Thursday, April 25, 2024
spot_img

മിലൻ കാ ഇതിഹാസ്, പരമ്പര – 47 |
രാഹുൽ ഗാന്ധി ആർഎസ്എസിനോട് മാപ്പിരന്നതിനൊപ്പം കോൺഗ്രസ്സിൻ്റെ ഹിന്ദുവിരുദ്ധത പൂത്തുലഞ്ഞു |
സി. പി. കുട്ടനാടൻ

പ്രിയപ്പെട്ട തത്വമയി ന്യൂസ് വായനക്കാർക്ക് നമസ്കാരം,

മുമ്പത്തെ ലേഖനങ്ങളിൽ പരാമർശിയ്ക്കാൻ വിട്ടുപോയ ഒരു സംഭവം കൂടെ എല്ലാവരുടെയും ഓർമ്മയിലെത്തിച്ച ശേഷം നമുക്ക് തുടർ സംഭവങ്ങളിലേക്ക് പോകാം. 2014 മാർച്ച് 6ന് മഹാരാഷ്ട്ര താനെയിൽ നടന്ന കോൺഗ്രസ്സിൻ്റെ തിരഞ്ഞെടുപ്പ് റാലിയിൽ വച്ച് ആർഎസ്എസ് ആണ് മഹാത്മാഗാന്ധിയെ കൊന്നുകളഞ്ഞത് എന്ന് രാഹുൽ ഗാന്ധി പ്രസംഗിച്ചിരുന്നു. ഇതിനെതിരെ രാജേഷ് മഹാദേവ് കുന്ദെ എന്ന ആർഎസ്എസ് പ്രവർത്തകൻ മഹാരാഷ്ട്രയിലെ ഭിവാണ്ഡി മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതിയും നല്‍കി.

രണ്ടു വർഷങ്ങൾക്ക് ശേഷം ഈ കേസ് വിചാരണയ്ക്ക് എടുത്തപ്പോൾ ഇതിനെതിരെ രാഹുൽ സുപ്രീംകോടതിയിലെത്തി. അവിടെവച്ച് മഹാത്മാ ഗാന്ധി വധത്തില്‍ ആര്‍എസ്എസിനെ കുറ്റപ്പെടുത്തിയ നിലപാട് ഒടുവില്‍ രാഹുല്‍ ഗാന്ധി മാറ്റി. അപകീര്‍ത്തിക്കേസില്‍ സുപ്രീം കോടതിയില്‍ 2016 ഓഗസ്റ്റ് 24ന് നല്‍കിയ സത്യവാങ്മൂലത്തിലാണ് രാഹുൽ ആർഎസ്എസിനെ കുറ്റപ്പെടുത്തിയതിൽ ഖേദപ്രകടനം നടത്തിയത്. ഇത് ഇന്ത്യയിലെ പത്രങ്ങളിലെല്ലാം വലിയ തലക്കെട്ടുണ്ടാക്കി. ആർഎസ്എസ് അനുകൂല സോഷ്യൽ മീഡിയ ഇത് ആഘോഷിച്ചു. കോൺഗ്രസ്സ് നേരിട്ട വലിയ തിരിച്ചടികളിൽ ഒന്നായിമാറി ഈ സംഭവം. ഇനി നമുക്ക് 2017ലെ രാഷ്ട്രീയ സംഭവങ്ങളിലേക്ക് കടക്കാം.

തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ട് ആഘോഷം സുപ്രീംകോടതി നിരോധിച്ചതിനെത്തുടർന്നുള്ള സമര പ്രക്ഷോഭങ്ങളായിരുന്നു 2017 തുടങ്ങിയപ്പോൾ നാടിനെ ഇളക്കിമറിച്ച പ്രധാനപ്പെട്ട വാർത്തകൾ. ചെന്നൈയിലെ മറീന ബീച്ചിലും തമിഴ്നാട്ടിലെമ്പാടും ജല്ലിക്കെട്ടിനെ പിന്തുണച്ച് പ്രതിഷേധങ്ങൾ നടന്നുവന്നു. ജനുവരി അവസാനം വരെ പത്ര താളുകളിൽ ഈ പ്രക്ഷോഭം ഇടംനേടി. രാജ്യത്തിൻ്റെ ബജറ്റ് അവതരണം മാർച്ച് മാസത്തിൽ നടപ്പാക്കുക എന്നതായിരുന്നു ബ്രിട്ടീഷുകാരുടെ ഭരണകാലം മുതൽ 2017 ജനുവരിവരെയുള്ള പതിവ്. മാത്രമല്ല റെയിൽവേ ബജറ്റ് പ്രത്യേകമായും ഉണ്ടായിരുന്നു. എന്നാൽ നരേന്ദ്രമോദി സർക്കാർ ഇതിന് മാറ്റം കൊണ്ടുവന്നു. 2017 ഫെബ്രുവരി 1ന് കേന്ദ്രസർക്കാരിൻ്റെ വാർഷിക ബജറ്റ് ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി ലോക്‌സഭയിൽ അവതരിപ്പിച്ചു. 92 വർഷങ്ങൾ പഴക്കമുള്ള റെയിൽവേ ബജറ്റ് നിർത്തലാക്കി പൊതു ബജറ്റിൽ ചേർത്ത് അവതരിപ്പിയ്ക്കുകയും ചെയ്തു. ഇതേ വർഷമാണ് മലയാളത്തിലെ സിനിമ നടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു എന്ന പ്രശ്‌നമുണ്ടാകുകയും നടൻ ദിലീപ് ഇതിൽ ഉൾപ്പെടുകയുമൊക്കെ ചെയ്തത്.

ഈ സമയങ്ങളിൽ ഉത്തർപ്രദേശ് അടക്കമുള്ള 5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണം നടക്കുകയായിരുന്നു. നരേന്ദ്രമോദിയായിരുന്നു പ്രചരണത്തിലെ താരം. ഭോപ്പാൽ-ഉജ്ജയിൻ പാസഞ്ചർ ട്രെയിനിൽ മാർച്ച് 7ന് ഇസ്ലാമിക ഭീകരത ബോംബ് സ്ഫോടനം നടത്തി. ആരും മരണപ്പെട്ടില്ലെങ്കിലും 9 പേർക്ക് പരിക്കേറ്റു. ഈ സംഭവത്തിൻ്റെ ഉത്തരവാദികൾക്കെതിരെ ഭരണകൂടം ദാക്ഷിണ്യ രഹിതമായ നടപടി സ്വീകരിച്ചു. 5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം മാർച്ച് 11ന് പൊതുജനം ടിവിയിലൂടെ കണ്ടുകൊണ്ടിരിയ്ക്കുമ്പോൾ ഛത്തീസ്ഗഢിലെ വിപ്ലവ സഖാക്കളുടെ ആദർശ പൂരിതമായ ഇടതുപക്ഷ വെടിയുണ്ടയേറ്റ് 12 സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ടു.

എന്ത് പറഞ്ഞും ബിജെപിയെയും സംഘപരിവാർ ഹിന്ദുത്വ ആശയത്തെയും താറടിച്ചു കാണിയ്ക്കുക എന്നത് എസ്എഫ്‌ഐക്കാരും ജിഹാദികളും നിറഞ്ഞ മാദ്ധ്യമ മേഖലയും ഇതേ ഫോർമാറ്റിൽ പ്രവർത്തിയ്ക്കുന്ന സോഷ്യൽ മീഡിയ ഹാൻഡിലുകളും ആത്മാർത്ഥമായി ചെയ്തു പോന്നിരുന്ന ഒരു പ്രവൃത്തിയായിരുന്നു. മാത്രമല്ല സോഷ്യൽ മീഡിയയുടെ വലിയ സാദ്ധ്യതകൾ തിരിച്ചറിഞ്ഞ് അതിലൂടെ നിരീശ്വര വാദം യുക്തിചിന്ത എന്നിവ പ്രചരിപ്പിച്ച് ജനസ്വാധീനമുണ്ടാക്കുന്ന പ്രവർത്തിയും സ്വതന്ത്ര ചിന്ത എന്ന പേരിൽ നടന്നുപോന്നു.

