Monday, April 29, 2024
spot_img

മിലൻ കാ ഇതിഹാസ്, പരമ്പര – 49 |
സർജിയ്ക്കൽ സ്‌ട്രൈക്കിൻ്റെ തിരഞ്ഞെടുപ്പ് കാലം |
സി. പി. കുട്ടനാടൻ

പ്രിയപ്പെട്ട തത്വമയി ന്യൂസ് വായനക്കാർക്ക് നമസ്കാരം, നമ്മുടെ മിലൻ കാ ഇതിഹാസ് ലേഖന പരമ്പര ആരംഭിച്ചിട്ട് ഒരു വർഷം പൂർത്തിയായിക്കഴിഞ്ഞ വേളയിലാണ് ഈ 49ആം ഭാഗം വായനക്കാരിലേക്ക് എത്തുന്നത്. മിലൻ കാ ഇതിഹാസിൻ്റെ ആദ്യ ലക്കം പ്രസിദ്ധപ്പെട്ടത് 2022 ജനുവരി 2ആം തീയതിയായിരുന്നു. ഈ ലേഖന പരമ്പരയ്ക്ക് കഴിഞ്ഞ ഒരു വർഷമായി പ്രോത്സാഹനങ്ങൾ നൽകിക്കൊണ്ട് ഒപ്പം നിൽക്കുന്ന ദേശീയവാദികളായ എല്ലാ ഭാരതീയർക്കും നന്ദി അറിയിയ്ക്കുന്നു.

ഇനി കഴിഞ്ഞ തവണ പറയാൻ മറന്ന ചില സംഗതികൾ ഓർമ്മിപ്പിച്ചുകൊണ്ട് അടുത്ത ഭാഗങ്ങളിലേക്ക് കടക്കാം. 2018 ജൂൺ മാസത്തിൽ നാഗ്പൂരിൽ നടന്ന ആർഎസ്എസിൻ്റെ ത്രിതീയ വർഷ സംഘശിക്ഷാ വർഗ്ഗിൽ പരിശീലനത്തിനെത്തിയ 800 സ്വയംസേവകരെ അഭിസംബോധന ചെയ്തുകൊണ്ട് മുൻ രാഷ്ട്രപതിയും കോൺഗ്രസ്സ് നേതാവുമായ ശ്രീ. പ്രണബ് കുമാർ മുഖർജി എന്ന പ്രണബ്ദാ ജൂൺ 7ന് സംസാരിച്ചു. നാഗ്പൂർ കാര്യാലയത്തിലെ സന്ദർശക പുസ്തകത്തിൽ ആർഎസ്എസ് സ്ഥാപകൻ കെ.ബി.ഹെഡ്ഗേവാറിനെ ‘ഭാരതമാതാവിൻ്റെ മഹാനായ പുത്രൻ’ എന്നു പ്രണബ് മുഖർജി വിശേഷിപ്പിച്ചു. ഇത് കോൺഗ്രസ്സ് കേന്ദ്രങ്ങളിൽ ഞെട്ടലുണ്ടാക്കി. ഇനി നമുക്ക് അടുത്ത വർഷത്തിലേക്ക് കടക്കാം.

പൊതു തിരഞ്ഞെടുപ്പിൻ്റെ കാഹളത്തോടെയായിരുന്നു 2019 ആരംഭിച്ചത്. എല്ലാ രാഷ്ട്രീയ പാർട്ടികളും തിരഞ്ഞെടുപ്പിന് വീണുകിട്ടുന്ന അവസരങ്ങളെ ഉപയോഗിയ്ക്കുവാൻ തക്കം പാർത്തിരുന്നു. ഈ കാലഘട്ടത്തിന് കഴിഞ്ഞുപോയ തിരഞ്ഞെടുപ്പ് കാലഘട്ടത്തേക്കാൾ ഒരു വ്യത്യാസമുണ്ടായിരുന്നു. അതെന്തെന്നാൽ മുമ്പ് ബിജെപിയ്ക്ക് മാത്രമായിരുന്നു സജീവമായ സൈബർ വിങ്ങുണ്ടായിരുന്നതെങ്കിൽ ഇക്കുറി എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും മോശമല്ലാത്ത സൈബർ പോരാളികൾ ഉണ്ടായിവന്നു എന്നതാണത്.

വർഷാരംഭത്തിൽ തന്നെ ബിജെപി സർക്കാർ ആദ്യ തിരഞ്ഞെടുപ്പ് നീക്കം സംവരണ രൂപത്തിൽ നടത്തി. അതായിരുന്നു മുന്നാക്ക സാമ്പത്തിക സംവരണം. 2019 ജനുവരി 7ന് ഭരണഘടനയുടെ 15, 16 അനുഛേദങ്ങള്‍ ഭേദഗതി ചെയ്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ജോലികളിലും മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10% സംവരണം ഏർപ്പെടുത്തിക്കൊണ്ട് കേന്ദ്രസർക്കാർ ഗോളടിച്ചു. സംവരണ വിഭാഗങ്ങളുടെ സംവരണത്തെ ഒട്ടും ബാധിക്കാതെയാണു ഈ മുന്നാക്ക സാമ്പത്തിക സംവരണം അനുവദിച്ചത്. ഇത് പരക്കെ സ്വാഗതം ചെയ്യപ്പെട്ടു എങ്കിലും മുസ്ലിം ലീഗും മറ്റു ചിലരും ഇതിനെതിരെ ശബ്ദമുയർത്തി. എന്നാൽ ഇടതുപക്ഷമടക്കമുള്ളവർ ഇതിനെ പിന്തുണച്ചു. എന്തിനേറെ ഇതിൻ്റെ അടിസ്ഥാനത്തിൽ കേരള സംസ്ഥാന സർക്കാർ സർവീസിലും ഇതേ മാതിരി സംവരണം ഏർപ്പെടുത്തിക്കൊണ്ട്‌ പിണറായി വിജയൻ സർക്കാരും കേന്ദ്രത്തിനെ പിന്തുണച്ചു.

തിരഞ്ഞെടുപ്പ് ഗോഗ്വാ വിളികളും ഓരോ മണ്ഢലങ്ങളിലെയും സ്ഥാനാർത്ഥികൾ ആരൊക്കെയാകും എന്ന കണക്കുകൂട്ടലുകളുമെല്ലാം തകൃതിയായി നടന്നു വന്നു. ചാനലുകൾ പ്രധാനപ്പെട്ട പ്രദേശങ്ങളിൽ രാഷ്ട്രീയ ചർച്ചകൾ സംഘടിപ്പിച്ചു. ബിജെപി സർക്കാർ കഴിഞ്ഞ 5 വർഷങ്ങളായി നടപ്പാക്കിയ വികസന പദ്ധതികളും ദേശീയതയും ഊന്നിപ്പറഞ്ഞുകൊണ്ട് ബിജെപിക്കാർ രംഗത്തിറങ്ങി. സർക്കാരിൻ്റെ പ്രോഗ്രസ്സ് കാർഡ് വാട്സാപ്പിൽ നിന്നും വാട്സാപ്പിലേയ്ക്ക് പറന്നു കളിച്ചു. ഇതിനിടയിലെല്ലാം തന്നെ മൂഡ് ഓഫ് ദി നേഷൻ സർവേകൾ പല പത്രസ്ഥാപനങ്ങളും നടത്തിവന്നു. അതിലെല്ലാം നരേന്ദ്രമോദിജിയ്ക്കും ബിജെപിയ്ക്കുമൊപ്പമാണ് ഇന്ത്യക്കാർ എന്ന് വാർത്തകൾ വന്നു. മാത്രമല്ല ലോകനേതാക്കളിൽ പ്രമുഖനാണ് നരേന്ദ്രമോദി എന്ന് അന്താരാഷ്ട്ര പത്രങ്ങൾ വിലയിരുത്തി. ഇതിങ്ങനെ അനസ്യൂതം നിരന്തരം ദൈനംദിനം നടന്നു വരവേ ദുഃഖകരവും ഭീതിദവുമായ ഒരു സംഭവം കാശ്‌മീരിലുണ്ടായി.

ഈ സമയങ്ങളിൽ റാഫേൽ വിമാന ഇടപാടിൽ അഴിമതി ആരോപിച്ചുകൊണ്ട് കോൺഗ്രസ്സ് പാർട്ടി രംഗത്തു വന്നു. പ്രധാനമന്ത്രിയുടെ ഓഫീസ് അഴിമതി നടത്തി എന്നൊക്കെ കോൺഗ്രസ്സ് തട്ടിവിട്ടു. ഫെബ്രുവരി മാസത്തിലെ ആദ്യ വാരം നടന്ന പാർലമെൻ്റ് നടപടികൾ മുഴുവനും പ്രതിപക്ഷം അലമ്പാക്കി. മോദിജിയെ അഴിമതി ആരോപണത്തിൻ്റെ നിഴലിൽ നിറുത്തുക എന്നതായിരുന്നു കോൺഗ്രസ്സിൻ്റെ ലക്‌ഷ്യം. മോദിജി 30000 കോടിയുടെ അഴിമതി നടത്തി എന്നൊക്കെ രാഹുൽ രാജീവ് അടിച്ചു വിട്ടു. അക്കാലത്ത് നരേന്ദ്രമോദി സ്വയം രാഷ്ട്രത്തിൻ്റെ ചൗക്കീദാർ (കാവൽക്കാരൻ) എന്ന് വിശേഷിപ്പിച്ചിരുന്നു. ഇതിനെ റൗൾവിൻസിയും കൂട്ടരും ചൗക്കീദാർ ചോർ ഹേ (കാവൽക്കാരൻ കള്ളനാണ്) എന്നാക്കി പ്രചരിപ്പിച്ചു. അതോടെ പൊതുജനം മേം ഹൂം ചൗക്കീദാർ (ഞാനും കാവൽക്കാരൻ) എന്ന് സോഷ്യൽ മീഡിയയിലും പൊതു ഇടങ്ങളിലും കുറിയ്ക്കുവാൻ തുടങ്ങി. ഇതിങ്ങനെ പോകുമ്പോൾ റാഫേൽ വിമാന ഇടപാടിൽ രാജ്യത്തിന് ലാഭം മാത്രമേ ഉണ്ടായിട്ടുള്ളൂ എന്ന സിഎജി റിപ്പോർട്ട് പുറത്തെത്തിയത് കോൺഗ്രസിന് ക്ഷീണമായി. അവർ സുപ്രീംകോടതിയെ സമീപിച്ചു. തിരഞ്ഞെടുപ്പ് തീരും വരെയെങ്കിലും മോദി കള്ളനാണ് എന്ന പ്രതീതി നിലനിർത്തണം എന്നു മാത്രമേ അവർക്കുണ്ടായിരുന്നുള്ളൂ. എന്നാൽ ഇതിനെയൊക്കെ പൊതുസമൂഹം തള്ളിക്കളഞ്ഞു.

