Wednesday, May 8, 2024
spot_img

ആൾക്കൂട്ട മർദ്ദനം; മൂവാറ്റുപുഴയിൽ കൊല്ലപ്പെട്ട അന്യസംസ്ഥാന തൊഴിലാളിയുടെ മരണത്തിൽ കൂടുതൽ പ്രതികളുണ്ടെന്ന് പോലീസ്; അറസ്റ്റ് ഉടൻ?

എറണാകുളം: മൂവാറ്റുപുഴയിൽ ആൾക്കൂട്ട മർദ്ദനത്തിൽ കൊല്ലപ്പെട്ട അന്യസംസ്ഥാന തൊഴിലാളിയുടെ മരണത്തിൽ കൂടുതൽ പ്രതികളുണ്ടെന്ന് പോലീസ്. ആക്രമണം സംഭവിക്കുമ്പോൾ നിരവധി പേർ സംഭവസ്ഥലത്ത് ഉണ്ടായിരുന്നു എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കുറ്റ കൃത്യത്തിൽ പങ്കെടുത്തു എന്ന് ഉറപ്പാക്കിയ ശേഷമായിരിക്കും കൂടുതൽ പ്രതികളുടെ അറസ്റ്റ് ഉണ്ടാവുക. അരുണാചൽപ്രദേശ് സ്വദേശി അശോക് ദാസാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്.

ഇന്നലെ സംഭവത്തിൽ 10 പ്രതികളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിരുന്നു. കൂടുതൽ അന്വേഷണത്തിനായി പ്രതികളെ വീണ്ടും അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങും. നാളെ പ്രതികളെ കോടതിയിൽ ഹാജരാക്കും. സംഭവം ആൾക്കൂട്ട മർദ്ദനമാണെന്ന് വ്യക്തമായിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഹോട്ടൽ ജീവനക്കാരനാണ് അശോക് ദാസ്. രാത്രി ഹോട്ടലിൽ ഇയാൾക്കൊപ്പം ജോലി ചെയ്തുവരികയായിരുന്ന പെൺകുട്ടിയെ കാണാൻ പോയതായിരുന്നു ഇയാൾ. ഇതിനിടെ അവിടെയെത്തിയ ആൾക്കൂട്ടം തടഞ്ഞ് നിർത്തി മർദ്ദിക്കുകയായിരുന്നു. ഇതിനിടെ ഇയാൾ രക്ഷപ്പെട്ട് ഓടാൻ ശ്രമിച്ചു. എന്നാൽ വീണ്ടും പിടികൂടി തൂണിൽ കെട്ടിയിട്ട് മർദ്ദിക്കുകയായിരുന്നു. ഇയാൾ അവശനായതോടെ പോലീസ് എത്തി മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ആരോഗ്യനില വഷളായതോടെ ഇവിടെ നിന്നും വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ആയിരുന്നു മരണം. ആൾക്കൂട്ട ആക്രമണത്തിൽ നെഞ്ചിനും തലയ്ക്കും സാരമായി പരിക്കേറ്റിരുന്നു. ഇതാണ് മരണകാരണം എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

Related Articles

Latest Articles