Friday, May 3, 2024
spot_img

ഇത് പുതിയ ഇന്ത്യയുടെ തുടക്കം; പാർട്ടി പ്രവർത്തകർക്കും ഘടക കക്ഷികൾക്കും നന്ദി : മോദി

ദില്ലി: ഇത് പുതിയ ഇന്ത്യയുടെ തുടക്കമാണെന്ന് നരേന്ദ്ര മോദി. രാജ്യം നൽകിയത് ചരിത്രപരമായ ജനവിധിയാണ്. ഭാരതത്തിന്‍റെ ജനവിധി ലോകത്തെ അത്ഭുതപ്പെടുത്തി എന്നും മോദി പറഞ്ഞു. പാർലമെന്‍ററി പാര്‍ട്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ട ശേഷം നേതാക്കളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഭരണഘടനയില്‍ തലതൊട്ട് വന്ദിച്ചുകൊണ്ടാണ് നരേന്ദ്രമോദി പ്രസംഗം ആരംഭിച്ചത്. തൻ്റെ വിജയത്തിൽ പാർട്ടി പ്രവർത്തകർക്കും ഘടക കക്ഷികൾക്കും നന്ദി രേഖപ്പെടുത്തിയ മോദി മികച്ച വിജയം ഉത്തരവാദിത്തങ്ങൾ വർധിപ്പിക്കുന്നതായും വ്യക്തമാക്കി. നിങ്ങളെല്ലാവരുമാണ് എന്നെ നേതാവാക്കിയത്. നിങ്ങളിലൊരാളാണു ഞാൻ‌. നിങ്ങൾക്കു തുല്യനാണെന്നും മോദി പറഞ്ഞു.

കഠിനാധ്വാനത്തിന്‍റെ വിജയമാണ് ഇത്തവണത്തേത്. തുടര്‍ഭരണത്തിന് ജനങ്ങൾ വോട്ട് ചെയ്തു. പിന്തുണച്ചവരെയും വിമർശിച്ചവരെയും ഒപ്പം നിർത്തി മുന്നോട്ടുപോകും . തിരഞ്ഞെടുപ്പ് തനിക്കൊരു തീർത്ഥാടനമായിരുന്നു. എൻഡിഎയ്ക്ക് കിട്ടിയത് പോസിറ്റീവ് വോട്ടുകളാണ്. 2014 ൽ തന്നെ പരീക്ഷിച്ച ജനങ്ങൾ പരീക്ഷണം വിജയമാണെന്നുകണ്ട് വീണ്ടും തിരഞ്ഞെടുത്തു. രാജ്യത്തിന് സത്യസന്ധമായ സർക്കാരിനെയാണ് ആവശ്യം- മോദി പറഞ്ഞു.

സ്വതന്ത്ര ഇന്ത്യയില്‍ ഇതാദ്യമായാണ് ഇത്രയധികം വനിതാ എംപിമാര്‍ പാര്‍ലമെന്റില്‍ എത്തുന്നത്, ഇത് വനിതാ ശാക്തീകരണത്തിന് വഴിയൊരുക്കും. ജനപ്രതിനിധികള്‍ക്ക് അതിരുകളില്ല, ഈ രാജ്യത്തിന്റെ ഉയര്‍ച്ചയ്ക്കായാണ് ജനങ്ങള്‍ നമ്മളെ തെരഞ്ഞെടുത്തിരിക്കുന്നത്. ജനങ്ങള്‍ നമ്മളില്‍ വിശ്വാസമര്‍പ്പിച്ചു, അത് ഭരണാനുകൂല തരംഗമാണ്. ദേശീയ താല്പര്യവും പ്രാദേശിക സ്വപ്നങ്ങളും ഒന്നിച്ചു കൊണ്ടുപോകണമെന്നും മോദി പാർലമെന്‍ററി പാർട്ടി യോഗത്തിൽ പങ്കെടുത്ത പ്രതിനിധികളോടായി പറഞ്ഞു.

https://twitter.com/narendramodi/status/1132257944383262721

Related Articles

Latest Articles