തൃശ്ശൂർ: ജില്ലയിൽ നേരിയ ഭൂചലനം. ഭൂമിക്കടിയിൽ നിന്ന് മുഴക്കവും അതേപോലെ ചലനവും അനുഭവപ്പെട്ടതായി നാട്ടുകാർ അറിയിച്ചു. തൃശൂർ, കല്ലൂർ, ആമ്പല്ലൂർ ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. നാട്ടുകാർ ആശങ്കയിലാണ്. വിവരമറിഞ്ഞ് ജില്ലാ കളക്ടർ വി ആർ കൃഷ്ണതേജ സ്ഥലങ്ങൾ ഉടൻ സന്ദർശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഭൂചലനം അനുഭവപ്പെട്ട സ്ഥലം ശക്തമായ നിരീക്ഷണത്തിലാണ്.
റിക്ടർ സ്കെയിലിൽ മൂന്നിൽ താഴെ തീവ്രത വരുന്ന ചലനങ്ങൾ രേഖപ്പെടുത്താൻ കഴിയില്ലെന്നും ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും കളക്ടർ വ്യക്തമാക്കി. നാല് വർഷം മുൻപും സമാനമായ രീതിയിൽ തൃശ്ശൂരിലും പരിസര പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. 2018 സെപ്തംബർ 17ന് രാത്രിയായിരുന്നു സംഭവം. തൃശ്ശൂർ, ഒല്ലൂർ, ലാല്ലൂർ, കണ്ണൻകുളങ്ങര, കൂർക്കഞ്ചേരി അടക്കമുള്ള പ്രദേശങ്ങളിലാണ് അന്ന് രാത്രി 11.30 യോടെ ഭൂചലനം അനുഭവപ്പെട്ടത്.

