Friday, April 26, 2024
spot_img

ലവ് ജിഹാദ് കേസിൽ മുസ്ലീം യുവാവിന് 5 വർഷം തടവ്, ഒരു പക്ഷേ, സമാനമായ കേസിൽ പ്രതിയെ രാജ്യത്തെ ഒരു കോടതി ശിക്ഷിക്കുന്നത് ആദ്യം, ശിക്ഷ യുപിയിലെ മതപരിവർത്തന നിരോധന നിയമപ്രകാരം

ഉത്തർപ്രദേശ്: ‘ലവ് ജിഹാദ്’ കേസിലെ സംസ്ഥാനത്തെ അംരോഹ ജില്ലയിലെ ഒരു മുസ്ലീം യുവാവിനെ കോടതി അഞ്ച് വർഷം തടവിന് ശിക്ഷിച്ചു. തന്റെ മതം മറച്ചുവെച്ചുകൊണ്ട് ഹിന്ദു പെൺകുട്ടിയെ വിവാഹം കഴിക്കാൻ ശ്രമിച്ചതിനാണ് കോടതി തടവ് ശിക്ഷ വിധിച്ചത്. സംസ്ഥാനത്തെ സംഭാൽ ജില്ലക്കാരനായ മുഹമ്മദ് അഫ്‌സൽ എന്ന പ്രതിക്ക് 40,000 രൂപ പിഴയും കോടതി വിധിച്ചു.

അംറോഹ ജില്ലയിലെ ഹസൻപൂർ പ്രദേശത്ത് നഴ്‌സറി ഉടമയായ പെൺകുട്ടിയോട് ഡ്രൈവറായി ജോലി ചെയ്തിരുന്ന അഫ്‌സൽ സ്വയം ഹിന്ദുവാണെന്ന് പരിചയപ്പെടുത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. നഴ്‌സറിയിൽ ചെടികൾ വാങ്ങാൻ പോകാറുണ്ടായിരുന്ന അഫ്‌സൽ അവിടെവെച്ച് പെൺകുട്ടിയെ കണ്ടിരുന്നു.

അഫ്‌സൽ പെൺകുട്ടിയോട് അർമാൻ കോഹ്‌ലി എന്ന് സ്വയം പരിചയപ്പെടുത്തി, പ്രണയത്തിലായ ഇരുവരും കഴിഞ്ഞ വർഷം ഒളിച്ചോടി. അഫ്‌സൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് പെൺകുട്ടിയുടെ പിതാവ് ലോക്കൽ പോലീസിൽ പരാതി നൽകിയിരുന്നു. പിന്നീട് കഴിഞ്ഞ വർഷം ഏപ്രിലിൽ ദില്ലിയിൽ നിന്ന് അഫ്‌സലിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

2020 ഡിസംബറിൽ യുപി നടപ്പാക്കിയ നിയമവിരുദ്ധമായ മതപരിവർത്തന നിരോധന നിയമം, പെൺകുട്ടി പ്രായപൂർത്തിയാകാത്തതിനാൽ പോക്‌സോ നിയമം എന്നിവ പ്രകാരമാണ് അഫ്‌സലിനെതിരെ കേസെടുത്തിരിക്കുന്നത്. ശനിയാഴ്ചയാണ് പ്രത്യേക പോക്‌സോ കോടതി കേസിൽ വിധി പറഞ്ഞത്.

ചതിയിലൂടെയോ ബലപ്രയോഗത്തിലൂടെയോ വശീകരണത്തിലൂടെയോ മറ്റേതെങ്കിലും വഞ്ചനാപരമായ മാർഗങ്ങളിലൂടെയോ വിവാഹത്തിന് വേണ്ടിയോ ഉള്ള മതപരിവർത്തനത്തിനെതിരെ നിയമം കൊണ്ടുവന്ന ആദ്യത്തെ സംസ്ഥാനമാണ് യുപി. നിയമത്തിൽ ‘ലൗ ജിഹാദ്’ എന്ന പദം ഒരിടത്തും ഉപയോഗിച്ചിട്ടില്ലെങ്കിലും, ഹിന്ദു പെൺകുട്ടികളെ മുസ്ലീം യുവാക്കൾ വഞ്ചനാപരമായ വഴികളിലൂടെ വശീകരിച്ച് വിവാഹം കഴിപ്പിക്കുന്ന കേസുകൾ വർദ്ധിക്കുന്നത് തടയാനുള്ള നിയമമാണിതെന്ന് ബിജെപി നേതാക്കൾ വാദിച്ചു.

നിയമം ലംഘിക്കുന്നവർക്ക് പരമാവധി പത്ത് വർഷം വരെ തടവും പിഴയും ലഭിക്കും. ഇത് മതപരിവർത്തനത്തെ ചില സാഹചര്യങ്ങളിൽ കുറ്റകൃത്യത്തിന്റെ വിഭാഗത്തിൽ ഉൾപ്പെടുത്തി. നിയമമനുസരിച്ച്, നിർബന്ധിതമോ ബലപ്രയോഗത്തിലൂടെയോ വശീകരണത്തിലൂടെയോ മറ്റേതെങ്കിലും വഞ്ചനാപരമായ മാർഗങ്ങളിലൂടെയോ വിവാഹ ലക്ഷ്യത്തോടെയോ ചെയ്താൽ മതപരിവർത്തനം കുറ്റമായിരിക്കും. സ്വന്തം ഇഷ്ടപ്രകാരം മതം മാറി വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവർ രണ്ട് മാസം മുമ്പ് ബന്ധപ്പെട്ട ജില്ലാ മജിസ്‌ട്രേറ്റിന് നിർബന്ധമായും അപേക്ഷ നൽകണം.

Related Articles

Latest Articles