ഏകദേശം 2500 ഓളം വരുന്ന സിആർപിഎഫ് ഉദ്യോഗസ്ഥർ 2019 ഫെബ്രുവരി 14ന്, 78 കോൺവോയ്കളിലായി ജമ്മുവിൽ നിന്നും ശ്രീനഗറിലേക്ക് ദേശീയപാത 44ലൂടെ സഞ്ചരിക്കുകയായിരുന്നു. വൈകിട്ട് 3.30നോട് കൂടിയാണു സംഘം ജമ്മുവിൽ നിന്നും യാത്ര തിരിച്ചത്. വൈകിട്ടോടെ അവർ ശ്രീനഗറിൽ എത്തിച്ചേരേണ്ടതായിരുന്നു. എന്നാൽ ആദിൽ അഹമ്മദ് ദർ എന്ന മുസ്ലിം മതഭ്രാന്തൻ മാരുതി ഈകോ വാഹനത്തിൽ 350 കിലോ സ്ഫോടക വസ്തുക്കൾ നിറച്ച് അവാന്തിപുരക്കടുത്തുള്ള ലെത്തപ്പോരയിൽ വച്ച് സൈനിക വ്യൂഹത്തിലേക്ക് ഇടിച്ചു കയറ്റി. വമ്പിച്ച സ്ഫോടനമുണ്ടായി ഒരു കോൺവോയിയിൽ ഉണ്ടായിരുന്ന 49 സൈനികർ കൊല്ലപ്പെട്ടു. ഈ ആത്മഹത്യാ കാർ ബോംബിങ്ങിൻ്റെ തീവ്രതയിൽ 100 മീറ്റർ ദൂരത്തേക്ക് വരെ സൈനികരുടെ ശരീര ഭാഗങ്ങൾ ചിതറിത്തെറിച്ചു. നിരവധി പേർക്ക് ഈ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റു. പരുക്കേറ്റവരെ ശ്രീനഗറിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ സംഭവം ഇന്ത്യയിൽ വികാര വേലിയേറ്റം സൃഷ്ടിച്ചു. കടുത്ത മുസ്ലിം വിപ്രതിപത്തി പൊതുജനങ്ങളുടെ ഇടയിൽ ഉണ്ടായി.

അതിൻ്റെ പ്രധാന കാരണം സോഷ്യൽ മീഡിയയിലടക്കം മുസ്ലീങ്ങൾ ഈ ആക്രമണത്തെ ആഘോഷിച്ചു എന്നതാണ്. ഈ വാർത്തയുടെ കീഴിൽ സ്മൈലി കൊടുത്തും മറ്റുമൊക്കെ ഇന്ത്യൻ സുരക്ഷാ സേന നേരിട്ട തിരിച്ചടിയോടുള്ള അവരുടെ സന്തോഷം അവർ പ്രകടിപ്പിച്ചു. ഇതോടെ ഇന്ത്യൻ ദേശീയബോധം ഉണർന്നു. ഈ സംഭവം ലോക്സഭാ തിരഞ്ഞെടുപ്പിനെ കീഴ്മേൽ മറിയ്ക്കുവാൻ പ്രാപ്തിയുള്ളതായിരുന്നു. മാത്രമല്ല ഇത് ബിജെപിയുടെ രാഷ്ട്രീയ നേട്ടത്തിൽ കലാശിയ്ക്കും എന്ന സൂചന തോന്നിയപ്പോൾ അവർ തഖിയയുമായി ഇറങ്ങി. ബിജെപി തയ്യാറാക്കിയ നാടകമായിരുന്നു ഈ സ്ഫോടനമെന്നും പട്ടാളക്കാരെ കൊല്ലാനായി ആളെ വിട്ടത് ബിജെപിയാണെന്നും അവർ പ്രചരിപ്പിച്ചു.

