിർബന്ധിതമായി. ജൂൺ 30 മുതൽ ഒരു വർഷത്തേയ്ക്ക് അവിടെ അഫ്‌സ്പ നിയമം നടപ്പാക്കാനുള്ള ഉത്തരവിട്ടു.

വളരെക്കാലമായി സുഷുപ്തിയിലാണ്ടുകിടന്ന ഖാലിസ്ഥാൻ ഭീകരപ്രവർത്തനങ്ങൾ തലപൊക്കുവാൻ ആരംഭിച്ചു. പാകിസ്ഥാൻ വഴി ഇന്ത്യയിലേയ്ക്ക് കടന്ന പട്ടാള യൂണിഫോം ധരിച്ച മൂന്ന് സിഖ് ഭീകരർ 2015 ജൂലൈ 27ന് പഞ്ചാബിലെ ഗുരുദാസ്പൂർ ജില്ലയിലെ ദിന നഗർ പോലീസ് സ്റ്റേഷൻ ആക്രമിച്ചു. ആവലാതിക്കാരായി സ്റ്റേഷനിലെത്തിയിരുന്ന 3 സാധാരണക്കാരും ഒരു പോലീസ് സൂപ്രണ്ട് ഉൾപ്പെടെ 4 പോലീസുകാരും ഈ അക്രമണത്തിൽ കൊല്ലപ്പെട്ടു. 15 പേർക്ക് പരിക്കേറ്റു. തുടർന്ന് നടന്ന ഏറ്റുമുട്ടലിൽ ഭീകരരെ കൊല്ലുവാൻ സാധിച്ചു. ഇന്ത്യയെ ദുഃഖിപ്പിയ്ക്കുന്ന മറ്റൊരു വാർത്തയും ഇതേ ദിവസമുണ്ടായി (ജൂലായ് -27). അതായിരുന്നു സ്വാമി വിവേകാനന്ദന് ശേഷം ഇന്ത്യൻ യുവതയെ സ്വാധീനിച്ച മഹദ് വ്യക്തിത്വമായ മുൻ പ്രസിഡണ്ട് ശ്രീ. എപിജെ അബ്ദുൾകലാം അവർകളുടെ മരണവാർത്ത. തൻ്റെ ജീവിതാവസാനം വരെയും ക്‌ളാസ്സുകൾ എടുത്തു നടന്നിരുന്ന വിശിഷ്ടാദ്ധ്യാപകനായ അദ്ദേഹം ഷില്ലോങ്ങിലെ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെണ്ടിൽ പ്രസംഗിക്കുന്നതിനിടെ ഉണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് മരണപ്പെടുകയായിരുന്നു. സത്യത്തിൽ കലാം സാറിൻ്റെ മരണവർത്തയിൽ മുങ്ങി പഞ്ചാബിലെ അക്രമണ വാർത്ത തമസ്കരിയ്ക്കപ്പെട്ടു.

ബിജെപിയെ ഏതു വിധത്തിലും പൂട്ടണം എന്ന് ചിന്തിച്ചുകൊണ്ടിരുന്ന എതിർ കക്ഷികൾ ജാതി രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിയ്ക്കുവാൻ ആരംഭിച്ചു. എന്തിനെന്നാൽ ബിജെപിയുടെ ശക്തി ഹിന്ദു വോട്ടുകളാണ്, ജാത്യാടിസ്ഥാനത്തിൽ വിഘടിച്ചു നിൽക്കുകയാണെങ്കിൽ ഹിന്ദുവോട്ടുകൾ ഒരുപോലെ വീഴില്ല. അതിനായി ജാതീയമായ വിവേചനം നിലനിൽക്കണം. അതിനുവേണ്ടി പഴയ ജാതിക്കഥകൾ പാടുവാൻ ഇസ്ലാമിക് പാണന്മാരും, അവരുടെ ഫണ്ടിങ്ങിൽ പ്രവർത്തിയ്ക്കുന്ന അംബേദ്ക്കറൈറ്റുകൾ എന്ന് സ്വയം പേരിട്ടു വിളിയ്ക്കുന്ന ജോഗേന്ദ്ര മണ്ഡലൈറ്റുകളും രംഗത്തെത്തി. അവരുടെ സവർണ അവർണ്ണ കഥകൾ സോഷ്യൽ മീഡിയയിലൂടെ പറന്നു നടന്നു. ഇതേ സമയം തന്നെ ഗുജറാത്തിലെ ബിജെപി വോട്ടർമാരായ പട്ടേൽ സമുദായത്തെ സംഘടിപ്പിച്ചുകൊണ്ട് സംവരണം ആവശ്യപ്പെടുന്ന സമരവുമായി കോൺഗ്രസ്സ് രംഗത്തിറങ്ങി. ജാതീയമായ സംവരണം ആവശ്യപ്പെടുന്നത് ഹിന്ദുക്കളെ വിഭജിയ്ക്കുവാനുള്ള പ്രധാന ആയുധമായി കോൺഗ്രസ്സ് കരുതി. ഈ കോൺഗ്രസാണ് മതജാതി ചിന്തകൾക്ക് അതീതമായി നിൽക്കുന്നതെന്ന് അവകാശപ്പെടുന്നത് കേൾക്കുമ്പോൾ ചിരി വരാറുണ്ട്. അങ്ങനെ പട്ടേൽ പ്രക്ഷോഭം വളരെ കാര്യമായി ആളിക്കത്തി. ഹാർദ്ദിക്‌ പട്ടേൽ എന്ന് പേരായ പട്ടേൽ യുവ നേതാവിനെ രാഹുൽഗാന്ധി ഉയർത്തിക്കാട്ടി. അയാളുമായി കോൺഗ്രസ്സ് സാമുദായിക രാഷ്ട്രീയ പ്രവർത്തനം നടത്തി. ഇതിനിടയിലെല്ലാം കാശ്മീർ അശാന്തമായിരുന്നു. ദൈനം ദിനം ആക്രമണങ്ങൾ നടന്നുവന്നു.

