Thursday, October 1, 2026

വിവേകാനന്ദ പാറയിൽ ധ്യാനമിരിക്കാൻ മോദി ഇന്ന് കന്യാകുമാരിയിലെത്തും; വിമാനമിറങ്ങുകതിരുവനന്തപുരത്ത്! കനത്ത സുരക്ഷയൊരുക്കി പോലീസ്

തിരുവനന്തപുരം: പ്രചാരണത്തിരക്ക് ഒഴിഞ്ഞതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ ധ്യാനം ഇരിക്കാൻ എത്തും. ഉച്ചകഴിഞ്ഞ് മൂന്നരയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന മോദി ഹെലികോപ്റ്റർ മാർഗമാണ് കന്യാകുമാരിലേക്ക് പോവുക. കന്യാകുമാരി ദേവീക്ഷേത്രത്തിൽ ദർശനം നടത്തിയതിനുശേഷം വിവേകാനന്ദപ്പാറയിൽ നരേന്ദ്രമോദി ധ്യാനം ഇരിക്കും. മൂന്നു ദിവസങ്ങളിലായി 45 മണിക്കൂറാണ് ധ്യാനം. ഒന്നാം തീയതി ഉച്ചകഴിഞ്ഞ് നരേന്ദ്ര മോദി ദില്ലിയിലേക്ക് മടങ്ങിപ്പോകും.

പ്രധാനമന്ത്രിയുടെ വരവോടനുബന്ധിച്ച് കന്യാകുമാരിയിൽ കനത്ത സുരക്ഷയാണ് പോലീസ് ഏർപ്പെടുത്തിയിട്ടുള്ളത്. വിവേകാനന്ദപ്പാറയിലേക്കുള്ള സഞ്ചാരികളുടെ യാത്രയ്ക്ക് നിരോധനം ഉണ്ട്. രണ്ടായിരത്തോളം പോലീസുകാരെയാണ് സുരക്ഷയ്ക്കായി ഒരുക്കിയിട്ടുള്ളത്.കന്യാകുമാരി ഗസ്റ്റ് ഹൗസില്‍ ഉള്‍പ്പെടെ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ഹെലികോപ്ടറിന്റെ ട്രയല്‍ റണ്ണടക്കം നടത്തിയിരുന്നു.

ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസമാണ് തമിഴ്നാട്ടിലെ കന്യാകുമാരിയില്‍ ധ്യാനമിരിക്കാൻ മോദി എത്തുന്നത്. ഇന്ന് വൈകിട്ട് മുതല്‍ ജൂണ്‍ ഒന്നിന് വൈകിട്ട് വരെയാണ് മോദി വിവേകാനന്ദപ്പാറയില്‍ ധ്യാനമിരിക്കുക. ഇന്നാണ് ലോക്സഭ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം പൂര്‍ത്തിയാവുന്നതും. രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ജൂണ്‍ ഒന്നിനാണ് അവസാനഘട്ട വോട്ടെടുപ്പ് . പരസ്യപ്രചാരണം പൂര്‍ത്തിയാകുന്നത് മുതൽ വോട്ടെടുപ്പ് കഴിയുന്നത് വരെ വിവേകാനന്ദപ്പാറയില്‍ ധ്യാനമിരിക്കാനാണ് മോദിയുടെ തീരുമാനം. 2019 ലെ അവസാനഘട്ട തെരഞ്ഞെടുപ്പ് ദിവസം 17 മണിക്കൂർ മോദി കേദാർനാഥിലെ രുദ്ര ഗുഹയില്‍ ധ്യാനമിരുന്നിരുന്നു.

Related Articles

Latest Articles