Saturday, October 3, 2026

മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങൾ അന്തരിച്ചു; അന്ത്യം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെ

മലപ്പുറം: മുസ്‌ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ (74) അന്തരിച്ചു. ദീർഘനാളായി അർബുദ രോഗ ബാധിതനായിരുന്നു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 1947 ജൂൺ 15 ന് പിഎംഎസ്എ പൂക്കോയ തങ്ങളുടെ മൂന്നാമത്തെ മകനായിട്ടാണ് ഹൈദരലി തങ്ങൾ ജനിച്ചത്. പരേതനായ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ, പാണക്കാട് ഉമറലി ശിഹാബ് തങ്ങൾ എന്നിവരും സാദിഖലി ശിഹാബ് തങ്ങൾ, ഹമീദലി ശിഹാബ് തങ്ങൾ എന്നിവർ സഹോദരങ്ങളാണ്.

കോഴിക്കോട് എംഎം ഹൈസ്‌കൂളിൽനിന്ന് എസ്‌എസ്‌എൽസി പാസായി. കാന്നല്ലൂർ, പട്ടർനടക്കാവ്, പൊന്നാനി മഊനത്തുൽ ഇസ്‌ലാം എന്നിവിടങ്ങളിൽ മതപഠനത്തിനു ശേഷം പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജിൽനിന്ന് 1975ൽ ഫൈസി ബിരുദം നേടി. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെക്കാലമായി മുസ്‌ലിം ലീഗിനെ നയിച്ച നേതാവാണ്. ഇസ്‍ലാമിക പണ്ഡിതനും സംസ്ഥാനത്തെ അനേകം മഹല്ലുകളുടെ ഖാസിയുമായിരുന്നു. 18 വർഷത്തോളം മുസ്‍ലിംലീഗ് ജില്ലാ പ്രസിഡന്റായിരുന്നു. മുഹമ്മദലി ശിഹാബ് തങ്ങളുടെ മരണത്തെത്തുടർന്ന് 2009 ഓഗസ്റ്റ് ഒന്നിന് ലീഗ് സംസ്ഥാന പ്രസിഡന്റായി. മുസ്‌ലിം ലീഗിനെ നിർണായകമായ ഘട്ടങ്ങളിൽ നയിക്കുന്നതിൽ ശ്രദ്ധിച്ചു. സുന്നി സംഘടനകളുടെ നേതൃസ്‌ഥാനവും മുസ്‌ലിം ലീഗിന്റെ അധ്യക്ഷ സ്‌ഥാനവും ഒരുമിച്ചു കൊണ്ടുപോകാൻ ഹൈദരലി ശിഹാബ് തങ്ങൾക്കു സാധിച്ചു. ഖബറടക്കം നാളെ രാവിലെ 9 ന് പാണക്കാട്.

Related Articles

Latest Articles