ദില്ലി : മദ്ധ്യപ്രദേശിൽ രേവ ജില്ലയിലുണ്ടായ ബസ് അപകടത്തിൽ ജീവൻ പൊലിഞ്ഞവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി രാഷ്‌ട്രപതി ദ്രൗപതി മുർമു . വെള്ളിയാഴ്ച്ച രാത്രി ബസ് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. തുടർന്ന് 15 പേർ മരിക്കുകയും 35 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു, അവരിൽ ചിലരുടെ അവസ്ഥ ഗുരുതരമാണ് . “മദ്ധ്യപ്രദേശിലെ രേവയിൽ ഉത്തർപ്രദേശിൽ നിന്ന് പ്രയാഗ്‌രാജിലേയ്ക്ക് പോവുകയായിരുന്ന ബസ് അപകടത്തിൽപ്പെട്ട് നിരവധി യാത്രക്കാർ മരിച്ച വാർത്ത കേട്ടതിൽ എനിക്ക് അതിയായ ദുഃഖമുണ്ട്. മരിച്ചുപോയ എല്ലാവരുടെയും കുടുംബാംഗങ്ങൾക്ക് എന്റെ അനുശോചനം. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു . മുർമു പറഞ്ഞു . ബസ് യാത്രക്കാരിൽ ഭൂരിഭാഗവും തൊഴിലാളികളായിരുന്നു, അവർ ദീപാവലി ഉത്സവത്തിനായി വീട്ടിലേക്ക് പോകുകയായിരുന്നു.
ദേശീയ പാതയിൽ ഇന്നലെ രാത്രി 11.30ഓടെയാണ് അപകടം നടന്നത്. സംഭവത്തെ കുറിച്ച് വഴിയാത്രക്കാരാണ് തങ്ങളെ അറിയിച്ചതെന്ന് പോലീസ് പറഞ്ഞു.ഉടൻ തന്നെ സ്ഥലത്തെത്തി അവർ രക്ഷാപ്രവർത്തനം ആരംഭിക്കുകയും തകർന്ന ബസിനുള്ളിൽ കുടുങ്ങി രക്തം വാർന്നു കിടക്കുന്ന യാത്രക്കാരെ പുറത്തെടുക്കുകയും ചെയ്തു. ബസിന്റെ ക്യാബിനിനുള്ളിൽ മൂന്നോ നാലോ പേർ കുടുങ്ങിക്കിടക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.ആംബുലൻസുകൾ വിളിക്കുകയും പരിക്കേറ്റ യാത്രക്കാരെ ചികിത്സയ്ക്കായി തെയോന്തർ സിവിൽ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു.

