Friday, October 2, 2026

“ശിവൻകുട്ടി അപ്പൂപ്പനിൽ നിന്ന് സംസ്‌ക്കാരം പഠിക്കേണ്ട ഗതികേടില്ല”; മിഠായി വിവാദത്തിൽ കടുത്ത മറുപടിയുമായി വി. മുരളീധരൻ

തിരുവനന്തപുരം: കട്ടേല മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ പ്രവേശനോത്സവത്തിനിടെ കുട്ടികൾക്ക് മേശപ്പുറത്തേക്ക് മിഠായി ഇട്ടുനൽകിയ സംഭവത്തിൽ ഉയർന്ന വിവാദങ്ങൾക്ക് മറുപടിയുമായി കഴക്കൂട്ടം എംഎൽഎയും ബിജെപി നേതാവുമായ വി. മുരളീധരൻ. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം തന്റെ ഭാഗം വിശദീകരിച്ച് രംഗത്തെത്തിയത്. സമയം ലാഭിക്കാൻ വേണ്ടി മാത്രമാണ് താൻ അങ്ങനെ ചെയ്തതെന്നും എന്നാൽ ഇതിന് സിപിഎം ജാതി വിദ്വേഷത്തിന്റെ നിറം കൊടുക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

പ്രവേശനോത്സവ ദിവസം കട്ടേല സ്‌കൂളിലെ കുരുന്നുകൾക്കായി താൻ സ്വന്തം കൈപ്പടയിൽ മിഠായി വാങ്ങിയാണ് പോയതെന്ന് മുരളീധരൻ വ്യക്തമാക്കി. മറ്റാരും വിതരണം ചെയ്യാൻ ഏൽപ്പിച്ചതല്ല അത്. എന്നാൽ താൻ അവിടെ എത്തിയപ്പോഴേക്കും മന്ത്രി വരികയും പരിപാടി തുടങ്ങാറാകുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ഓരോ കുട്ടിക്കുമായി പ്രത്യേകം മിഠായി നൽകാൻ നിന്നാൽ മന്ത്രിയടക്കമുള്ളവർ പിന്നെയും കാത്തുനിൽക്കേണ്ടി വരുമായിരുന്നു. കുട്ടികൾക്കായി കൊണ്ടുപോയ മിഠായി അവർക്ക് നൽകണമെന്നുള്ളതിനാലും, വിതരണം വേഗത്തിൽ പൂർത്തിയാക്കണമെന്നതിനാലുമാണ് മേശ തോറും ഒന്നിച്ച് നൽകിയതെന്ന് അദ്ദേഹം കുറിപ്പിൽ വിശദീകരിച്ചു.

ഈയൊരു ചെറിയ കാര്യത്തെയാണ് സിപിഎം ജാതി വിദ്വേഷമാക്കി മാറ്റാൻ നോക്കുന്നതെന്ന് വി. മുരളീധരൻ കുറ്റപ്പെടുത്തി. കമ്മ്യൂണിസ്റ്റ് പാർട്ടി കുഞ്ഞുങ്ങളിൽ പോലും എത്രമാത്രം കൊടുംവിഷമാണ് കുത്തിനിറയ്ക്കാൻ ശ്രമിക്കുന്നതെന്ന് ഇതിലൂടെ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. ദേശാഭിമാനി പത്രം ചീറ്റിയ വിഷം വസ്തുതകൾ തിരക്കാതെ ബിജെപി വിരോധം തലയ്ക്കുപിടിച്ച മറ്റ് മാധ്യമങ്ങളും ഏറ്റെടുക്കുകയായിരുന്നു. തിരഞ്ഞെടുപ്പിൽ ജനങ്ങൾ ചൂലെടുത്ത് അടിച്ചിറക്കിയിട്ടും സിപിഎമ്മിന്റെയും അവരുടെ അടിമകളുടെയും കണ്ണു തുറന്നിട്ടില്ലെന്ന് അദ്ദേഹം പരിഹസിച്ചു.

മുൻ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിക്കെതിരെയും കടുത്ത ഭാഷയിലാണ് മുരളീധരൻ പ്രതികരിച്ചത്. നിയമസഭ തല്ലിത്തകർത്ത ശിവൻകുട്ടി അപ്പൂപ്പനിൽ നിന്ന് ‘സംസ്‌ക്കാരം’ പഠിക്കേണ്ട ഗതികേട് തൽക്കാലം തനിക്കില്ലെന്ന് അദ്ദേഹം കുറിച്ചു. കുട്ടികൾക്ക് മേശപ്പുറത്തിട്ട് മിഠായി കൊടുത്ത മുരളീധരന്റെ നടപടി അങ്ങേയറ്റം തരംതാണതും വിവേചനപരവുമാണെന്ന് വി. ശിവൻകുട്ടി നേരത്തെ വിമർശിച്ചിരുന്നു. ഇതിനുള്ള മറുപടി കൂടിയാണ് എംഎൽഎ ഇപ്പോൾ നൽകിയിരിക്കുന്നത്.

Related Articles

Latest Articles