Monday, April 29, 2024
spot_img

മിലൻ കാ ഇതിഹാസ്, പരമ്പര – 23 | സ്വർണം രക്ഷിച്ചെടുത്ത ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ | സി പി കുട്ടനാടൻ

നമസ്കാരം പ്രിയ തത്വമയി ന്യൂസ് വായനക്കാരെ, കഴിഞ്ഞ ലക്കം വരെ നാം കണ്ടത് 10ആം ലോക്സഭാ തിരഞ്ഞെടുപ്പിലെ വിശേഷങ്ങളായിരുന്നു. അതെ സമയത്ത് നിലനിന്നിരുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ചരിത്രം കൂടെ പരാമർശിച്ചുകൊണ്ട് നമുക്ക് അടുത്ത സർക്കാരിലേക്ക് പോകാം.

കാർഷിക സബ്‌സിഡികളും മറ്റു സാമ്പത്തിക പ്രശ്‍നങ്ങളും മൂലം ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിൽ (Forex Reserve) വലിയ കുറവ് വന്ന കാലഘട്ടമായിരുന്നു 1990-1991 വർഷങ്ങൾ. ഗൾഫ് യുദ്ധം ആഗോള ഇന്ധന വിപണിയിൽ പ്രതിസന്ധി രൂക്ഷമാക്കി. ഈ സമയത്ത് ധനക്കമ്മി 9.4%മായി ഉയർന്നു. ഇതിലൂടെ, പേയ്‌മെൻ്റ് ബാലൻസ് സ്ഥിതി ആകെ വഷളായി. ആർ‌ബി‌ഐ ഉൾപ്പെടെയുള്ള ബാങ്കുകളിൽ ഇന്ത്യക്ക് ഗണ്യമായ സ്വർണ്ണ ശേഖരം ഉണ്ടായിരുന്നു. ഈ പ്രതിസന്ധിയെ മറികടക്കാൻ സാമ്പത്തിക നയരൂപകർത്താക്കൾ ഈ സ്വർണത്തിലേയ്ക്ക് ശ്രദ്ധ പതിപ്പിച്ചു. 1991 ജനുവരിയിൽ കുറച്ച് സ്വർണം പാട്ടത്തിനെടുത്ത് വിദേശനാണ്യം സമാഹരിക്കാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചു. ഇതായിരുന്നു പ്രധാന സംഗതി.

1991 മാർച്ചോടെ, ഇന്ത്യയുടെ വിദേശ കടം ഏകദേശം 72 ബില്യൺ ഡോളറായി. മാത്രമല്ല, വിദേശനാണ്യ കരുതൽ ശേഖരം 5.8 ബില്യൺ ഡോളറായി കുറയുകയും ഫലത്തിൽ സാമ്പത്തിക ഭദ്രത തകർച്ചയിലാവുകയും ചെയ്തു. ഈ സാഹചര്യത്തിൽ വിദേശത്തുള്ള ബഹുമുഖ ഏജൻസികളിൽ നിന്നും ബാങ്കുകളിൽ നിന്നും ഫണ്ട് സ്വരൂപിക്കേണ്ടത് അത്യാവശ്യമായി വന്നു. രാഷ്ട്രീയ അസ്ഥിരത നിലനിന്നിരുന്ന ഈ ഘട്ടത്തിൽ സാമ്പത്തിക നട്ടെല്ല് തകർന്ന് വീഴുന്നില്ലെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) മേൽ വന്നു. എസ്ബിഐ കാണിച്ച മാതൃക സൂപ്പറാണെന്ന് നയകോവിദർക്ക് ബോദ്ധ്യമായി. എന്നാൽ രാഷ്ട്രീയ പ്രത്യാഘാതം ഉണ്ടാവാതിരിയ്ക്കാൻ ഈ വിവരം രഹസ്യമായി വച്ചു. കാരണം ഇന്ത്യക്കാർക്ക് സ്വർണ്ണത്തോട് വൈകാരികമായ അടുപ്പമുണ്ട്, രാജ്യത്തിൻ്റെ സ്വർണ്ണ ശേഖരം രാജ്യത്തിന് പുറത്തേക്ക് അയയ്‌ക്കേണ്ടി വരുന്നതിൻ്റെ വാർത്ത കേൾക്കുന്ന ഒരു വ്യക്തിയ്ക്ക് ഇതിൻ്റെ യാഥാർഥ്യം മനസിലാകാതെ പോകാനുള്ള എല്ലാ സാദ്ധ്യതയുമുണ്ട്. അത് പൗരനെ പരിഭ്രാന്തിയിലേക്ക് നയിച്ചേക്കാം. എന്തായാലും സ്വർണ്ണം പണയം വയ്ക്കാൻ ആർബിഐയുടെ സമർത്ഥമായ ഉപദേശം ചന്ദ്രശേഖറിൻ്റെ കാവൽ സർക്കാർ സ്വീകരിച്ചു.

