കാസർകോട് പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

പ്രതികളെല്ലാം നേരിട്ട് കൃത്യത്തിൽ പങ്കെടുത്തുവെന്നും കൃപേഷിനെ ആദ്യം വെട്ടിയത് മൂന്നാം പ്രതി സുരേഷാണെന്നും റിമാൻഡ് റിപ്പോർട്ടിൽ പരാമർശിക്കുന്നു. സംഘത്തിലെ എല്ലാവരേയും രാഷ്ട്രീയബന്ധങ്ങൾ ഉപയോഗിച്ച് പീതാംബരൻ വിളിച്ചുവരുത്തുകയായിരുന്നു. പ്രതികളെല്ലാവരും പീതാംബരന്‍റെ സുഹൃത്തുക്കളാണെന്നും റിപ്പോ‌ർട്ടിൽ പറയുന്നു.

പ്രതികൾക്കായുള്ള കസ്റ്റഡി അപേക്ഷ തിങ്കളാഴ്ച സമർപ്പിക്കുമെന്ന് പൊലീസ് പറഞ്ഞു. കേസിലെ മുഖ്യപ്രതികളെ എല്ലാവരെയും പിടിച്ചു കഴിഞ്ഞു. ഇതുവരെയുള്ള അന്വേഷണം പൂർത്തിയാക്കിയെന്നും കേസ് മറ്റന്നാൾ ക്രൈം ബ്രാഞ്ച് ഏറ്റെടുക്കുമെന്നും എസ്പി ജെയിംസ് ജോസഫ് പറഞ്ഞു.