Saturday, May 18, 2024
spot_img

മുട്ടിൽ മരം മുറിക്കൽ കേസിൽ പ്രതികൾ അഴിക്കുള്ളിലേയ്ക്ക്; 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് കോടതി; പോലീസ് തങ്ങളെ വെടിവച്ച് കൊല്ലുമെന്ന് പ്രതികൾ; കേസ് നിർണ്ണായക വഴിത്തിരിവിലേയ്ക്ക്

വയനാട്: മുട്ടിൽ മരം മുറിക്കൽ കേസിൽ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ബത്തേരി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്. ഇതിനുപിന്നാലെ പ്രതികളെ മാനന്തവാടി ജില്ലാ ജയിലിലേക്ക് മാറ്റി. എന്നാൽ കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം മുഖ്യ പ്രതികളായ റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസുകുട്ടി അഗസ്റ്റിന്‍,ഡ്രൈവർ വിനീഷ് എന്നിവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനായുളള അന്വേഷണ സംഘം അപേക്ഷ ഉടൻ നൽകുമെന്നാണ് സൂചന.

എന്നാൽ അമ്മയുടെ സംസ്‌കാര ചടങ്ങിൽ പോലീസ് പാടില്ലെന്ന പ്രതികളുടെ ആവശ്യം കോടതി തള്ളി. റിമാൻഡ് പ്രതികളെ പോലീസിന്റെ സംരക്ഷണമില്ലാതെ കൊണ്ടുപോകാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ആവശ്യം തള്ളിയത്. തുടർന്ന് നാടകീയ സംഭവങ്ങളാണ് കോടതിയിൽ അരങ്ങേറിയത്. പോലീസ് കൂടെ വരികയാണെങ്കിൽ തങ്ങൾ അമ്മയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കുന്നില്ലെന്ന് പ്രതികൾ കോടതിയെ അറിയിച്ചു. എന്നാൽ പ്രതികളുടെ ആവശ്യം ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് കോടതിയും നിലപാടെടുത്തു. പോലീസ് തങ്ങളുടെ അമ്മയെ കാണാൻ അനുവദിക്കുന്നില്ല, ഞങ്ങളെ വെടിവെച്ച് കൊല്ലും, മനുഷ്യാവകാശ ലംഘനമാണിത് എന്നൊക്കെയാണ് പ്രതികൾ കോടതിയിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഉറക്കെ വിളിച്ചു പറഞ്ഞത്.

അതേസമയം വിവിധ പ്രദേശങ്ങളില്‍ പോലീസ് തിരച്ചില്‍ നടത്തുമ്പോഴും പോലീസിന്റെ മൂക്കിന് താഴെ തന്നെ മുട്ടില്‍ മരം മുറി കേസ് പ്രതികളുണ്ടായിരുന്നു. ഇന്നലെ രാവിലെ പ്രതികളുടെ അമ്മയുടെ മരണ വിവരമറിഞ്ഞ് എറണാകുളത്ത് നിന്നാണ് മൂവരും വയനാട്ടിലേക്ക് തിരിച്ചത്. പോലീസ് പിന്തുടര്‍ന്നെങ്കിലും പാലിയേക്കരയില്‍ വച്ച് പോലീസിനെ വെട്ടിച്ച് ഇവര്‍ കടന്നു കളഞ്ഞു. പിന്നീട് കുറ്റിപ്പുറത്ത് വച്ച് മുഖ്യ പ്രതികളായ റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസുകുട്ടി അഗസ്റ്റിന്‍ എന്നിവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാൽ സംസ്‌കാര ചടങ്ങില്‍ പങ്കെടുപ്പിക്കണമെന്ന് ഇന്നലെ ഹൈക്കോടതിയും നിര്‍ദേശിച്ചിരുന്നു. തുടർന്ന് ഇന്ന് പുലര്‍ച്ചെയോടെയാണ് പ്രതികളെ ജില്ലയിലെത്തിച്ചത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles