Friday, May 17, 2024
spot_img

നഗരസഭാ പരിധിയിലെ ഹോട്ടലുകളില്‍ ആരോഗ്യവകുപ്പിന്റെ റെയ്ഡ്: 3 സ്ഥാപനങ്ങള്‍ അടപ്പിച്ചു

തിരുവനന്തപുരം നഗരസഭാ പരിധിയിലെ ഹോട്ടലുകളില്‍ 4 പ്രത്യേക സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. സ്‌ക്വാഡിന്റെ ഭാഗമായി 52 ഹോട്ടലുകളില്‍ പരിശോധന നടത്തി. വളരെ വൃത്തിഹീനമായ അവസ്ഥയിലുണ്ടായിരുന്ന 3 സ്ഥാപനങ്ങള്‍ താല്ക്കാലികമായി അടപ്പിച്ചു. അപാകതകള്‍ കണ്ടെത്തിയ 47 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.

മാലിന്യങ്ങള്‍ തരംതിരിച്ച് കൈകാര്യം ചെയ്യുന്നതിലാണ് പരിശോധനയില്‍ പ്രധാനമായും പിഴവ് കണ്ടെത്തിയത്. സ്ഥാപനങ്ങളിലെ മാലിന്യങ്ങള്‍ ശേഖരിച്ച് പരിപാലിക്കുന്നതിന് ഏജന്‍സികളെ നഗരസഭാ കൗണ്‍സില്‍ നിശ്ചയിച്ചു.

സ്ഥാപനങ്ങളിലെ മാലിന്യം ശാസ്ത്രീയമായി തരംതിരിച്ച് അംഗീകാരം ലഭിച്ചിട്ടുള്ള ഏജന്‍സികള്‍ക്ക് മാത്രം കൈമാറണമെന്ന് ഹെല്‍ത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ശ്രീകുമാര്‍ അറിയിച്ചു.
സുഭോജനം പദ്ധതിയുടെ ഭാഗമായി നഗരത്തിലെ ഹോട്ടലുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് നഗരസഭ പരിശീലനം നല്‍കി ഐഡന്റിറ്റി കാര്‍ഡ് അനുവദിക്കും.

പ്രത്യേക ഹോട്ടല്‍ പരിശോധന സ്‌ക്വാഡുകള്‍ക്ക് ഹെല്‍ത്ത് ഓഫീസര്‍ ഡോ.എ.ശശികുമാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാരായ അജിത്കുമാര്‍, പ്രകാശ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പ്രേംനവാസ്, അനൂപ് റോയ് എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Latest Articles