Sunday, January 4, 2026

മിന്നൽ മുരളി ഗംഭീരം: ടൊവിനോ ചിത്രത്തിന്റെ ആദ്യ റിവ്യൂ പുറത്ത്; ആകാംക്ഷ ഇരട്ടിയെന്ന് ആരാധകർ

മലയാള സിനിമയിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രമെന്ന വിശേഷണത്തോടെ എത്തുന്ന സിനിമയാണ് ടൊവീനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ‘മിന്നല്‍ മുരളി’. നെറ്റ്ഫ്ളിക്സിലൂടെയാണ് ചിത്രം ആരാധകരിലേക്ക് എത്തുന്നത്. ഇപ്പോൾ ചിത്രത്തിന്റെ ഗ്ലോബൽ പ്രീമിയര്‍ മുംബൈയിൽ നടന്നിരിക്കുകയാണ്. ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലിലാണ് ചിത്രം ആദ്യമായി പ്രദർശിപ്പിച്ചത്. ​

ആദ്യ പ്രദർശനത്തിന് പിന്നാലെ ഗംഭീര റിപ്പോർട്ടുകളാണ് വരുന്നത്. ചിത്രത്തെ മലയാളം ഇൻഡസ്ട്രിയുടെ അഭിമാനമെന്നാണ് പലരും വിലയിരുത്തുന്നത്. മാത്രമല്ല തിയറ്ററിന് പറ്റിയ സിനിമയാണെന്നാണ് പലരുടേയും അഭിപ്രായപ്പെടുന്നത്. “മലയാള ചലച്ചിത്രനിർമ്മാണത്തിന്റെ ആവേശകരമായ പാറ്റേൺ. ടൊവിനോയും മറ്റ് കഥാപാത്രങ്ങളും ഗംഭീരമായിരുന്നു. ക്ലൈമാക്‌സ് ഫൈറ്റിന് മികച്ച അഭിനന്ദനം ആവശ്യമാണ്. ഗ്യാരണ്ടിയുള്ള സംവിധായകനിൽ ഒരാളാണ് താനെന്ന് ബേസിൽ ജോസഫ് തെളിയിക്കുന്നു”, എന്നാണ് ഒരാളുടെ കമന്റ്.

Image

അതേസമയം ചിത്രത്തിന്റെ ക്ലൈമാക്സിനും മികച്ച അഭിപ്രായമാണ് ആരാധകരിൽ നിന്നും ലഭിക്കുന്നത്. ഇതുപോലൊരു ക്ലൈമാക്സ് ഫൈറ്റ് ഇന്ത്യൻ സിനിമയിൽ തന്നെ കണ്ടിട്ടില്ലെന്നാണ് അഭിപ്രായം. സാങ്കേതിക പരമായും ചിത്രം മികച്ചു നിൽക്കുന്നതായും പലരും പറയുന്നുണ്ട്. കൂടാതെ ടൊവിനോ ഉൾപ്പടെയുള്ള അഭിനേതാക്കളുടെ പ്രകടനവും പ്രശംസിക്കപ്പെടുന്നുണ്ട്. അതിനു പിന്നാലെ നല്ല അഭിപ്രായങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ട് ടൊവിനോ തോമസ് രം​ഗത്തെത്തി. ബേസിലിന് ഒപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് കുറിപ്പ്.

ഡിസംബർ 24നാണ് റിലീസ് ഡേറ്റ്. ചിത്രത്തിന്റെ തുടക്കം മുതലേ വളരെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. മികച്ച അഭിപ്രായങ്ങൾ വന്നതോടെ ആകാംക്ഷ ഇരട്ടിയായി. മുരളി എന്ന് പേരുള്ള ഒരു തയ്യല്‍ക്കാരന്‍ യുവാവിനെയാണ് ടൊവിനോ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മിന്നലേറ്റ് മുരളിക്ക് അത്ഭുത ശക്തി ലഭിക്കുന്നതാണ് ചിത്രം പറയുന്നത്. മലയാളത്തിലെ ആദ്യ സൂപ്പർഹീറോ ചിത്രം എന്ന വിശേഷണത്തോടെയാണ് മിന്നൽ മുരളി എത്തുന്നത്.

Related Articles

Latest Articles