ഇതിലെ ജിഹാദികളും മറ്റും ചെയ്തുപോന്ന കലാപരിപാടിയായിരുന്നു ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാട്ട ഭൂമിയിലെ ജ്വലിയ്ക്കുന്ന ഏടായ വീര വിനായക ദാമോദര സവർക്കറെ ഇകഴ്ത്തുക എന്നത്. അതിനായി അവർ അദ്ദേഹം ആൻഡമാൻ ജയിലിൽ ബ്രിട്ടീഷുകാർക്ക് മാപ്പെഴുതി എന്ന് പ്രചരിപ്പിച്ചു. സംഗതി റോയൽ ക്ലമൻസി എന്ന നിയമ പ്രവർത്തനമാണ് എന്ന് അവർ സമ്മതിച്ചുമില്ല. കാലാപാനി സിനിമയിലെ മോഹൻലാലിൻ്റെ ഫോട്ടോ എടുത്തുവച്ച് അതിന് ‘ഷൂ നക്കി’ എന്നും ‘ഷൂ വർക്കർ’ എന്നുമൊക്കെ പരിപ്രേക്ഷ്യം ചമച്ച് ക്രൂരമായി അവർ സവർക്കറെ അധിക്ഷേപിച്ചു. ആർഎസ്എസുകാർ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടില്ലന്നും, ബ്രിട്ടീഷുകാരുടെ ഷൂസിൽ വിഷമുണ്ടായിരുന്നെങ്കിൽ ആർഎസ്എസുകാർ ആരുംതന്നെ ജീവനോടെ ഉണ്ടാകുമായിരുന്നില്ല എന്നുമൊക്കെ അവർ കൂട്ടത്തോടെ പ്രചരിപ്പിച്ചു. കോൺഗ്രസ്സ് അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ ഇത് തന്നെ ചെയ്തുപോന്നു.

ഇതിനെല്ലാമിടയിലും ഉത്തർപ്രദേശിൽ മൃഗീയമായ വിജയം ബിജെപി സ്വന്തമാക്കി. ഉത്തർപ്രദേശിൽ ബിജെപി വൻ ഭൂരിപക്ഷത്തിൽ ജയിച്ച തിരഞ്ഞെടുപ്പ് ഫലം അക്ഷരാർഥത്തിൽ മോദിയ്ക്കുള്ള ജനസമ്മതിയായായിരുന്നു. ഓരോ കാലവും അതിനൊത്ത ബിംബങ്ങളെ സൃഷ്ടിക്കും വിധം കരുത്തുറ്റ രാഷ്ട്രീയ ഘടനയാണ് മോദി അവശേഷിപ്പിക്കുന്നത്. അപാരമായ വഴക്കവും വരട്ടു വാദമില്ലാത്ത സമീപനവും പ്രയോഗിച്ച് സംഘടനയെ വളർത്തുന്നതിൽ മോദി വിജയിച്ചു. അവിടെ മുഖ്യമന്ത്രി ആരാകണം എന്ന ആശയക്കുഴപ്പം ബിജെപി പരിഹരിച്ചത് ഗോരഖ്പൂർ എംപി യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കിക്കൊണ്ടായിരുന്നു. മാർച്ച് 18ന് ഉത്തർപ്രദേശിൻ്റെ പുതിയ മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് സത്യപ്രതിജ്ഞ ചെയ്തു. വർഷത്തിൽ 365 ദിവസവും തിരഞ്ഞെടുപ്പിന് ഒരുങ്ങി നിൽക്കുന്ന പാർട്ടിയാണ് ബിജെപിയെന്ന് പൊതുവേ ഒരു പറച്ചിൽ സൃഷ്ടിച്ചുകൊണ്ട് തങ്ങളുടെ അശ്വമേധം അനസ്യൂതം നടത്തിക്കൊണ്ടിരുന്നു. ഇതേസമയം ഉയർന്ന പ്രധാനപ്പെട്ട ചോദ്യം അയോദ്ധ്യയെകുറിച്ചായിരുന്നു.