ഇതെല്ലാം കീഴ്മേൽ മറിയ്ക്കാൻ ശേഷിയുള്ള ഒരു നേതാവാണ് ഇന്ത്യയെ നയിയ്ക്കുന്നത് എന്ന കാര്യം നമ്മൾ ചിന്തിയ്ക്കണം. നരേന്ദ്രമോദി എന്ന ഉജ്ജ്വലനായ നേതാവിൻ്റെ കയ്യിൽ രാഷ്ട്രം സുരക്ഷിതമാണെന്ന് പൊതുജനത്തിന് ബോദ്ധ്യമായി. പാകിസ്താനുമായി ഒരു ഏറ്റുമുട്ടലുണ്ടാകും എന്ന നിലയിലേയ്ക്ക് കാര്യങ്ങളെത്തി. കാരണം ഭരിയ്ക്കുന്നത് ബിജെപിയാണ്, നരേന്ദ്രമോദിയാണ്‌. പണ്ട് മുംബൈയിൽ ആക്രമണം നടത്തിയപ്പോൾ മിഴുങ്ങസ്യ എന്നും പറഞ്ഞിരുന്ന മൗനിബാബ സിങ് അല്ല നാട് ഭരിയ്ക്കുന്നത്. അമേരിയ്ക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് അടക്കമുള്ള ലോകനേതാക്കൾ പറഞ്ഞു പാകിസ്താന് പണി ഉറപ്പാണ് എന്ന്. നയതന്ത്ര തലത്തിൽ നരേന്ദ്രമോദി മുമ്പ് നടത്തിയിരുന്ന യാത്രകളൊക്കെ അതിൻ്റെ ഫലപ്രാപ്തിയിലെത്തിയ അവസ്ഥയാണ് പിന്നീട് കണ്ടത്. ലോകമെങ്ങും ഇന്ത്യയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

റോ അടക്കമുള്ള ഇൻ്റലിജൻസ് വിഭാഗങ്ങൾ അക്ഷീണം പരിശ്രമം തുടങ്ങി. കൃത്യമായൊരു തിരിച്ചടിയ്ക്ക് ഇന്ത്യ തയ്യാറായി. പ്രധാനമന്ത്രി നരേന്ദ്രമോദി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, മൂന്ന് സേനാ മേധാവികള്‍, റോ, ഐ.ബി. മേധാവികള്‍ എന്നിവർ ചേർന്ന് പാകിസ്ഥാനിൽ ഒരു സർജിയ്ക്കൽ സ്ട്രൈക്ക് നടത്തുവാനുള്ള തീരുമാനം കൈക്കൊണ്ടു. ജെയ്‌ഷെ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന പാകിസ്താനിലെ ബാലകോട്ട് ഉള്‍പ്പെടെ 6 മേഖലകൾ ഇൻ്റലിജൻസ് ഉദ്യോഗസ്ഥര്‍ സ്പോട്ട് ചെയ്തു. ഇതില്‍ ഇസ്ലാമിക് ഭീകരനായ മൗലാന മസൂദ് അസറിൻ്റെ ബന്ധുവായ യൂസഫ് അസറിൻ്റെ നേതൃത്വത്തിലുള്ള ജെയ്‌ഷെയുടെ ട്രെയിനിങ് ക്യാമ്പും ഉള്‍പ്പെട്ടിരുന്നു. ഇൻ്റലിജൻസ് വിവരങ്ങള്‍ കൃത്യമായി കൈമാറിയതോടെ ഫെബ്രുവരി 18-ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യോമാക്രമണത്തിന് അനുമതി നല്‍കി.

തുടര്‍ന്ന് ഫെബ്രുവരി 22 മുതല്‍ വ്യോമസേനയുടെ വിമാനങ്ങള്‍ അതിര്‍ത്തിയില്‍ നിരീക്ഷണം തുടങ്ങി. നിരന്തരമായി അതിര്‍ത്തിയില്‍ പറന്ന് പാക് സൈന്യത്തെ അസ്വസ്ഥമാക്കിയതിനോടൊപ്പം ജെയ്‌ഷെ കേന്ദ്രങ്ങള്‍ നിരീക്ഷിയ്ക്കുകയും ചെയ്‌തു. ബാലകോട്ടിലെ ഭീകര കേന്ദ്രങ്ങളില്‍ മുന്നൂറിലേറെ ഭീകരരുടെ സാന്നിധ്യം ഉറപ്പു വരുത്തിയതോടെ ഈ വിവരങ്ങള്‍ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു. തുടര്‍ന്ന് ഫെബ്രുവരി 25 തിങ്കളാഴ്ച വൈകിട്ടോടെ പാക് ഭീകരകേന്ദ്രങ്ങള്‍ക്ക് നേരേ വ്യോമക്രമണം നടത്താന്‍ തീരുമാനമെടുത്തു. ആർക്കും ഒരു സൂചന തൻ്റെ തൻ്റെ ശരീര ഭാഷയിൽ നിന്നുപോലും വായിച്ചറിയുവാൻ സാധിയ്ക്കാത്ത വിധം സാധാരണപോലെ മോദിജി പെരുമാറിക്കൊണ്ടിരുന്നു. തിങ്കളാഴ്ച രാത്രി ന്യൂസ് 18 ചാനല്‍ സംഘടിപ്പിച്ച ഇലക്ഷൻ പരിപാടിയില്‍ പങ്കെടുത്ത ശേഷം 9.15ന് ഔദ്യോഗിക വസതിയിലെത്തിയ അദ്ദേഹം പിന്നീട് ഉറങ്ങിയില്ല. പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വ്യോമസേനാ മേധാവി എയര്‍ചീഫ് മാര്‍ഷല്‍ ബി.എസ്. ധനോവ എന്നിവരുമായി ഇതിനിടെ പലവട്ടം ചര്‍ച്ചനടത്തി.

