Sunday, May 5, 2024
spot_img

അനാഥ വാര്‍ദ്ധക്യത്തിന്റെ കഥ പറഞ്ഞ് ‘അമ്മയുടെ കുട’; സേവാഭാരതിയുടെ ഒരു സേവാകേന്ദ്രം പ്രമേയപശ്ത്താലമായി വരുന്ന ആദ്യഫീച്ചര്‍ ഫിലിം പ്രദർശിപ്പിച്ചു

കേസരി പത്രാധിപര്‍ ഡോ.മധു മീനച്ചില്‍ രചനയും സംവിധാനവും ചെയ്ത ‘അമ്മയുടെ കുട’ പ്രേക്ഷകരിലേക്ക്. ചിത്രത്തിന്റെ പ്രദർശനം മാര്‍ച്ച് 23 ന് കോഴിക്കോട് കേസരിഭവനിലുള്ള പരമേശ്വരം ഹാളിൽ വെച്ച് നടന്നു. വൈകീട്ട് 5. 30 നാണ് പ്രദർശനം നടത്തിയത്. ഈ ചെറു സിനിമയുടെ ഇതിവൃത്തം ഒറ്റവാക്കിൽ പറഞ്ഞാൽ ‘അനാഥ വാര്‍ദ്ധക്യമാണ്’. ജീവിതത്തിരക്കുകൾക്കിടയിൽ നഷ്ടപ്പെട്ടുപോകുന്ന കുടുംബ ബന്ധങ്ങളെക്കുറിച്ച് ഇരുത്തി ചിന്തിപ്പിക്കുന്ന രീതിയിലാണ് സിനിമയുടെ പ്രമേയം ഒരുക്കിയിട്ടുള്ളത്. ഒരു മണിക്കൂറാണ് ചിത്രത്തിന്റ ദൈര്‍ഘ്യം. സേവാഭാരതിയുടെ ഒരുസേവാകേന്ദ്രം പ്രമേയപശ്ത്താലമായി വരുന്ന ആദ്യഫീച്ചര്‍ ഫിലിം എന്നതാണ് പ്രധാന പ്രത്യേകത.

കേസരി വാരികയിൽ പ്രസിദ്ധീകരിച്ച ‘മുലപ്പാൽ മണമുള്ള ചന്ദനത്തിരികൾ’ എന്ന കഥയാണ് ‘അമ്മയുടെ കുട’ എന്ന സിനിമയായി മാറിയത്. മാറിവരുന്ന സാമൂഹ്യ സാഹചര്യങ്ങളിൽ രക്ഷിതാക്കളെ വൃദ്ധസദനത്തിലേക്ക് തള്ളാൻ നിർബന്ധിതരാവുന്നവരുടെ ധർമ്മസങ്കടത്തിലേക്കാണ് സിനിമ വിരൽ ചൂണ്ടുന്നത്. ഭാരതീയ കുടുംബ സങ്കല്പത്തിന്റെ മഹത്വവും സിനിമ ഊന്നിപ്പറയുന്നു.

സിനിമയുടെ ചിത്രീകരണം നടന്നത് ഇരിങ്ങാലക്കുട സാകേതം വൃദ്ധസദനത്തിൽ വെച്ചാണ്. ഉണ്ണി നീലഗിരിയാണ് ചിത്രത്തിന്റെ ക്യാമറയും എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നത്. സിനിമാതാരം വിധുബാല, നോവലിസ്റ്റ് പി.ആർ നാഥൻ, കോഴിക്കോട് ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി നരസിംഹാനന്ദ എന്നിവർ പ്രദർശന ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഡോ. മധു മീനച്ചിൽ ആമുഖഭാഷണം നടത്തി. ഷാബു പ്രസാദ് സ്വാഗതം പറഞ്ഞു.

അതേസമയം സിനിമയ്ക്ക് വേണ്ടി കഷ്ടപ്പെട്ട എല്ലാകലാകാരന്മാര്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും നിര്‍മ്മാണച്ചിലവിന്റെ പ്രധാനപങ്ക് വഹിച്ച ഇരിങ്ങാലക്കുടയിലെ സാകേതം വൃദ്ധസദനത്തിനും നന്ദി അറിയിക്കുന്നതായി മധു മീനച്ചില്‍ പറഞ്ഞു. എഡിറ്റിംഗിനായി ചിലവഴിച്ച പത്തുലക്ഷം രൂപമാത്രമാണ് ഈ ചിത്രത്തിനായി വന്ന സാമ്പത്തിക ചിലവ്. ഡിസംബര്‍-22ന് ഇരിങ്ങാലക്കുട കലാക്ഷേത്രയില്‍ വെച്ചയാരുന്നു ചിത്രത്തിന്റെ പ്രിവ്യൂ ഷോ നടന്നത് .

എന്നാൽ ചിത്രത്തിലെ ‘മനസില്‍ മണിത്തൊട്ടില്‍’ എന്ന ഗാനം പ്രദർശനത്തിന് മുമ്പ് തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. അമ്മയുടെ മനസിന്റെ ആഴങ്ങളിലൂടെയും സ്നേഹത്തിലൂടെയും കടന്നു പോകുന്ന വരികളും ദൃശ്യങ്ങളും ആസ്വാദകരെ ആകര്‍ഷിക്കുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. ഡോ. മധു മീനച്ചിലിന്റെ വരികള്‍ക്ക് മനുരാജാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഭാവനാ രാധാകൃഷ്ണനാണ് പാടിയിരിക്കുന്നത്. ഡോ.മധു മീനച്ചില്‍ ദേശീയ അംഗീകാരം നേടിയ ഷോര്‍ട്ട് ഫിലിം ഉള്‍പ്പെടെ നിരവധി ശ്രദ്ധേയമായ ഷോര്‍ട് ഫിലിമുകൾ സംവിധാനം ചെയ്തിട്ടുണ്ട്. ചിത്രം ഒ.ടി.ടി പ്ലേറ്റ്‌ഫോമിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ‘ബുദ്ധന്‍ ചിരിക്കാത്ത കാലം, പള്ളിവാള്‍, കാലവാഹിനിയുടെ കരയില്‍’ തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രശംസ്ത കൃതികളാണ്.

Related Articles

Latest Articles