അതിനുത്തരം കിട്ടിയത് സുപ്രീംകോടതിയിൽ നിന്നായിരുന്നു. 7 വർഷങ്ങൾക്കു മുമ്പ് അലഹബാദ് ഹൈക്കോടതി അയോദ്ധ്യ പ്രശ്നത്തിൽ നടത്തിയ വിധി സുപ്രീം കോടതി സ്റ്റേ ചെയ്‌തു. ഇരുപക്ഷത്തിനും സമ്മതമാണെങ്കിൽ അയോദ്ധ്യ കേസ് കോടതിക്കു പുറത്തു മധ്യസ്ഥ ചർച്ചയിലൂടെ പരിഹരിക്കാമെന്ന് 2017 മാർച്ച് 22ന് സുപ്രീം കോടതിയുടെ നിർദേശമുണ്ടായി. പക്ഷെ മുസ്ലീങ്ങൾ സഹകരിയ്ക്കുവാൻ തയ്യാറായില്ല. ഇതേച്ചൊല്ലിയുള്ള രാഷ്ട്രീയ ചർച്ചകളും തമാശകളും നാൾക്കുനാൾ വർദ്ധിച്ചു വന്നതിനാൽ യോഗിയുടെ കഥകളും ഉത്തർപ്രദേശ് രാഷ്ട്രീയവുമെല്ലാം നാടൊട്ടുക്കും വിഷയമായി.

ജൂൺ 17ന് കൊച്ചി മെട്രോ റെയിൽ സർവീസ് പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമർപ്പിച്ചു. ഇതിൽ ക്ഷണിതാവായിരുന്ന ബിജെപി കേരള ഘടകം പ്രസിഡൻ്റ് കുമ്മനം രാജൻശേഖരൻജിയെ അവഹേളിച്ചു കൊണ്ട് കമ്യുണിസ്റ്റ് പാർട്ടിക്കാരുടെ സാമൂഹിക മാദ്ധ്യമ ജിഹ്വയായ പോരാളി ഷാജി എന്ന തെമ്മാടി പേജ് കുമ്മനടി എന്ന പദപ്രയോഗം നടത്തി നാടൊട്ടുക്ക് കുമ്മനത്തിനെ അവഹേളിയ്ക്കുന്ന പ്രവർത്തി ചെയ്തു. വൈകാതെ തന്നെ രാഷ്ട്രപതി തിരഞ്ഞെടുപ്പ് സമാഗതമായി. മുതിർന്ന ബിജെപി നേതാവ് എൽ. കെ. അദ്വാനി രാഷ്ട്രപതിയാകും എന്നായിരുന്നു ഏവരും കരുതിയിരുന്നത്. എന്നാൽ ബിജെപി നേതൃത്വം ദൽഹിയിലെ ആർഎസ്എസ് നേതാവായിരുന്ന രാംനാഥ് കോവിന്ദിനെ രാഷ്ട്രപതി സ്ഥാനാർത്ഥിയായായി ജൂൺ 19ന് പ്രഖ്യാപിച്ചു. അദ്ദേഹം ദളിത് വിഭാഗത്തിൽ നിന്നും ഉയർന്നു വന്ന വ്യക്തിത്വമായിരുന്നു.

അടുത്ത വിപ്ലവകരമായ നടപടിയിലേക്ക് രാജ്യം കടന്നു. അതായിരുന്നു ജിഎസ്ടി (Goods and Services Tax). ഇന്ത്യൻ സമ്പദ്‌ വ്യവസ്ഥയെ ഏകീകരിച്ചുകൊണ്ട് ഏക നികുതി സമ്പ്രദായം നടപ്പാക്കുവാൻ ബിജെപി സർക്കാർ തീരുമാനിച്ചതിൻ്റെ ഫലമായിരുന്നു ഇത്. കുറെ കാലമായി നീണ്ടു നിന്ന ചർച്ചകളുടെയും പാർലമെന്‍റിലെ നിയമ നിർമാണത്തിൻ്റെയും ആകെ പരിണിതിയായി 2017 ജൂലായ് 1ന് രാജ്യം ജിഎസ്ടിയിലേയ്ക്ക് മാറി. ഇനി മുതൽ സംസ്ഥാന ചെക്പോസ്റ്റുകളിലെ എക്സൈസ് പിരിവുകളോ മറ്റോ ഇല്ല. ഇന്ത്യ എമ്പാടും ഒരേ സംവിധാനം. നിരവധി പരോക്ഷ നികുതികൾക്ക് അവസാനമായി.