2019 ഫെബ്രുവരി 26 ചൊവ്വാഴ്ച നേരം പുലർന്നത് തന്നെ പാകിസ്ഥാനിൽ നിന്നുള്ള ഒരു ട്വീറ്റ് വാർത്തയാക്കിക്കൊണ്ടായിരുന്നു. ബാലക്കോട്ടിലെ ഭീകര ക്യാമ്പുകളിൽ ഇന്ത്യ വ്യോമാക്രമണം നടത്തിയിരിയ്ക്കുന്നു. പത്രക്കാർ വാർത്ത ആഘോഷിച്ചു. ഇന്ത്യക്കാരുടെ ഹൃദയം തുടികൊട്ടി. മുന്നൂറിലധികം ഇസ്ലാമിക ഭീകരരെ ശഹീദാക്കി ഹിദായത്ത് നൽകിക്കൊണ്ട് ഇന്ത്യൻ എയർ ഫോഴ്‌സ് ഇന്ത്യക്കാരുടെ നെഞ്ച് വാനോളം ഉയർത്തി. നരേന്ദ്രമോദിയും പട്ടാളവും നാട്ടിൽ ഹീറോകളായി. യോഗി ആദിത്യനാഥ് മോദി സേന എന്ന എന്ന പ്രയോഗം നടത്തിയത് പൊതുജനം ഏറ്റെടുത്തു. ഇതേസമയം പ്രതിപക്ഷം പതിവ് പല്ലവിയുമായി വന്നു. അവർക്ക് മിന്നലാക്രമണത്തിൻ്റെ തെളിവ് വേണമത്രേ. പാകിസ്ഥാൻ പത്രങ്ങൾ പ്രചരിപ്പിയ്ക്കുന്നതിൻ്റെ ഇന്ത്യയിലെ നാവായി മാറി പ്രതിപക്ഷം. കിട്ടുന്നതെല്ലാം മോദിയ്‌ക്കെതിരെ ഉപയോഗിയ്ക്കാൻ ശ്രമിച്ച് ഒരു വഴിയ്ക്കായി പ്രതിപക്ഷം. ഇന്ത്യ നടത്തിയ ആക്രമണത്തിൽ പാകിസ്താനിലെ കുറെ മരങ്ങൾ നശിച്ചതൊഴിച്ചാൽ മറ്റൊന്നുമുണ്ടായില്ലെന്ന് കോൺഗ്രസ്സുകാരും പോപ്പുലർ ഫ്രണ്ടുകാരും കമ്യുണിസ്റ്റുകളും പ്രചരിപ്പിച്ചു. പക്ഷെ വിദേശ മാദ്ധ്യമങ്ങളടക്കം നിരവധി തെളിവുകൾ പുറത്തുവിട്ടു. ദേശീയവാദികൾ ആഹ്ലാദത്തിലാറാടി.

ഇതേസമയം ഇന്ത്യയുടെ ശക്തമായ നയതന്ത്ര ഇടപെടലിൽ റഷ്യയും ചൈനയും ഇറാനും അമേരിയ്ക്കയും ഫ്രാൻസും ഇസ്രയേലും മറ്റു ഗൾഫ് രാജ്യങ്ങളും ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. അതിർത്തി അശാന്തമായി. പട്ടാളക്കാരുടെ ലീവ് ക്യാൻസലാക്കി തിരികെ വിളിപ്പിയ്ക്കപ്പെട്ടു. പാകിസ്ഥാൻ ആക്രമണം നടത്താൻ ഒരുമ്പെട്ടാൽ ശക്തമായ തിരിച്ചടിയ്ക്ക് ഇന്ത്യ തയാറായി. പാകിസ്ഥാൻ പോർ വിമാനങ്ങൾ ഇന്ത്യൻ അതിർത്തിയിലേക്ക് ഫെബ്രുവരി 27ന് കുതിച്ചെത്തി. അവരെ നിലം തൊടീയ്ക്കാതെ തിരികെയോടിച്ചു ഇന്ത്യൻ എയർഫോഴ്സ്. അക്കൂട്ടത്തിൽ പാകിസ്ഥാൻ അതിർത്തി കടന്ന് പോയ ഇന്ത്യൻ മിഗ് 21 വിമാനത്തെ പാകിസ്ഥാൻ വെടിവച്ചിട്ടു. അതിലുണ്ടായിരുന്ന ഇന്ത്യൻ വ്യോമസേനാ പൈലറ്റ് തമിഴ്നാട്ടുകാരനായ ഭാരത പുത്രൻ അഭിനന്ദൻ വർദ്ധമൻ പാരച്യൂട്ടിൽ രക്ഷപെട്ടു. അദ്ദേഹത്തെ പാകിസ്ഥാൻ പിടികൂടി.

