Tuesday, October 13, 2026

വെള്ളറട പനച്ചമൂട്ടിൽ കാണാതായ വീട്ടമ്മയെ കൊന്ന് കുഴിച്ചുമൂടി! അയല്‍വാസി കസ്റ്റഡിയിൽ

തിരുവനന്തപുരം: വെള്ളറടയില്‍ സ്ത്രീയെ കൊന്ന് കുഴിച്ചിട്ട അയല്‍വാസി കസ്റ്റഡിയിൽ. പനച്ചുംമൂട് പഞ്ചാംകുഴി മാവുവിള സ്വദേശിനി പ്രിയംവദ(48)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അയൽവാസിയായ സരസ്വതിയുടെ മരുമകൻ വിനോദ്, വിനോദിന്റെ സഹോദരൻ സന്തോഷ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. വിനോദ് കുറ്റം സമ്മതിച്ചു. കൊല ചെയ്തത് താനാണെന്നും സഹോദരനായ സന്തോഷിന് കൃത്യത്തിൽ പങ്കില്ലെന്നുമാണ് വിനോദിന്റെ മൊഴി.

ഇക്കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് പ്രിയംവദയെ കാണാതായത്. പ്രിയംവദ ഒറ്റയ്ക്കായിരുന്നു താമസം. രണ്ട് പെണ്‍മക്കളുടെയും വിവാഹം കഴിഞ്ഞുവെന്നാണ് വിവരം. അമ്മയെ കാണാനില്ലെന്ന് പറഞ്ഞ് മക്കള്‍ വെള്ളറട പോലീസില്‍ പരാതി നല്‍കിയിരുന്നു.ഇതിനിടെയാണ് പ്രിയംവദയുടെ തിരോധാനത്തില്‍ ദുരൂഹതയുണ്ടെന്നും തന്റെ വീടിന് സമീപത്ത് രക്തക്കറകള്‍ കണ്ടതായും സമീപവാസിയായ സരസ്വതി ഞായറാഴ്ച രാവിലെ മൊഴിനല്‍കിയത്. മാവുവിള പള്ളിവികാരിയോടാണ് സരസ്വതി ഇക്കാര്യം ആദ്യം വെളിപ്പെടുത്തിയത്. പിന്നാലെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

പോലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തില്‍ രക്തക്കറയും മുടിയും കണ്ടെത്തി. തുടര്‍ന്ന് വിനോദിനെയും സന്തോഷിനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു

Related Articles

Latest Articles