ഈ കാലയളവിൽ ജമ്മുകശ്മീർ അശാന്തമായി. അമർനാഥ് യാത്രികരായിരുന്ന 7 ഹിന്ദു തീർത്ഥാടകരെ ജൂലൈ 10ന് അനന്ത്നാഗിൽ വച്ച് മുസ്ലിം ഭീകരർ ആക്രമിച്ച് കൊലപ്പെടുത്തുകയും 16 പേരെ പരിക്കേല്പിയ്ക്കുകയും ചെയ്‌തു. ഇതേതുടർന്ന് പട്ടാളം നടത്തിയ കൗണ്ടർ ആക്ഷനുകളിൽ നിരവധി ഭീകരരുടെ ജീവൻ പൊലിഞ്ഞു. ഈ സന്ദർഭത്തിൽ ഇരവാദവും മുഴക്കി ജെഎൻയു ജീവികളും മറ്റും രംഗത്തെത്തി.

രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം കരസ്ഥമാക്കിയ എൻഡിഎ സ്ഥാനാർത്ഥി രാംനാഥ് കോവിന്ദ് 2017 ജൂലായ് 25ന് സ്വതന്ത്ര ഇന്ത്യയുടെ 14ആം പ്രസിഡണ്ടായി സത്യപ്രതിജ്ഞ ചെയ്‌തു. അങ്ങനെ ആദ്യമായി ഒരു ആർഎസ്എസുകാരൻ ഇന്ത്യയുടെ രാഷ്ട്ര തലവനും സർവ്വ സൈന്യാധിപനുമായി മാറി. ഇത് പല ഇടത് വലത് ബുദ്ധിജീവികൾക്കും അലോസരവും അമ്പരപ്പുമുണ്ടാക്കി.

പ്രതിപക്ഷ സ്ഥാനാർത്ഥിയായായിരുന്ന ഗോപാൽകൃഷ്ണ ഗാന്ധിയെ പരാജയപ്പെടുത്തിക്കൊണ്ട് 67.89% വോട്ടുകൾ നേടി വിജയിച്ച ബിജെപി നേതാവ് ശ്രീ. വെങ്കയ്യാ നായിഡു, 2017 ഓഗസ്റ്റ് 11ന് ഇന്ത്യയുടെ 13ആം ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്‌തു. ഇതേ സമയം ഭൂട്ടാനുമായുള്ള ഇന്ത്യൻ അതിർത്തിയിലെ സിക്കിം ഭാഗത്തുള്ള ദോക്‌ല മേഖലയിൽ ചൈനീസ് പട്ടാളം അധിനിവേശം ചെയ്യാൻ ശ്രമിയ്ക്കുകയും ഇന്ത്യൻ പട്ടാളം ഫലപ്രദമായി അതിനെ ചെറുക്കുകയും ചെയ്‌തു. അതിശക്തമായിരുന്നു ഇന്ത്യൻ പട്ടാളത്തിൻ്റെ നടപടികൾ. ഇതിൻ്റെ വീഡിയോകൾ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പൊതുജനം കാണുവാൻ തുടങ്ങി.