ഇത് ഇന്ത്യയിൽ വലിയ വാർത്തയായി, പാകിസ്ഥാൻ സൈന്യത്തിൻ്റെ ചോദ്യം ചെയ്യലിൽ അക്ഷോഭ്യനായി നിൽക്കുന്ന അഭിനന്ദൻജിയുടെ വീഡിയോ ഇതിനിടയിൽ പുറത്തെത്തി. ഇതൊക്കെ ഇന്ത്യയിൽ വലിയ രാഷ്ട്രീയ ചർച്ചകളായി. നാണംകെട്ട ഇന്ത്യൻ പ്രതിപക്ഷ പാർട്ടികൾ ഇതിനെയും മോദിജിയുടെ കൊള്ളരുതാഴികയായി ചിത്രീകരിയ്ക്കുവാൻ ശ്രമിച്ചു. കോൺഗ്രസിൻ്റെ സൈബർ വിഭാഗം നേതാവായിരുന്ന കന്നഡ സിനിമാ നടി, അഭിനന്ദനെ ഇപ്പോൾ തന്നെ ഇന്ത്യയിൽ എത്തിയ്ക്കണം എന്നൊക്കെ ആക്രോശിച്ചു. ഇന്ത്യാ ഗവണ്മെൻ്റ് ശക്തമായ നയതന്ത്ര നീക്കങ്ങളുമായി രംഗത്തിറങ്ങി. ഒന്നും നടന്നില്ലെങ്കിൽ ഒരു വലിയ ആക്രമണത്തിന് തയ്യാറെടുത്തുകൊണ്ടായിരുന്നു ഇന്ത്യയുടെ സംസാരം. ഒടുവിൽ അന്താരാഷ്ട്ര സമ്മർദ്ദങ്ങളുടെ ഫലമായി മാർച്ച് 1ന് രാത്രിയിൽ അഭിനന്ദൻജിയെ വാഗ അതിർത്തിയിലെത്തിച്ചു പാകിസ്ഥാൻ. അങ്ങനെ സംഭവ ബഹുലമായ സർവീസിന് ശേഷം ഇന്ത്യയുടെ നാഷണൽ ഹീറോയായി മാറി അഭിനന്ദൻജി.

അഭിനന്ദൻജിയുടെ മീശ ആഘോഷിയ്ക്കപ്പെട്ടു. ശത്രു രാജ്യത്തിൻ്റെ പിടിയിലായി മൂന്നാം ദിനം മടങ്ങിയെത്തിയ അഭിനന്ദൻ ജിയെക്കണ്ട് കോൺഗ്രസിൻ്റെ അണ്ണാക്കിൽ പിരിവെട്ടി. അവരുടെ മുൻനിര നേതാക്കളെല്ലാം പാകിസ്ഥാൻ പ്രധാനമന്ത്രിയ്ക്ക് നന്ദി രേഖപ്പെടുത്തി. മാത്രമല്ല കോൺഗ്രസ്സ് ഭരിച്ചപ്പോഴാണ് അഭിനന്ദൻ പട്ടാളത്തിൽ കേറിയതെന്ന് സൽമാൻ റുഷ്ദി പ്രസ്താവിച്ചു. എന്നുവേണ്ട തികച്ചും ദേശീയ താത്പര്യ വിരുദ്ധമായി കോൺഗ്രസ്സ് പ്രവർത്തിച്ചു. ഇങ്ങനെയുള്ള അവസ്ഥകളിലൂടെ രാജ്യം മുമ്പോട്ടു പോകുമ്പോൾ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുകൊണ്ട് മാർച്ച് 10ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ കളത്തിലിറങ്ങി. ഇനി രാഷ്ട്രീയ പാർട്ടികൾ അരയും തലയും മുറുക്കി രംഗത്തിറങ്ങുന്ന കാഴ്ചയാണ് നാം കാണുന്നത്.

തിരഞ്ഞെടുപ്പ് പ്രചാരണ റാലികൾ തലങ്ങും വിലങ്ങും നടന്നു. സ്ഥാനാർഥി പട്ടികകൾ ഘട്ടം ഘട്ടമായി പുറത്തുവന്നുകൊണ്ടിരുന്നു. ഇതുവരെയുള്ള ചരിത്രത്തിലാദ്യമായി പൊതു തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിനേക്കാൾ കൂടുതൽ സീറ്റിൽ ബി ജെ പി താമര ചിഹനത്തിൽ മത്സരിക്കുന്നത് ഈ ലോക്സഭാ തെരഞ്ഞെടുപ്പിലായിരുന്നു. 437 സീറ്റിൽ ബി ജെ പി സ്ഥാനാർത്ഥികളെ നിറുത്തി. രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങൾ പരസ്പരം ചൊരിയപ്പെട്ടു. മാർച്ച് 23ന് ബിജെപി നേതാവ് യദ്യൂരപ്പയ്‌ക്കെതിരെ കോൺഗ്രസ്സ് പാർട്ടി പൊക്കിക്കൊണ്ട് വന്ന ഡയറി രേഖകളും ചീറ്റിപ്പോയി. ഒന്നും ക്ലച്ച് പിടിയ്ക്കാത്ത അവസ്ഥയായി പ്രതിപക്ഷത്തിന്.

ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു വലിയ പ്രഖ്യാപനം മാർച്ച് 27ന് നടത്തി. ഉപഗ്രഹങ്ങളെ ആക്രമിച്ച് വീഴ്ത്തുന്ന ഉപഗ്രഹ വേധ മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ച് വിജയം നേടി എന്നതായിരുന്നു അത്. ഈ ശേഷിയുള്ള നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. മിഷന്‍ ശക്തി എന്നതായിരുന്നു ഈ ദൗത്യത്തിൻ്റെ പേര്. ഇതിനെയും കോൺഗ്രസ്സ് പാർട്ടി വിമർശിച്ചു. എന്തിനായിരുന്നു ഈ വിമർശനങ്ങൾ എന്ന് മാത്രം ആർക്കും മനസിലായില്ല.

വ്യാജപ്രചരണം നടത്തുകയായിരുന്ന കോൺഗ്രസ്സ് അനുകൂല ഫേസ്‌ബുക്ക് പേജുകൾ പൂട്ടിക്കെട്ടിക്കൊണ്ട് ഫേസ്ബുക് കമ്പനി ഏപ്രിൽ 1ന് നടപടികൾ സ്വീകരിച്ചു. നിരന്തരമായ വ്യാജപ്രചാരണങ്ങൾ കോൺഗ്രസ്സ് നിരന്തരം അഴിച്ചുവിട്ടു. പ്രചാരണം വർഗീയമായ അവസ്ഥയിലേയ്ക്ക് മാറി. ബി.ജെ.പി.ക്കെതിരായ മുസ്‌ലിം വോട്ടുകൾ കോൺഗ്രസിന് നല്കി ഭിന്നിപ്പിക്കരുതെന്ന പരസ്യാഹ്വാനവുമായി ബി.എസ്.പി.-എസ്.പി മഹാ ഗഡ്‌ബന്ധൻ യുപിയിലെ സഹാരൻപുർ ജില്ലയിലെ ദേവ്ബന്ധിൽ ഏപ്രിൽ 8ന് നടത്തിയ റാലിയിൽ നേതാക്കൾ രംഗത്തെത്തി.

റാഫേൽ കേസിലെ ഒരു കോടതി പരാമർശത്തെ ചൂണ്ടിക്കാട്ടി ചൗക്കിദാർ ചോർ ഹേ എന്ന് സുപ്രീംകോടതി പറഞ്ഞതായി ഏപ്രിൽ 10ന് രാഹുൽഗാന്ധി പ്രസംഗിച്ചു. ഇത് വലിയ പ്രശ്‌നമായി. ഇതിനെതിരെ ബിജെപി സുപ്രീം കോടതിയിൽ കേസ് കൊടുത്തു. ഏപ്രിൽ 11ന് ആദ്യഘട്ട വോട്ടെടുപ്പ് കേരളമടക്കമുള്ള സ്ഥലങ്ങളിൽ നടന്നു. പലയിടത്തും സ്വാഭാവികമായി ഉണ്ടാകുന്ന വോട്ടിങ് മെഷീൻ തകരാറിനെ ബിജെപിയുടെ കൊള്ളരുതാഴികയായി കോൺഗ്രസ്സ് ചിത്രീകരിച്ചു. ഇതൊക്കെ അപക്വ വാദങ്ങളായി പൊതുസമൂഹം കണ്ടു.

മറ്റു പ്രദേശങ്ങളിൽ പ്രചാരണ പ്രവർത്തനങ്ങൾ കൊണ്ടുപിടിച്ചു നടന്നു. പഴയ ബോഫോഴ്സ് കേസൊക്കെ നരേന്ദ്രമോദി പൊക്കിയെടുത്തു പ്രസംഗിച്ചു. ഒരു വലിയ വിഭാഗം മാദ്ധ്യമങ്ങൾക്ക് ഇതൊന്നും ഇഷ്ടമായില്ല. അവരുടെ അനിഷ്ടങ്ങൾക്ക് കൃത്യമായ മറുപടികളുമായി ബിജെപിക്കാർ തിരഞ്ഞെടുപ്പുത്സവം കൊണ്ടാടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരാജയപ്പെടുത്താന്‍ മുസ്ലിങ്ങളുടെ വോട്ട് ഏകീകരിക്കണമെന്ന് ഏപ്രിൽ 21ന് കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മന്ത്രിയുമായ നവജ്യോത് സിങ് സിദ്ദു പ്രസംഗിച്ചു. അതായത് ഹിന്ദു വോട്ടുകൾ കോൺഗ്രസിന് അനുകൂലമായി ഏകീകരിയ്ക്കുന്നതിനെ കുറിച്ച് അവർക്ക് ചിന്തിയ്ക്കാൻ പോലും സാധിച്ചില്ല. മാത്രമല്ല, അടിസ്ഥാന രഹിതമായ നിരവധി കാര്യങ്ങൾ കോൺഗ്രസ്സ് ഉന്നയിച്ചുകൊണ്ടിരുന്നു. ആദിവാസികളെ വെടിവെച്ചു കൊല്ലാന്‍ അനുവദിക്കുന്ന നിയമം മോദി കൊണ്ടുവന്നിട്ടുണ്ട് എന്ന തരത്തില്‍ മധ്യപ്രദേശിലെ ഷാദോളില്‍ ഏപ്രിൽ 23ന് രാഹുൽ ഗാന്ധി പ്രസംഗിച്ചു. ഇതൊക്കെ കോൺഗ്രസ്സ് പറഞ്ഞ നുണകളുടെ ഗണത്തിൽ പെടുന്നതാണ്.

