Sunday, April 28, 2024
spot_img

മിഷന്‍ അരിക്കൊമ്പന് 8 സംഘങ്ങളെ രൂപീകരിച്ച് വനംവകുപ്പ്; കേസ് ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്‍ മോക് ഡ്രില്‍ തല്‍ക്കാലം ഒഴിവാക്കും

മൂന്നാർ : ഇടുക്കി ചിന്നക്കനാലിൽ വ്യാപകമായി അക്രമം അഴിച്ചുവിടുന്ന ഒറ്റയാൻ അരിക്കൊമ്പനെ മയക്ക് വടി വയ്ക്കുന്നതിന് വേണ്ടി വനംവകുപ്പ് പ്രത്യേക സംഘങ്ങളെ രൂപീകരിച്ചു. ദേവികുളത്ത് ചേര്‍ന്ന യോഗത്തിലായിരുന്നു വനംവകുപ്പ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി എട്ട് സംഘങ്ങളെ രൂപീകരിച്ചത്. നേരത്തെ ഉണ്ടായിരുന്ന വയനാട്, ഇടുക്കി ആര്‍ആര്‍ടികള്‍ക്ക് പുറമേയാണ് വനംവകുപ്പിന്‍റെ ഈ സംഘങ്ങൾ.

രൂപീകരിക്കപ്പെട്ട ഓരോ സംഘവും ചെയ്യേണ്ട കര്‍ത്തവ്യങ്ങള്‍ ദൗത്യതലവന്‍ ഡോ. അരുണ്‍ സക്കറിയ വിശദീകരിച്ചു . ദൗത്യത്തിനായി ഉപയോഗിക്കുന്ന ഉപകരണങ്ങളും പരിചയപ്പെടുത്തി. ഓരോ സംഘങ്ങള്‍ക്കും തലവന്മാരെയും അദ്ദേഹം നിശ്ചയിച്ചു. ദൗത്യസമയത്ത് ഇവര്‍ നില്‍ക്കേണ്ട സ്ഥാനം സംബന്ധിച്ചും വ്യക്തത നല്‍കി. സിസിഎഫ്ഫുമാരായ നരേന്ദ്രബാബു, ആര്‍.എസ്.അരുണ്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് ദൗത്യം നടക്കുക. ഒറ്റയാനെ പിടികൂടിയ ശേഷം കൊണ്ടുപോകാന്‍ കൂട് സജ്ജീകരിച്ച ലോറിയും ചിന്നക്കനാലില്‍ തയ്യാറായി.

അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടുന്നത് സംബന്ധിച്ച കേസ് ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്‍ നേരത്തെ നിശ്ചയിച്ചിരുന്ന മോക് ഡ്രിൽ തൽകാലം ഒഴിവാക്കാന്‍ തീരുമാനിച്ചു. കോടതിയില്‍ നിന്ന് അനുകൂല തീരുമാനം ഉണ്ടായാല്‍ ദൗത്യത്തിത്തിനു മുൻപായി മോക്ഡ്രിൽ നടത്താനാണ് സാധ്യത.

നേരത്തെ മൃഗസംരക്ഷണ സംഘടന സമർപ്പിച്ച ഹർജിയിന്മേലാണ് അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം മാറ്റിവയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്. വിഷയം ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും.

Related Articles

Latest Articles