തുടർന്ന് സ്വർണം പണയം വയ്ക്കൽ നടപടികളക്ക് 1991 ഏപ്രിലിൽ ചന്ദ്രശേഖർ ഗവൺമെൻ്റ് അംഗീകാരം നൽകിയതിന് ശേഷം, 234 മില്യൺ ഡോളറിൻ്റെ ഫോറിൻ എക്സ്ചേഞ്ച് ആയി 20 ടൺ സ്വർണം വിദേശത്തേക്ക് അയച്ചു. എന്നാൽ ഇത് പ്രശ്നത്തിൽ പെട്ടന്നൊരു സ്വാധീനം ചെലുത്താൻ കഴിയാത്തത്ര ചെറുതായിരുന്നു. ആർബിഐയുടെയും സർക്കാരിൻ്റെയും വലിയൊരു ഇടപെടൽ ആവശ്യമായി വന്നു. അത്തരം വലിയ ഇടപാടുകൾ തീർപ്പാക്കുന്നതിൽ നിരവധി പ്രശ്‌നങ്ങൾ ഉൾപ്പെട്ടിരുന്നു. ഇതിന് ശേഷം തിരഞ്ഞെടുപ്പ് നടന്നു. ഈ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാജീവ്ജി കൊല്ലപ്പെട്ടു.

തകർന്നു പോകുമായിരുന്ന കോൺഗ്രസ്സിനെ രാജീവ്ജിയുടെ മരണത്തെ തുടർന്നുണ്ടായ സഹതാപ തരംഗം ഒരു വിധത്തിൽ രക്ഷിച്ചു. രാജീവ്ജിയുടെ മരണം സൃഷ്ടിച്ച സഹതാപ തരംഗം പോലും കേവല ഭൂപരിപക്ഷം നേടാൻ കോൺഗ്രസിനെ സഹായിച്ചില്ല. പക്ഷെ വലിയൊരു രാഷ്ട്രീയ ദുരന്തത്തിൽ നിന്നും കോൺഗ്രസ്സ് പാർട്ടിയ്ക്ക് പ്രാണവായു നൽകുന്ന ഫലമായിരുന്നു ജനവിധി. 36.26% വോട്ടുകളുടെ ബലത്തിൽ 232 സീറ്റുകൾ നേടി കോൺഗ്രസ്സ് പാർട്ടി ലോക്സഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 20.11% വോട്ടോടെ ബിജെപി 120 സീറ്റുകൾ നേടി പ്രതിപക്ഷത്തെത്തി. ക്രമസമാധാന പ്രശ്‍നങ്ങൾ മൂലം പഞ്ചാബിലെ ലോക്സഭാ സീറ്റുകളിൽ തിരഞ്ഞെടുപ്പ് നടന്നിരുന്നില്ല.

