Saturday, April 27, 2024
spot_img

മുക്താർ അൻസാരിയുടെ മരണം !മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ ; അതീവ ജാഗ്രതയിൽ ഉത്തർപ്രദേശ്

രാഷ്ട്രീയ നേതാവും കുപ്രസിദ്ധ ഗുണ്ടാത്തലവനുമായ മുക്താർ അൻസാരിയുടെ മരണത്തിൽ മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ. അന്വേഷണത്തിനായി മൂന്നംഗ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. അന്വേഷണം പൂർത്തിയാക്കി എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശം. ഇതിന്റെ അടിസ്ഥാനത്തിൽ സർക്കാർ തുടർനടപടികൾ സ്വീകരിക്കും. കൊലപാതകം മുതല്‍ കവര്‍ച്ച വരെ അറുപത്തിയഞ്ചോളം കേസുകളില്‍ പ്രതിയായ മുഖ്താര്‍ അന്‍സാരി വിവിധ കക്ഷികളുടെ ടിക്കറ്റില്‍ അഞ്ചുതവണയാണ് ഉത്തര്‍പ്രദേശ് നിയമസഭയിലെത്തിയത്.

മുക്താർ അൻസാരിയുടെ മകനായ ഉമർ അൻസാരിയും സഹോദരനും എംപിയുമായ അഫ്‌സൽ അൻസാരി എന്നിവരാണ് മരണത്തിൽ ദുരൂഹത ആരോപിച്ചത്. മുക്താർ അൻസാരിയെ സ്ലോ പോയിസൺ നൽകി ജയിൽ അധികൃതർ കൊലപ്പെടുത്തിയെന്നാണ് ഇവരുടെ ആരോപണം. എന്നാൽ ജയിൽ അധികൃതർ ഇത് നിഷേധിച്ചിട്ടുണ്ട്. മുക്താർ അൻസാരിയുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ യഥാർത്ഥ മരണകാരണം വ്യക്തമാകൂ. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഖബറടക്കാനായി ഇയാളുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.

മരണവാർത്ത പുറത്തുവന്നതോടെ അതീവ ജാഗ്രതയിലാണ് ഉത്തർപ്രദേശ് . അകാരണമായി സംഘം ചേർന്നാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബന്ദ, മൗ, ഗാസിപൂർ, വാരാണാസി എന്നീ ജില്ലകളിൽ അധിക സുരക്ഷയും ഏർപ്പെടുത്തി.

Related Articles

Latest Articles