Friday, May 3, 2024
spot_img

ചന്ദ്രയാൻ -2 വിന്‍റെ ചാന്ദ്രപ്രവേശനം കാണാൻ ജനങ്ങളെ ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ദില്ലി : ചന്ദ്രയാൻ-2 ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിൽ പ്രവേശിക്കുന്ന ചരിത്ര മുഹൂർത്തത്തിന് സാക്ഷിയാകാൻ ജനങ്ങളെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശനിയാഴ്ച പുലർച്ചെയാണ് ചന്ദ്രയാന്‍റെ സോഫ്റ്റ് ലാൻഡിംഗ്.

‘130 കോടി ഭാരതീയർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ആ ചരിത്ര മുഹൂർത്തം ഇതാ. കുറച്ചു മണിക്കൂറുകൾക്കകം ചന്ദ്രയാൻ-2 ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിൽ പ്രവേശിക്കും.നമ്മുടെ മഹാന്മാരായ ശാസ്ത്രജ്ഞന്മാരുടെ അനിതരസാധാരണമായ മികവിന് ഭാരതവും മുഴുവൻ ലോകവും ഒരിക്കൽ കൂടി സാക്ഷ്യം വഹിക്കും.’ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ചന്ദ്രയാന്‍റെ ചന്ദ്രപ്രവേശനത്തിന് സാക്ഷ്യം വഹിക്കുന്നതിന്‍റെ ചിത്രങ്ങൾ സമൂഹിക മാദ്ധ്യമങ്ങളിൽ പങ്കു വെയ്ക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. തിരഞ്ഞെടുക്കപ്പെടുന്നവയ്ക്ക് താൻ മറുപടി നൽകുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

ചന്ദ്രയാൻ-2 ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നത് കാണാൻ പ്രധാനമന്ത്രി ഇന്ന് ബംഗലൂരുവിലെ ഐ എസ് ആർ ഒ ആസ്ഥാനത്ത് എത്തും. അദ്ദേഹത്തോടൊപ്പം ഭൂട്ടാനിലും ഭാരതത്തിന്റെ വിവിധ സംസ്ഥാനങ്ങളിലും ഉള്ള കുട്ടികളും ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ എത്തും.

‘ഭാരതത്തിന്റെ ബഹിരാകാശ പര്യവേക്ഷണ രംഗത്തെ അസാധാരണ മുഹൂർത്തത്തിന് സാക്ഷിയാകാൻ ബംഗലൂരുവിലെ ഐ എസ് ആർ ഒ കേന്ദ്രത്തിൽ എത്താൻ സാധിക്കുന്നതിൽ ഞാൻ അങ്ങേയറ്റം ആവേശഭരിതനാണ്. ആ വിശിഷ്ട മുഹൂർത്തങ്ങൾക്ക് സാക്ഷിയാകാൻ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവാക്കളും എത്തുന്നുണ്ട്. ഭൂട്ടാനിൽ നിന്നുള്ള കുട്ടികളും ഒപ്പമുണ്ടാകും.’ പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

ജൂലൈ 22ന് ചന്ദ്രയാൻ പ്രയാണം ആരംഭിച്ചതു മുതൽ താൻ ആകാംക്ഷാഭരിതനാണെന്നും കൃത്യമായി വിവരങ്ങൾ വിലയിരുത്തുന്നുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു.

ഭാരതത്തിന്‍റെ പ്രതിഭാ വിശേഷത്തിന്‍റെയും നിശ്ചയദാർഢ്യത്തിന്‍റെയും പ്രതീകമാണ് ചന്ദ്രയാനെന്നും അതിന്റെ വിജയം കോടിക്കണക്കിന് വരുന്ന ഭാരതീയർക്ക് അവകാശപ്പെട്ടതാണെന്നും നരേന്ദ്ര മോദി പ്രഖ്യാപിച്ചു.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും ജൂലൈ 22നായിരുന്നു ചന്ദ്രയാൻ പ്രയാണം ആരംഭിച്ചത്. ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന ഇന്ത്യയുടെ ആദ്യ ചന്ദ്രപര്യവേഷണ പദ്ധതിയാണ് ചന്ദ്രയാൻ-2. അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്ക് ശേഷം ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യമാകും ഇതോടെ ഇന്ത്യ.

Related Articles

Latest Articles