ഒരു സുപ്രധാന കോടതി വിധിയ്ക്ക് 2017 ഓഗസ്റ്റ് മാസം സാക്ഷ്യം വഹിച്ചു. മുസ്ലിം സ്ത്രീകളുടെ ദാമ്പത്യ ദുരിതത്തിന് ഹേതുവാകുന്ന മുത്തലാഖ് എന്ന വിവാഹമോചന രീതി ഭരണഘടനാ വിരുദ്ധമെന്ന് വിശേഷിപ്പിച്ചുകൊണ്ട് ആഗസ്റ്റ് 22ന് സുപ്രീം കോടതി നിരോധിച്ചു. മുത്തലാഖ് ശിക്ഷാർഹമാക്കിക്കൊണ്ട് പാർലമെന്‍റിൽ നിയമം കൊണ്ടുവരാൻ കേന്ദ്ര സർക്കാരിന് കോടതി നിർദ്ദേശവും നൽകി. ഇത് മുസ്ലിം മൗലിക വാദത്തിനേറ്റ തിരിച്ചടിയായിരുന്നു. നരേന്ദ്രമോദിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു ഇത്. പണ്ട് നടന്നതുപോലെ ഒരു പ്രക്ഷോഭം പലരും പ്രതീക്ഷിച്ചെങ്കിലും നരേന്ദ്രമോദിയാണ് ഭരിയ്ക്കുന്നത് എന്നതിനാൽ ആരും അധികം ആട്ടത്തിന് മുതിർന്നില്ല.

ഇതേ ഓഗസ്റ്റിൽ തന്നെ ഇന്ത്യ നേരിടേണ്ടി വന്ന വൈതരണിയായിരുന്നു സിഖ് പശ്ചാത്തലമുള്ള ദേരാ സച്ചാ സൗദ സംഘടനയുടെ നേതാവ് ഗുർമീത് റാം റഹിം സിംങ് ബലാത്സംഗക്കേസിൽ ശിക്ഷിയ്ക്കപ്പെട്ട സംഭവം. ഇയാളെ ജയിലിൽ അടച്ചതിനെത്തുടർന്ന് അനുയായികൾ വലിയ കലാപം സൃഷ്ടിച്ചു. ഓഗസ്റ്റ് അവസാനത്തിൽ സർക്കാർ ഇത് അടിച്ചമർത്തി.

ഉത്തർപ്രദേശിലെ ഗോരഖ്പൂരിലെ BRD മെഡിക്കൽ കോളേജിൽ ഓക്സിജൻ ലഭിയ്ക്കാതെ 300 നവജാത ശിശുക്കൾ മരണപ്പെട്ട സംഭവം ഓഗസ്റ്റ് 30ന് വലിയ വാർത്തയാകുകയും ഈ വാർത്തയെ പ്രതിപക്ഷം യോഗി ആദിത്യനാഥിനെതിരെയും ബിജെപി സർക്കാരിനെതിരെയും ക്രൂരമായി ഉപയോഗിച്ചു. കേരളത്തിലെ കമ്യുണിസ്റ്റ് പാർട്ടിയും അവരുടെ സോഷ്യൽ മീഡിയ വൈതാളികരും ചേർന്ന് ഇത് ആഘോഷിച്ചു. കേരളം ആരോഗ്യ രംഗത്ത് നമ്പർ വൺ ആണെന്നും അതിന് കാരണം മാർക്സിസ്റ്റ് പാർട്ടിയുടെ വൈഭവം കൊണ്ടാണെന്നും നോർത്ത് ഇന്ത്യയിൽ ഇങ്ങനൊക്കെ സംഭവിയ്ക്കുന്നത് ബിജെപിയുടെ കൊള്ളരുതാഴിക കൊണ്ടാണെന്നുമൊക്കെ അവർ പ്രചരിപ്പിച്ചു.

കേന്ദ്രസർക്കാരിൽ വളരെയധികം അഴിച്ചുപണികൾ സമയാ സമയങ്ങളിൽ നടന്നുപോന്നു. മന്ത്രിമാരെ അവരുടെ പ്രകടനത്തിൻ്റെ അടിസ്ഥാനത്തിൽ മാർക്കിട്ട് കൃത്യമായി വിലയിരുത്തിക്കൊണ്ടിരുന്നു. അതിൻ്റെ ഭാഗമായി പലർക്കും സ്ഥാനം പോകുകയും സ്ഥാനം കിട്ടുകയും ചെയ്‌തു. സെപ്റ്റംബർ 5ന് കന്നഡ എഴുത്തുകാരിയും അർബൻ നക്സലുമായ ഗൗരി ലങ്കേഷിനെ ബാംഗ്ലൂരിലെ അവരുടെ വീട്ടുവളപ്പിൽ വച്ച് വെടിവച്ചു കൊന്നു. അത് ബിജെപിക്കാരാണ് എന്നും പറഞ്ഞു അർബൻ നക്സലുകൾ കളം നിറഞ്ഞു. ബിജെപി ഭരണത്തിൽ അഭിപ്രായ സ്വാതന്ത്ര്യം ചവിട്ടിയരയ്ക്കപ്പെടുന്നു എന്നതായിരുന്നു ഇവരുടെ വാദമുഖം.