ഇതിനിടെ ‘ചൗക്കി ദാർ ചോർ ഹേ’ എന്ന രാഷ്ട്രീയ മുദ്രാവാക്യവും റഫാൽ കേസിലെ കോടതി ഉത്തരവിനെക്കുറിച്ചുള്ള പരാമർശവും ചേർത്ത് നുണ പ്രസംഗിച്ച രാഹുലിൻ്റെ കേസ് സുപ്രീം കോടതി ഗൗരവമായി എടുത്തു. ഒടുവിൽ ഈ വിഷയത്തിൽ മെയ് 8ന് രാഹുല്‍ ഗാന്ധി നിരുപാധികം മാപ്പ് പറഞ്ഞു. ഇതൊക്കെ വലിയ വാർത്തകളായി.

മെയ് 11ന് നരേന്ദ്രമോദി ഒരു ടിവി ചാനലിന് നൽകിയ ഇൻ്റർവ്യൂവിൽ അദ്ദേഹത്തിനൊരു നാക്കുപിഴവ് സംഭവിച്ചു. അതെന്തെന്നാൽ 1987-88 കാലഘട്ടങ്ങളിൽ താൻ ഡിജിറ്റൽ ക്യാമറ ഉപയോഗിച്ചു എന്ന പരാമർശമായിരുന്നു. അദ്ദേഹത്തിന് ഒരു ഓർമ പിശക് പറ്റിയതാണെന്ന് അത് കേൾക്കുന്ന ഏവർക്കും മനസിലാകും. കാരണം അന്ന് ഡിജിറ്റൽ ക്യാമറ ഇല്ലല്ലോ, പക്ഷെ കോൺഗ്രസുകാർക്ക് ഇത് മനസിലായില്ല. അവർ ഇത് ആഘോഷിച്ചു. കാരണം തെറ്റുകൾ സംഭവിയ്ക്കുവാൻ പാടില്ലാത്തവനാണ് മോദി എന്നൊരു പ്രതിച്ഛായ അദ്ദേഹത്തിന് ഉണ്ടല്ലോ. നിരവധി ട്രോളുകളുമായി അവർ കളത്തിലിറങ്ങി. പക്ഷെ ഇതല്ലാതെ രാഷ്ട്രീയമൊന്നും പറയുവാൻ അവർക്ക് സാധിച്ചില്ല. മാത്രമല്ല ഇതേ ഇൻ്റർവ്യൂവിൽ തന്നെ സർജിയ്ക്കൽ സ്‌ട്രൈക്കിന് പോകുന്ന സൈന്യത്തിനോട് മഴക്കാറുള്ളപ്പോൾ പോയാൽ റഡാർ കണ്ടുപിടിയ്ക്കില്ല എന്ന് താൻ അഭിപ്രായപ്പെട്ടു എന്നുമുണ്ടായിരുന്നു. ഇതും ട്രോളിനു വഴിവച്ചു. എന്നാൽ അത്തരം റഡാറുകൾ ഉണ്ടെന്ന് കരസേനാ മേധാവി പറഞ്ഞപ്പോൾ കോൺഗ്രസിന് മിണ്ടാട്ടം മുട്ടി.

ഏഴു ഘട്ടങ്ങൾ പൂർത്തിയാക്കിയ തിരഞ്ഞെടുപ്പ് പ്രചാരണ മാമാങ്കം ഏപ്രിൽ 16ന് അവസാനിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി കേദാർനാഥിലെ ഗുഹയിലേക്ക് ധ്യാനത്തിനായി ഏപ്രിൽ 18ന് എത്തിച്ചേർന്നു. ഇതിൻ്റെ വാർത്തകളും ചിത്രങ്ങളും മാദ്ധ്യമങ്ങളിൽ പാറിപ്പറന്നു. ഏപ്രിൽ 19ന് അവസാന ഘട്ട തിരഞ്ഞെടുപ്പ് നടത്തപ്പെടുന്ന ഹിന്ദി ഹൃദയ ഭൂമിയിൽ ഈ ചിത്രങ്ങൾ അലയടിച്ചു. അങ്ങനെ തിരഞ്ഞെടുപ്പ് മാമാങ്കം അവസാനിച്ചു. അന്ന് തന്നെ എക്സിറ്റ് പോൾ സൂചനകളുമായി മാദ്ധ്യമങ്ങൾ രംഗത്തെത്തി. അതേക്കുറിച്ച് അടുത്ത ലക്കത്തിൽ പറയാം.

തുടരും…

Related Articles

Latest Articles