ലോക്സഭയിലെ പാർലമെൻ്ററി പാർട്ടി നേതാവാകുവാനുള്ള രാഷ്ട്രീയ ചക്കളത്തിപ്പോര് കോൺഗ്രസ്സ് പാർട്ടിയിൽ സജീവമായി. പലരും ചരടുവലികൾ നടത്തി. ഈ ഘട്ടത്തിലാണ് രാഷ്ട്രീയ വനവാസത്തിലായിരുന്ന പാമൂലപാർഥി വെങ്കിട നരസിംഹറാവു എന്ന മുൻ ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയെ കരുണാകരനും കൂട്ടരും ചേർന്ന് പൊക്കിയെടുത്തുകൊണ്ടു വന്നത്. 1991 ജൂൺ 21ന് ഇന്ത്യയുടെ 9ആം പ്രധാനമന്ത്രിയായി നരസിംഹറാവ് അധികാരമേറ്റു. അദ്ദേഹം നിലവിൽ ലോക്സഭാംഗമല്ലാതിരുന്നതിനാൽ പിന്നീട് നന്ദ്യാൽ എന്ന മണ്ഡലത്തിൽ നിന്നും മത്സരിച്ച് വിജയിച്ച് എംപിയായി.നരസിഹറാവുവിൻ്റെ സുപ്രധാന നീക്കമായിരുന്നു രാഷ്ട്രീയ പാരമ്പര്യം അവകാശപ്പെടാനില്ലാത്ത മൻമോഹൻ സിംഗ് എന്ന സാമ്പത്തിക വിദഗ്ദ്ധനെ ധനമന്ത്രിയാക്കിയ നടപടി.

ഇതേസമയം നടന്ന യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചു. കല്യാൺസിംഗിൻ്റെ നേതൃത്വത്തിൽ 1991 ജൂൺ 24ന് ബിജെപി സർക്കാർ രൂപീകരിച്ചു. ഇതോടെ അയോദ്ധ്യാ പ്രശ്നം മറ്റൊരു തലത്തിലേയ്ക്ക് മാറി. ബാബ്‌റി മസ്ജിദിനോടു ചേര്‍ന്നുള്ള വഖഫ് ബോര്‍ഡിൻ്റെ 2.77 ഏക്കര്‍ യു.പി. സര്‍ക്കാര്‍ ഏറ്റെടുത്തു. ഇത് അല്പം ഒച്ചപ്പാടുണ്ടാക്കിയെങ്കിലും സർക്കാറിൻ്റെ കൈവശമുള്ള ഭൂമി എന്ന നിലയിൽ കാര്യങ്ങൾ നീങ്ങി.

സാമ്പത്തിക പ്രതിസന്ധിയുടെ മൂർദ്ധന്യത്തിൽ സ്വർണം പണയം വയ്ക്കൽ പരിപാടി തുടരുവാൻ തന്നെ നരസിംഹ റാവുവും മൻമോഹൻ സിങ്ങും തീരുമാനിച്ചു. ഈ സർക്കാരാണ് സ്വർണം പണയം വയ്ക്കൽ നടപടി ത്വരിതപ്പെടുത്തിയത്. പിന്നീട് നടന്നത് സങ്കീർണ്ണവും ഏറെക്കുറെ രഹസ്യാത്മകവുമായ ഒരു ഓപ്പറേഷനായിരുന്നു. അതിലൂടെ ഏകദേശം 47 ടൺ സ്വർണ്ണം ജൂലൈ വരെ നാല് ഘട്ടങ്ങളിലായി വിദേശ ബാങ്കുകളിലേക്ക് അയച്ചു. ഇതിലൂടെ ഏകദേശം 400 മില്യൺ ഡോളർ സമാഹരിക്കാൻ സർക്കാരിന് സാധിച്ചു.

