Saturday, May 11, 2024
spot_img

സോപാന സംഗീതത്തെ ലോകത്തിന് മുന്നിൽ ഉയർത്തിപ്പിടിച്ച സംഗീതജ്ഞ ലീല ഓംചേരി വിടവാങ്ങി

ദില്ലി : സോപാന സംഗീതത്തെ ലോകത്തിന് മുന്നിൽ ഉയർത്തി പിടിച്ച സംഗീതജ്ഞയും കലാഗവേഷകയും എഴുത്തുകാരിയും ദില്ലിസര്‍വകലാശാല മുന്‍ അദ്ധ്യാപികയുമായ ഡോ. ലീലാ ഓംചേരി (94) അന്തരിച്ചു. ഇന്ന് വൈകുന്നേരത്തോടെ ദില്ലി അശോക് വിഹാറിലെ വീട്ടില്‍ വച്ച് ദേഹാസ്വാസ്ഥ്യത്തെ നേരിട്ടതിനെത്തുടര്‍ന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കന്യാകുമാരി ജില്ലയിലെ തിരുവട്ടാറില്‍ പരേതരായ കമുകറ പരമേശ്വരക്കുറുപ്പിന്റേയും ലക്ഷ്മിക്കുട്ടിയമ്മയുടേയും മകളായി 1929 മേയ് 31-നാണ് ജനനം. പ്രശസ്ത ഗായകന്‍ പരേതനായ കമുകറ പുരുഷോത്തമന്‍ സഹോദരനാണ്. കര്‍ണാടകസംഗീതം, ഹിന്ദുസ്ഥാനി സംഗീതം, സോപാനസംഗീതം, നാടന്‍ പാട്ടുകള്‍, നൃത്തം എന്നിവയില്‍ ഒരുപോലെ പ്രാവീണ്യം നേടിയ ലീലാ ഓംചേരി കര്‍ണാടകസംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും ബിരുദവും ഡല്‍ഹി സര്‍വ്വകലാശാലയില്‍ നിന്ന് എം.എ., പിഎച്ച്ഡിയും നേടി.

കേരളത്തിലെ ലാസ്യരചനകള്‍, ദ ഇമ്മോര്‍ട്ടല്‍സ് ഓഫ് ഇന്ത്യന്‍ മ്യൂസിക്, ഗ്ലീനിങ്‌സ് ഓഫ് ഇന്ത്യന്‍ മ്യൂസിക് ആന്‍ഡ് ആര്‍ട്ട്, സ്റ്റഡീസ് ഇന്‍ ഇന്ത്യന്‍ മ്യൂസിക് ആന്‍ഡ് അലൈഡ് ആര്‍ട്ട്‌സ്(അഞ്ച് ഭാഗം), ലീലാഞ്ജലി (ചെറുകഥാസമാഹാരം) തുടങ്ങിയവയാണ് പ്രധാനകൃതികള്‍. ഇതില്‍ കേരളത്തിലെ ലാസ്യരചനകള്‍, ദ ഇമ്മോര്‍ട്ടല്‍സ് ഓഫ് ഇന്ത്യന്‍ മ്യൂസിക് എന്നിവയില്‍ ഡോ. ദീപ്തി ഓംചേരി ഭല്ലയോടൊപ്പം സഹലേഖികയായിരുന്നു.2009-ല്‍ രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചു. 1990-ല്‍ കേരള സംഗീതനാടക അക്കാദമി അവാര്‍ഡ്, യുജിസിയുടെ നാഷണല്‍ അസോസ്യേറ്റ് അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

Related Articles

Latest Articles