ഭോപാല്‍: കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ നിന്ന് ആദായനികുതി വകുപ്പ് (Income Tax Department) പിടികൂടിയത് കോടികൾ. മധ്യപ്രദേശിലെ പ്രമുഖ മദ്യവ്യവസായിയും കോണ്‍ഗ്രസ് നേതാവുമായ ശങ്കര്‍ റായിയുടെ വീട്ടിലും സ്ഥാപനങ്ങളിലുമായാണ് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്. 39 മണിക്കൂര്‍ നീണ്ട പരിശോധനയില്‍ പണമായി എട്ട് കോടി രൂപയും മൂന്ന് കിലോ സ്വര്‍ണവും പിടിച്ചെടുത്തു. കണക്കില്‍പ്പെടാത്ത സ്വത്തിന്റെ നിരവധി രേഖകളും കണ്ടെടുത്തിട്ടുണ്ട്. ശങ്കര്‍ റായിയുടെ ദമോഹിലെ വീട്ടിലും കുടുംബാംഗങ്ങളുടെ വീടുകളിലും സ്ഥാപനങ്ങളിലും രാവിലെ ആറ് മണിക്കാണ് റെയ്ഡ് ആരംഭിച്ചത്. ഇവിടങ്ങളില്‍നിന്നാണ് ആകെ എട്ട് കോടി രൂപ പിടിച്ചെടുത്തത്.
അതേസമയം ഒരു കോടി രൂപ വാട്ടര്‍ ടാങ്കില്‍ സൂക്ഷിച്ചനിലയിലായിരുന്നു. നോട്ടുകെട്ടുകള്‍ ബാഗിനുള്ളിലാക്കിയാണ് വാട്ടര്‍ ടാങ്കില്‍ സൂക്ഷിച്ചിരുന്നത്. റെയ്ഡിന് ശേഷം ഉദ്യോഗസ്ഥര്‍ ഈ നോട്ടുകെട്ടുകള്‍ ഉണക്കുന്നതിന്റെ വീഡിയോദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ശങ്കര്‍ റായിയുടെ കുടുംബവുമായി ബന്ധപ്പെട്ട പത്തിടങ്ങളിലാണ് റെയ്ഡ് നടന്നതെന്ന് ആദായനികുതി വകുപ്പ് ജോയന്റ് കമ്മീഷണര്‍ മുന്‍മുന്‍ ശര്‍മ പ്രതികരിച്ചു.മദ്യവ്യവസായത്തിന് പുറമേ ട്രാന്‍സ്പോര്‍ട്ട്, ഹോട്ടല്‍ രംഗത്തും ശങ്കര്‍ റായിയുടെ കുടുംബത്തിന് സ്ഥാപനങ്ങളുണ്ട്.

