Sunday, May 5, 2024
spot_img

ഇന്ത്യൻ ഭരണഘടനയേയും കോടതിയേയും വിമർശിച്ച് മന്ത്രി സജി ചെറിയാൻ; വിവാദമായി മന്ത്രിയുടെ പ്രസംഗം; രാജ്ഭവന്‍ ഇടപെട്ടു

തിരുവനന്തപുരം: ഇന്ത്യൻ ഭരണഘടനയേയും കോടതിയേയും വിമർശിച്ച് മന്ത്രി സജി ചെറിയാൻ. മുല്ലപ്പള്ളിയിൽ നടന്ന സിപിഎം പരിപാടിയിലാണ് അദ്ദേഹം വിവാദ പരാമർശം നടത്തിയത്. ജനങ്ങളെ കൊള്ളയടിക്കാൻ കൂട്ടുനിൽക്കുന്നതാണ് ഇന്ത്യൻ ഭരണഘടനയെന്നും തൊഴിലാളികളെ ചൂഷണം ചെയ്യാൻ ഭരണഘടന സഹായിക്കുന്നുവെന്നും സജി ചെറിയാൻ ആരോപിച്ചു. രാജ്യത്തിന്റെ ഭരണഘടന തൊഴിലാളികൾക്ക് സംരക്ഷണം നൽകുന്നില്ലെന്നും മന്ത്രി വിമർശിച്ചു. മന്ത്രി സജി ചെറിയാന്റെ പ്രസംഗത്തില്‍ രാജ്ഭവന്‍ ഇടപെട്ടു. പ്രസംഗത്തിന്റെ പൂര്‍ണരൂപം അടക്കം വിശദാംശങ്ങള്‍ ഹാജരാക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.

രാജ്യത്തെ തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ ഭരണഘടന സഹായിക്കുന്നു. ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയതാണ് ഇന്ത്യന്‍ ഭരണഘടന. കുന്തവും കുടച്ചക്രവുമൊക്കെയാണ് അതില്‍ എഴുതിവെച്ചിരിക്കുന്നതെന്നും അദേഹം പറഞ്ഞു. കോടതികള്‍ക്കെതിരേയും രൂക്ഷ വിമര്‍ശനമാണ് സാംസ്‌കാരിക വകുപ്പ് മന്ത്രി നടത്തിയിരിക്കുന്നത്.

അതേസമയം, അദ്ദേഹം മുല്ലപ്പള്ളിയിൽ നടത്തിയ പ്രസംഗം ഇപ്പോൾ വിവാദമായി മാറിയിരിക്കുകയാണ്.
മതേതരത്വം ജനാധിപത്യം എന്നിവയൊക്കെ എഴുതിവെച്ചിട്ടുണ്ടെങ്കിലും ഇത് ജനങ്ങൾക്കെതിരാണെന്ന് മന്ത്രി പറഞ്ഞുവെന്നും ഇതൊന്നും ശെരിയല്ലെന്നുമുള്ള ആക്ഷേപമുയർത്തി നിരവധി പേർ രംഗത്തെത്തി. തൊഴിലാളികൾ സമരം ചെയ്താൽ അവർക്കെതിരായാണ് കോടതികൾ പരാമർശങ്ങൾ നടത്തുന്നതെന്നും മന്ത്രി പറഞ്ഞുവെന്നും സംസ്ഥാനത്തെ ഒരു മന്ത്രി തന്നെ ഇത്തരത്തിൽ ഭരണഘടനയെ ചോദ്യം ചെയ്യുമ്പോൾ ജനങ്ങൾക്ക് എന്ത് വിശ്വാസമാണ് ഉണ്ടാകുന്നതെന്നുമുള്ള നിരവധി ചോദ്യങ്ങളാണ് ഇപ്പോൾ ഉയരുന്നത്.
മന്ത്രി നടത്തിയത് സത്യപ്രതിജ്ഞാലംഘനമാണെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്.

Related Articles

Latest Articles