മൻമോഹൻ സിങ്ങിൻ്റെ നിർദേശ പ്രകാരം 1991 ജൂലൈ തുടക്കത്തിൽ ഇന്ത്യൻ രൂപയുടെ മൂല്യം ഏകദേശം 19% താഴ്ത്തുന്ന നടപടി ഇന്ത്യാ ഗവണ്മെൻ്റ് സ്വീകരിച്ചു. ഈ ഘട്ടത്തിൽ മറ്റൊരു ചരിത്രം കൂടെ പ്രസ്താവിയ്ക്കാതെ പോയാൽ അനുചിതമാകും. അത് എന്തെന്നാൽ അന്താരാഷ്ട്ര നാണയ വിനിമയത്തിൽ ഇന്ത്യൻ രൂപ ശക്തമായി നിലനിന്നിരുന്ന 1965 കാലഘട്ടത്തിൽ. അന്നത്തെ അമേരിയ്ക്കൻ പ്രസിഡണ്ട് എൽ ബി ജോൺസണുമായി പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ചർച്ച നടത്തിയതിനെ തുടർന്ന് 1966 ജൂൺ 6ന് ഇന്ത്യൻ രൂപയുടെ മൂല്യം കുറച്ചു കൊണ്ട് ഇന്ത്യൻ സമ്പദ്‌ വ്യവസ്ഥയ്ക്ക് ദീർഘകാലാടിസ്ഥാനത്തിലുള്ള ഒരു അടി കോൺഗ്രസ്സ് ഗവണ്മെൻ്റ് നൽകിയിരുന്നു. ഒരു ഡോളറിന് 4.76 ഇന്ത്യൻ രൂപ ആയിരുന്നു അന്നത്തെ മൂല്യം അത് ഒറ്റയടിക്ക് 7.50 രൂപയാക്കി ഇന്ത്യൻ രൂപയെ തളർത്തിയ കോൺഗ്രസ് പാർട്ടിയ്ക്ക് തൊലിയിൽ ബാധിച്ച വരട്ടുപുണ്ണിൽ ചൊറിയുമ്പോഴുള്ള ഒരു സുഖം ലഭിച്ചു. എന്നാൽ ദീർഘഭാവിയിൽ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞുകൊണ്ടുതന്നെ ഇരുന്നു. ഇത്തരം നടപടികളാണ് ഇന്നത്തെ നിലയിലേയ്ക്ക് ഇന്ത്യൻ രൂപയെ കൊണ്ടെത്തിച്ചത്.

അയോദ്ധ്യയിലെ തർക്ക ഭൂമി ഏറ്റെടുത്ത ബിജെപി സർക്കാരിൻ്റെ പദ്ധതികൾ നിലനിൽക്കെ 1991 ജൂലൈ 11ന് Places of Worship Act എന്നൊരു നിയമം കോൺഗ്രസ്സ് നേതൃത്വം നൽകുന്ന കേന്ദ്രസർക്കാർ നടപ്പിലാക്കി. ഈ നിയമത്തിൻ്റെ കാതൽ എന്തെന്നാൽ ബാബ്‌റി മസ്ജിദ് ഒഴിച്ച് 1947 ആഗസ്ത് 15ന് നിലവിലുണ്ടായിരുന്ന ഒരു മസ്ജിദ്, ക്ഷേത്രം, ചർച്ച് അല്ലെങ്കിൽ ഏതെങ്കിലും പൊതു ആരാധനാലയം, അന്നത്തെ അതേ മതസ്വഭാവം നിലനിർത്തും എന്നതാണ്. അതായത് സ്വാതന്ത്ര്യം കിട്ടിയപ്പോഴുള്ള മതസ്വഭാവ സ്റ്റാറ്റസ്‌ഖോ ബാബ്‌റി പള്ളി ഒഴിച്ചുള്ള എല്ലാ ആരാധനാലയങ്ങൾക്കുമുണ്ടെന്ന്. കാരണം മുഗൾ ഭരണകാലത്ത് തകർക്കപ്പെട്ട മറ്റു 2 ക്ഷേത്രങ്ങൾക്കു മേലും ഹിന്ദു ക്ലയിം ഉണ്ടായിരുന്നു എന്നതാണ്.

സിഖ് ഭീകരത ബോംബ് സ്ഫോടനങ്ങളിലൂടെ കരുത്ത് കാട്ടുവാൻ ആരംഭിച്ചത് 1991ൽ ആയിരുന്നു. പാകിസ്ഥാൻ പിന്തുണയോടെയുള്ള ബോംബ് സ്ഫോടനങ്ങളിലൂടെ നേർക്കുനേർ ആക്രമണത്തേക്കാൾ നല്ലത് ബോംബ് സ്ഫോടനങ്ങൾ ആണെന്ന് അവർ ചിന്തിച്ചു. പക്ഷെ സിഖ് ഭീകരതയുടെ യാഥാസ്ഥിതികത ദൂരെ നിന്ന് കൈകാര്യം ചെയ്യുന്ന ബോംബിനെ അനുകൂലിയ്ക്കുന്നില്ല എന്നതിനാൽ ഒരുപാട് സ്ഫോടനങ്ങളൊന്നും ഉണ്ടായില്ല. ഉത്തരാഖണ്ഡിലെ രുദ്രപൂർ നഗരത്തിലെ പൊതു മൈതാനത്ത് ആളുകൾ രാംലീല ആഘോഷിയ്ക്കുന്നതിനിടയിൽ ഒക്ടോബർ 17ന് രണ്ടു ബോംബുകൾ പൊട്ടിത്തെറിച്ചു. പരിയ്ക്കേറ്റവരെ കൊണ്ടുപോകും വഴി ആശുപത്രിയിലും സ്ഫോടനം നടന്നു. 40ൽ അധികം പേർ കൊല്ലപ്പെടുകയും 140 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

