ദില്ലി : ഉത്തരേന്ത്യയിൽ കനത്ത കാലവർഷത്തിൽ പരക്കെ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. കനത്ത മഴയിൽ കഴിഞ്ഞ രണ്ടു ദിവസത്തിനിടെ 12 മരണമാണ് പലഭാഗങ്ങളിലായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ദില്ലിയിൽ ഫ്ലാറ്റിലെ സീലിങ് തകർന്ന് 58 വയസ്സുകാരി മരിച്ചു. രാജസ്ഥാനിൽ മഴക്കെടുതിയിൽ നാലു പേർ മരിച്ചു. ഉത്തർപ്രദേശിലെ മുസാഫർനഗറിൽ കനത്ത മഴയിൽ വീട് തകർന്ന് ഇന്നു പുലർച്ചെ സ്ത്രീയും ആറു വയസ്സുള്ള മകളും മരിച്ചു. ഹിമാചൽ പ്രദേശിലെ ഷിംലയിലും കനത്ത മഴയിൽ വീട് തകർന്ന് ഒരു കുടുംബത്തിലെ മൂന്നു പേർ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ ഇന്നലെ രണ്ടു സൈനികർ മുങ്ങിമരിച്ചിരുന്നു
ദില്ലി , ഹരിയാന, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, പഞ്ചാബ്, ജമ്മു കശ്മീർ എന്നിവിടങ്ങളിലാണ് മഴ തകർത്ത് പെയ്യുന്നത്. രാജ്യതലസ്ഥാനമായ ദില്ലിയിൽ 24 മണിക്കൂറിനുള്ളിൽ 153 മില്ലിമീറ്റർ മഴയാണ് പെയ്തിറങ്ങിയത്. ഗുരുഗ്രാമിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ടും വൈദ്യുതി തടസ്സവും അനുഭവപ്പെട്ടു. മഴക്കെടുതികൾ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ എല്ലാ സർക്കാർ ഉദ്യോഗസ്ഥരും ഞായറാഴ്ച അവധി ഒഴിവാക്കി ജോലിയിൽ പ്രവേശിക്കാൻ സർക്കാർ നിർദേശിച്ചിരുന്നു
തുടർച്ചയായ മഴയെയും മണ്ണിടിച്ചിലിനെയും തുടർന്ന് അമർനാഥ് യാത്ര തുടർച്ചയായ മൂന്നാം ദിവസവും നിർത്തിവച്ചു. ഇന്നലെ റോഡിന്റെ ഒരു ഭാഗം തകർന്ന ശ്രീനഗർ-ജമ്മു ഹൈവേയിൽ മൂവായിരത്തോളം വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയാണ്. കനത്ത മഴയിൽ ഹിമാചലിലെ കുളുവിലെ ബീസ് നദിക്കരയിൽ ദേശീയപാതയുടെ ഒരു ഭാഗം കനത്ത മണ്ണിടിച്ചിലിനെ തുടർന്ന് ഒലിച്ചുപോയി. മാണ്ഡിക്കും കുളുവിനുമിടയിൽ ഗതാഗതം തടസ്സപ്പെട്ടു. ഷിംല, സിർമൗർ, ലാഹൗൾ, സ്പിതി, ചമ്പ, സോളൻ എന്നിവിടങ്ങളിലെ നിരവധി റോഡുകളിൽ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും തടസ്സപ്പെട്ടതിനെത്തുടർന്ന് ഹിമാചൽ പ്രദേശിലെ ഏഴ് ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. ബീസ് ഉൾപ്പെടെ നിരവധി നദികളിൽ ജലനിരപ്പ് അപകടനിലയ്ക്കും മുകളിൽ ഉയർന്നിരിക്കുകയാണ്.

