Friday, May 10, 2024
spot_img

ഇസ്രായേലിനെ ലക്ഷ്യം വെച്ച് യെമനിൽ നിന്നും മിസൈലുകൾ? ചെങ്കടലിൽ വെടിവെച്ചിട്ട് യുഎസ് യുദ്ധക്കപ്പൽ; പിന്നിൽ ഹൂതി വിമതരെന്ന് സംശയം

ജെറുസലേം: ഇസ്രായേലിനെ ലക്ഷ്യം വെച്ച് യെമനിൽ നിന്നും മിസൈൽ ആക്രമണം ഉണ്ടായതായി സംശയം പ്രകടിപ്പിച്ച് യുഎസ്. ചെങ്കടലിൽ യുഎസ് യുദ്ധക്കപ്പൽ മിസൈലുകൾ വെടിവെച്ചിട്ടതായി യുഎസ് പ്രതിരോധ വക്താവ് അറിയിച്ചു. ആക്രമണത്തിൽ മിസൈലുകൾക്കൊപ്പം ഡ്രോണുകളും ഉണ്ടായിരുന്നു.

യെമനിലെ ഹൂതി വിമതരാണ് ആക്രമണത്തിന് പിന്നിലെന്നാണ് യുഎസ് പുറത്തുവിടുന്ന വിവരം. യുഎസ്എസ് കാർണി എന്ന യുഎസ് നാവികസേനാ കപ്പലാണ് മിസൈലുകൾ വെടിവെച്ചിട്ടത്. സൗദി നേതൃത്വം നൽകുന്ന സഖ്യത്തിന്റെ പിന്തുണയോടെ യെമനിൽ നിലനിൽക്കുന്ന സർക്കാരിനെതിരെ ഹൂതി വിമതർ നടത്തുന്ന പോരാട്ടം തുടരുന്നുണ്ട്. ഇറാന്റെ പിന്തുണയോടെയാണ് പോരാട്ടം. ഇതിനിടയിലാണ് ഇസ്രായേലിനെ ലക്ഷ്യം വെച്ചെന്ന് സംശയിക്കുന്ന മിസൈൽ ആക്രമണമുണ്ടായത്.

ചെങ്കടലിൽ നിലയുറപ്പിച്ചിരുന്ന യുഎസ് നാവികസേനയുടെ കപ്പലിലെ മിസൈൽ പ്രതിരോധ സംവിധാനമാണ് ആക്രമണം പ്രതിരോധിച്ചത്. സമാനമായ ആക്രമണങ്ങൾ പ്രതിരോധിക്കാൻ യുഎസിന് ശേഷിയുണ്ടെന്നും പെന്റഗൺ വക്താവ് വ്യക്തമാക്കി. ഹമാസ് ഭീകരർക്കെതിരെ ഇസ്രായേൽ ആക്രമണം ശക്തമായതോടെ മേഖലയുടെ സുരക്ഷ ഉറപ്പിക്കാൻ യുഎസ് നിർദ്ദേശം നൽകിയിരുന്നു. മിസൈലുകൾ ലക്ഷ്യം വെച്ചത് ഇസ്രായേലിനെ തന്നെയാണോ എന്ന് ഉറപ്പാക്കിയിട്ടില്ല.

ഏത് സമയത്തും സൈനികവിന്യാസത്തിനായി 2000 സൈനികരോട് തയ്യാറായി നിൽക്കാനും യുഎസ് നിർദ്ദേശം നൽകിയിരുന്നു. അടിയന്തിര സാഹചര്യം ഉണ്ടായാൽ ഉടനടി പ്രതികരിക്കുന്നതിന് വേണ്ടിയാണ് സൈനികരെ തയ്യാറാക്കി നിർത്തിയിരിക്കുന്നതെന്നാണ് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്റെ വിശദീകരണം.

Related Articles

Latest Articles