നരസിംഹ റാവുവുവിൻ്റെ നേതൃത്വത്തിലുള്ള കോൺഗ്രസ്സ് സർക്കാർ ഭരിയ്ക്കുമ്പോൾ 1991 ഒക്ടോബർ മാസത്തിൽ ഡൽഹിയിലെ റൊമാനിയൻ എംബസ്സിയിലെ അംബാസിഡറായ ലിവിഉ റാഡുവിനെ ഖാലിസ്ഥാൻ ഭീകരർ തട്ടിക്കൊണ്ട് പോയി. ഇന്ത്യൻ സെക്യുരിറ്റി ഫോഴ്സ് നടപടികൾ ആരംഭിയ്ക്കുന്നതിന് മുമ്പ് തന്നെ അദ്ദേഹം എങ്ങനെയോ രക്ഷപെട്ടു. രാജ്യത്തിനാകെ നാണക്കേടുണ്ടാക്കിയ ഈ സംഭവത്തെ ഇന്ന് പലരും മറന്നിട്ടുണ്ടാകും. അക്കാലത്തിറങ്ങിയ പല സിനിമകളിലും ഈ സംഭവത്തോട് സാദൃശ്യം തോന്നിപ്പിയ്ക്കുന്ന സീനുകൾ ചിത്രീകരിച്ചിട്ടുണ്ട്. (മമ്മൂട്ടിയുടെ ന്യൂഡൽഹി സിനിമ ഉദാഹരണമാണ്)

ഇതിനിടെ ഗ്ലാസ്‌നോസ്റ്റും പെരിസ്‌ട്രോയിക്കയും താങ്ങാൻ വയ്യാതെ 1991 ഡിസംബർ 26ന് ലോക കമ്യുണിസ്റ്റുകളുടെ (വിശിഷ്യാ ഇന്ത്യൻ കമ്മികളുടെ) പുണ്യഭൂമിയും തീർത്ഥാടന കേന്ദ്രവുമായിരുന്ന യുഎസ്എസ്ആർ പല രാജ്യങ്ങളായി പിരിഞ്ഞുപോയി. അങ്ങനെ സഖാവ്. ഗോർബച്ചേവ് USSRൻ്റെ അവസാന പ്രസിഡണ്ടായി റിക്കോർഡിട്ടു. അതുവരെ ഇന്ത്യയിലെ (ഫലത്തിൽ കേരള സംസ്ഥാനത്തെ) ഗ്രാമഗ്രാമാന്തരങ്ങളിൽ സോവിയറ്റ് റഷ്യയുടെ കീർത്തനങ്ങൾ ആലപിയ്ക്കപ്പെട്ടിരുന്ന കമ്യുണിസ്റ്റ് പാർട്ടിയുടെ രാഷ്ട്രീയ വിശദീകരണ യോഗങ്ങളിൽ മറ്റു വിഷയങ്ങൾക്ക് സ്ഥാനം ലഭിയ്ക്കപ്പെട്ടു. കമ്യുണിസ്റ്റ് വിശ്വാസികൾ ഏറെ ദുഃഖിതരും നിരാശാഭരിതരുമായിത്തീർന്ന ഒരു ഒരു രാഷ്ട്രീയ സന്ദർഭമായിരുന്നു ഇത്. ആഗോള രാഷ്ട്രീയം അമേരിയ്ക്കയിലേക്ക് ഉറ്റുനോക്കുന്ന സാഹചര്യം രൂപപ്പെട്ടു.

തുടരും….

Related Articles

Latest Articles