ഒരു വലിയ ദുരന്തവും ഇതിനിടെയുണ്ടായി., മദ്ധ്യപ്രദേശിലെ ജബുവ ജില്ലയിലെ പെറ്റൽവാദ് എന്ന സ്ഥലത്തെ ഒരു റസ്റ്ററൻ്റ്ൽ സെപ്റ്റംബർ 12ന് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് 89 മനുഷ്യർ കൊല്ലപ്പെട്ടതായിരുന്നു അത്. അതിന് ശേഷം സെപ്റ്റംബർ 16ന് നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡിന് (ഖപ്ലാംഗ്) അഞ്ച് വർഷത്തേക്ക് നിരോധനമേർപ്പെടുത്തിക്കൊണ്ട് കേന്ദ്ര സർക്കാർ ഉത്തരവിട്ടു. സെപ്റ്റംബർ അവസാനത്തോടെ നേപ്പാളിൽ വംശീയ പ്രശ്‍നങ്ങൾ തലപൊക്കി, മധേസി, തരു വംശീയ വിഭാഗങ്ങൾ തമ്മിലുണ്ടായ പ്രശ്‍നങ്ങൾ അവിടുത്തെ രാഷ്ട്രീയത്തെ കലുഷിതമാക്കി. അത് ഇന്ത്യയിലേക്കുള്ള ചരക്കു നീക്കത്തെയടക്കം ബാധിച്ചു.

ഇതിനിടയിൽ ഗോവധം സംബന്ധിയായ പ്രശ്‍നങ്ങൾ ഉയർന്നുവന്നിരുന്നു. അതെ തുടർന്നുണ്ടാകുന്ന പ്രശ്‍നങ്ങൾ കൂടുതലായി ചർച്ചകളിലേക്ക് വരുവാൻ തുടങ്ങി. ഇതുവരെ ഇത്തരം കാര്യങ്ങൾ കാര്യമായി റിപ്പോർട്ട് ചെയ്യാതിരുന്ന പത്രക്കാർ പൊടുന്നനെ ഇത്തരം വിഷയങ്ങൾ റിപ്പോർട്ട് ചെയ്യുവാനാരംഭിച്ചു. അതിലൊന്നായിരുന്നു സമാജ്‌വാദി പാർട്ടി ഭരിച്ചുകൊണ്ടിരുന്ന ഉത്തർപ്രദേശിലെ ദാദ്രി ജില്ലയിൽ സെപ്റ്റംബർ 28ന് മുഹമ്മദ് അഖ്‌ലാക് എന്ന ഗോമാംസാഹാരി പൊതുജനത്തിൻ്റെ അടിയേറ്റ് മയ്യത്തായ സംഭവം. ഇത് വലിയ ഒച്ചപ്പാടുണ്ടാക്കി. ഇന്ത്യാഗവണ്മെൻ്റ് നടത്തിയ വിപ്ലവകരമായ നീക്കമായിരുന്നു ജുഡീഷ്യൽ നിയമന കമ്മീഷൻ നടപ്പാക്കുക എന്നത്. കാരണം നിലവിലെ സമ്പ്രദായമനുസരിച്ച് ജഡ്ജിമാരുടെ കൊളീജിയമാണ് ജഡ്ജിമാരെ നിയമിയ്ക്കുന്നത്. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്തുവാനായുള്ള ഭരണഘടനാ ഭേദഗതിയായിരുന്നു NJAC. ഇത് ഭരണഘടനാ വിരുദ്ധമാണെന്ന് ഒക്ടോബർ 16ന് വിധിച്ചുകൊണ്ട് സുപ്രീം കോടതി തങ്ങളുടെ അവകാശാധികാരങ്ങളെ അരിയിട്ടുവാഴിച്ചു. ഒക്ടോബർ 31നെ രാഷ്ട്രീയ ഏകതാ ദിവസ് (ദേശീയ ഐക്യദിനം) ആയി ആചരിച്ചുകൊണ്ട് ആദ്യമായി സർദാർ വല്ലഭായ് പട്ടേലിൻ്റെ ജന്മദിനം ഇന്ത്യ അഭിമാനപൂർവം കൊണ്ടാടുന്ന അവസ്ഥയും 2015ലുണ്ടായി.

തുടരും….

Related Articles

Latest Articles