ഈ സമയങ്ങളിൽ ഗുജറാത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രചാരണം കൊടുമ്പിരിക്കൊണ്ടിരുന്നു. പട്ടേൽ സമുദായത്തെ കൂട്ടുപിടിച്ചിട്ടാണെങ്കിലും രാഷ്ട്രീയ നേട്ടമുണ്ടാക്കണം എന്ന് മതേതര കോൺഗ്രസ്സ് തീരുമാനിച്ചു. ഹിന്ദു വോട്ടുകളുടെ വിഭജനമാണ് ഇതിലൂടെ കോൺഗ്രസ്സ് ലക്‌ഷ്യം വച്ചത്. അങ്ങനെ നിരവധി പട്ടേൽ സമുദായ നേതാക്കളുമായി ചേർന്ന് കോൺഗ്രസ്സ് പാർട്ടി ഗുജറാത്തിൽ നെറികെട്ട സമര മുഖമുയർത്തി. ഡിസംബർ മദ്ധ്യത്തോടെ ഗുജറാത്ത് തിരഞ്ഞെടുപ്പ് നടന്നു. ഡിസംബർ 16ന് കോൺഗ്രസ് പാർട്ടിയുടെ ദേശീയ അധ്യക്ഷനായി രാഹുൽ ഗാന്ധി ചുമതലയേറ്റു. ശേഷം കൂടുതൽ ജാതീയമായ വേർതിരിവിലേയ്ക്ക് ഹിന്ദുക്കളെ തള്ളിയിടാൻ ശ്രമിച്ചു. ഡിസംബർ 18ന് തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ബിജെപി വിജയിച്ചു. കുറച്ചു സീറ്റുകൾ കൈമോശം വന്നുവെങ്കിലും മികച്ച പ്രകടനത്തോടെ പാർട്ടി മുമ്പോട്ടുപോയി. പട്ടേൽമാരെ ഉപയോഗിച്ച് ഹിന്ദുക്കളിൽ ജാതീയമായ വിഭജനത്തിന് ശ്രമിച്ച കോൺഗ്രസിന് ദൂരവ്യാപകമായ തിരിച്ചടി തന്നെ നേരിട്ടു.

ഇതിനിടെ കർണാടകയിലെ ഹിന്ദുക്കളെ പിളർത്തി ലിംഗായത്ത് എന്നൊരു പുതിയ മതമുണ്ടാക്കുവാൻ കോൺഗ്രസ്സ് സർക്കാർ തീരുമാനിച്ചു. ലിംഗായത്ത് സമുദായത്തിന് ന്യൂനപക്ഷ പദവി ഡിസംബർ 23ന് വാഗ്ദാനം ചെയ്തുകൊണ്ടായിരുന്നു മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഈ ഹിന്ദു വിരുദ്ധ നടപടി. ഇത്തരം ഹിന്ദു വിഭജന പ്രവർത്തനങ്ങൾ കോൺഗ്രസിൻ്റെ നേതൃത്വത്തിൽ നിരവധി സ്ഥലങ്ങളിൽ നടന്നു. ഇതിനെല്ലാം ശേഷവും കോൺഗ്രസ്സ് പാർട്ടി മതേതര പാർട്ടിയാണ്. അതായത് ഇവരുടെ മതേതരത്വം എന്നതിനർത്ഥം ഹിന്ദു വിരുദ്ധത എന്നതാണ്.

തുടരും….

Related Articles

Latest Articles