Sunday, May 5, 2024
spot_img

വീട്ടില്‍ നിന്ന് ആഹാര സാധനങ്ങള്‍ വാങ്ങാന്‍ പോയതിന് പിന്നാലെ കാണാതായ സൈനികനെ ജീവനോടെ കണ്ടെത്തി; ജവാന്റെ തിരോധാനത്തിന്റെ കാരണം അവ്യക്തം; മെഡിക്കല്‍ ചെക്കപ്പിന് ശേഷം വിശദമായി ചോദ്യം ചെയ്യുമെന്ന് പോലീസ്

ശ്രീനഗര്‍: കുല്‍ഗാമില്‍ നിന്ന് കാണാതായ സൈനികനെ പോലീസ് ജീവനോടെ കണ്ടെത്തി. കഴിഞ്ഞ ശനിയാഴ്ച കാണാതായ ജാവേദ് അഹമ്മദ് വാനിയെയാണ് കുല്‍ഗാം പോലീസ് ഇന്നലെ കണ്ടെത്തിയത്. ഇയാളുടെ തിരോധാനത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല. അവധിയിലായിരുന്ന സൈനികന്‍ ജോലിയില്‍ പ്രവേശിക്കാനിരിക്കെയാണ് കാണാതാവുന്നത്.

കാശ്മീര്‍ എഡിജിപി വിജയകുമാറാണ് സൈനികനെ കണ്ടെത്തിയ വിവരം അറിയിച്ചത്. മെഡിക്കല്‍ ചെക്കപ്പിന് ശേഷം ജവാനെ വിശദമായി ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു. ലേയില്‍ ജോലി ചെയ്യുന്ന 25കാരനായ ജാവേദ് ജക്ലി സ്വദേശിയാണ്. വീട്ടില്‍ നിന്ന് ആഹാര സാധനങ്ങള്‍ വാങ്ങാന്‍ പോയതിന് പിന്നാലെയാണ് സൈനികനെ കാണാതായത്. 2014ലാണ് ഇയാള്‍ സൈന്യത്തിന്റെ ഭാഗമായത്.

ഇയാള്‍ സഞ്ചരിച്ചിരുന്ന കാര്‍ പരന്‍ഹാലില്‍ നിന്ന് സൈന്യം കണ്ടെത്തുമ്പോള്‍ ഡോര്‍ തുറന്ന നിലയിലും സൈനികന്റെ ചെരുപ്പുകളും ആഹാരസാധനങ്ങളും കാറില്‍ അവശേഷിച്ചിരുന്നു. സൈനികനെ ഭീകരവാദികള്‍ തട്ടിക്കൊണ്ടുപോയിരിക്കാമെന്ന് പറഞ്ഞ് ജാവേദിന്റെ പിതാവ് രംഗത്തെത്തിയിരുന്നു. അവന്‍ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അവനെ ജീവനോടെ വിടണമെന്നും അദ്ദേഹം വീഡിയോ സന്ദേശത്തിലൂടെ അപേക്ഷിച്ചിരുന്നു. സൈനികനെ കാണാതായതു മുതല്‍ പോലീസും സൈന്യവും വ്യാപകമായ തിരച്ചിലിലായിരുന്നു. നിരവധി പേരെ ചോദ്യം ചെയ്യുകയും ഫോണ്‍ രേഖകള്‍ പരിശോധിക്കുകയും ചെയ്തിരുന്നു.

Related Articles

Latest Articles