ന്യൂദില്ലി: കാർഗിൽ യുദ്ധത്തിൽ രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീരജവാൻമാരെ അനുസ്മരിച്ച് രാജ്യം. കാർഗിൽ വിജയ് ദിവസ് ആചരിക്കുമ്പോൾ, വീരമൃത്യു വരിച്ച സൈനികർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രദ്ധാഞ്ജലി അർപ്പിച്ചു. കാർഗിൽ വിജയ് ദിവസ് ഇന്ത്യൻ സായുധ സേനയുടെ അസാധാരണ ധൈര്യത്തിന്റെയും അചഞ്ചലമായ ദേശസ്നേഹത്തിന്റെയും ഓർമ്മപ്പെടുത്തലാണെന്ന് അദ്ദേഹം പറഞ്ഞു.
തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കി ബാത്തിന്റെ’ 136-ാമത് എപ്പിസോഡിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കാർഗിലിലെ മഞ്ഞുമലകളും അതികഠിനമായ കാലാവസ്ഥയും ശത്രുവിന്റെ ആക്രമണങ്ങളും ഉൾപ്പെടെ എല്ലാ വെല്ലുവിളികളെയും അതിജീവിച്ചാണ് ഇന്ത്യൻ സൈന്യം ചരിത്രവിജയം നേടിയത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
“ഇന്ന് കാർഗിൽ വിജയ് ദിവസ് നമ്മളിൽ അഭിമാനം നിറയ്ക്കുന്ന ദിനമാണ്. ഉയർന്ന കൊടുമുടികളും പ്രതികൂല കാലാവസ്ഥയും ശത്രുവിന്റെ ശക്തമായ വെല്ലുവിളികളും ഉണ്ടായിരുന്നെങ്കിലും നമ്മുടെ സൈനികരുടെ ദൃഢനിശ്ചയം അതിനെയെല്ലാം മറികടന്നു. ഭാരതമാതാവിനെ സംരക്ഷിക്കാൻ അവർ സ്വന്തമായതെല്ലാം സമർപ്പിച്ചു. ആ ധീരരക്തസാക്ഷികൾക്ക് എന്റെ ഹൃദയം നിറഞ്ഞ ആദരാഞ്ജലികൾ,” എന്ന് പ്രധാനമന്ത്രി പറഞ്ഞു.
കാർഗിൽ വിജയ് ദിവസ് അനുസ്മരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘ശൗര്യ വിജയ് യാത്ര’യെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു. ജൂലൈ 14-ന് ദില്ലിയിലെ ദേശീയ യുദ്ധസ്മാരകത്തിൽ നിന്ന് ആരംഭിച്ച മോട്ടോർസൈക്കിൾ യാത്ര ദ്രാസിലെ കാർഗിൽ യുദ്ധസ്മാരകത്തിൽ സമാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
“ഒരു യാത്ര, ഒരു രാഷ്ട്രം, ഒരു സല്യൂട്ട്” എന്ന സന്ദേശമാണ് ഈ യാത്ര ഉയർത്തിപ്പിടിക്കുന്നതെന്നും രാജ്യത്തിനായി ജീവൻ സമർപ്പിച്ച ധീരജവാൻമാരുടെ ത്യാഗം ഒരിക്കലും മറക്കരുതെന്ന് ഇത് ഓരോ ഇന്ത്യക്കാരനെയും ഓർമ്മിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഇന്ത്യയുടെ വളർന്നുവരുന്ന പ്രതിരോധശേഷിയും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. അടുത്തിടെ ഇന്ത്യൻ നാവികസേനയിൽ കമ്മീഷൻ ചെയ്ത ഐഎൻഎസ് മഹേന്ദ്രഗിരി പൂർണമായും തദ്ദേശീയ സാങ്കേതികവിദ്യയിൽ രൂപകൽപ്പന ചെയ്ത് നിർമ്മിച്ച ആധുനിക യുദ്ധക്കപ്പലാണെന്ന് അദ്ദേഹം പറഞ്ഞു. 75 ശതമാനത്തിലധികം തദ്ദേശീയ ഘടകങ്ങൾ ഉൾക്കൊള്ളുന്ന ഈ യുദ്ധക്കപ്പൽ ആത്മനിർഭർ ഭാരതിന്റെ കരുത്തിന്റെ പ്രതീകമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിരോധ ഗവേഷണ വികസന സംഘടനയായ ഡിആർഡിഒ വിജയകരമായി പരീക്ഷിച്ച പിനാക്ക ലോംഗ് റേഞ്ച് ഗൈഡഡ് റോക്കറ്റും കുശ മിസൈലും ഇന്ത്യയുടെ ശാസ്ത്രജ്ഞരുടെയും എഞ്ചിനീയർമാരുടെയും മികവിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, ഇന്തോനേഷ്യയുമായുള്ള ബ്രഹ്മോസ്, അസ്ത്ര മിസൈൽ കരാറുകളും ഇന്ത്യയുടെ പ്രതിരോധ സാങ്കേതികവിദ്യയിലുള്ള ലോകത്തിന്റെ വർധിച്ചുവരുന്ന വിശ്വാസത്തിന്റെ ഉദാഹരണമാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
കാർഗിൽ വിജയ് ദിവസ് ചടങ്ങിൽ പങ്കെടുത്ത കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, പാകിസ്താനെതിരെ ശക്തമായ മുന്നറിയിപ്പും നൽകി. ഇന്ത്യയ്ക്ക് പാകിസ്താനുമായി ചർച്ച നടത്തേണ്ട സാഹചര്യം ഉണ്ടായാൽ അത് പാക് അധീന ജമ്മു-കശ്മീർ (PoJK) സംബന്ധിച്ച വിഷയത്തിൽ മാത്രമായിരിക്കും എന്ന് അദ്ദേഹം വ്യക്തമാക്കി.
കാർഗിൽ യുദ്ധത്തിൽ ജീവൻ ബലിയർപ്പിച്ച ധീരജവാൻമാർക്ക് ആദരാഞ്ജലി അർപ്പിച്ച അദ്ദേഹം, അവരുടെ ത്യാഗവും വീരത്വവും രാജ്യത്തിന് എന്നും പ്രചോദനമാണെന്ന് പറഞ്ഞു.മൈനസ് 40 ഡിഗ്രിവരെ താപനില താഴുന്ന അതിദുഷ്കരമായ കാർഗിൽ മലനിരകളിൽ ഇന്ത്യൻ സൈന്യം കാഴ്ചവെച്ച ധീരപോരാട്ടം ചരിത്രത്തിൽ സ്വർണലിപികളിൽ രേഖപ്പെടുത്തപ്പെട്ട അധ്യായമാണെന്നും, രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാൻ ഇന്ത്യൻ സൈന്യം നടത്തിയ ആ മഹത്തായ ത്യാഗം തലമുറകൾക്ക് എന്നും പ്രചോദനമായി നിലനിൽക്കുമെന്നും രാജ്‌നാഥ് സിംഗ് കൂട്ടിച്ചേർത്തു

