Thursday, May 23, 2024
spot_img

അവശ്യവസ്തുക്കളുടെ ചരക്കുനീക്കത്തിന് തടസ്സം നിൽക്കരുത്: ഷാങ്ഹായ് ഉച്ചക്കോടിയിൽ മുന്നറിയിപ്പുമായി മോദി

ബെയ്ജിംഗ്: അവശ്യവസ്തുക്കളുടെ ചരക്കുനീക്കത്തിന് ഒരു രാജ്യവും തടസ്സം നില്ക്കരുതെന്ന മുന്നറിയിപ്പുമായി നരേന്ദ്ര മോദി. ഷാങ്ഹായി സഹകരണ ഉച്ചകോടിയിൽ പങ്കെടുക്കുമ്പോഴാണ് നരേന്ദ്ര മോദി ഈ നിർദ്ദേശം മുന്നോട്ടു വച്ചത്. ഇന്ത്യയിലേക്കുള്ള ചരക്കുനീക്കം പാകിസ്ഥാൻ തടസ്സപ്പെടുത്തുന്ന സാഹചര്യത്തിലാണ് മോദിയുടെ ഈ മുന്നറിയിപ്പ്.

യുക്രൈയ്നിലെ സംഘർഷവും കൊവിഡും ആഗോള തലത്തിൽ ഊർജ്ജ, ഭക്ഷ്യ വിതരണത്തെ ബാധിച്ചിട്ടുണ്ടെന്ന് മോദി ചൂണ്ടിക്കാട്ടി. പ്രതിസന്ധികൾക്കിടയിലും ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ അതിവേഗം വളരുന്നു എന്ന് മോദി വ്യക്തമാക്കി. ഷാങ്ഹായി സഹകരണ സംഘടനയുടെ അടുത്ത ഒരു വർഷത്തെ അദ്ധ്യക്ഷ പദവി ഉച്ചകോടിയിൽ ഇന്ത്യയ്ക്ക് കൈമാറും. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങിനും ഇടയിലുള്ള സംഭാഷണം ഉച്ചകോടിക്കിടെ നടക്കുമോ എന്ന് ഇപ്പോഴും വ്യക്തമല്ല.

ഉസ്ബെക്കിസ്ഥാനിലെ സമാർഖണ്ടിൽ ഇന്നാണ് ഷാങ്ഹായ് ഉച്ചകോടിക്ക് തുടക്കമായത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പടെയുള്ള നേതാക്കൾ പങ്കെടുക്കുന്ന ഉച്ചകോടിയുടെ ആദ്യ സെഷൻ ഇതിനോടകം പൂർത്തിയായി. ഷാങ്ഹായി സഹകരണ സംഘടന കൂടുതൽ രാജ്യങ്ങൾ ഉൾപ്പെടുത്തി വിപുലീകരിക്കണം എന്ന നിർദ്ദേശം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നത്തെ യോഗത്തിൽ മുന്നോട്ടു വച്ചു. ഇപ്പോൾ എട്ടു രാജ്യങ്ങളുള്ള ഷാങ്ഹായി സഹകരണ സംഘടനയിൽ ഇറാനെ കൂടി അംഗരാജ്യമാക്കാൻ ഉച്ചകോടി തീരുമാനിക്കും. പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.

2001 ജൂണിൽ ഷാങ്ഹായിൽ ആരംഭിച്ച എസ്‌സിഒയ്ക്ക് ചൈന, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, റഷ്യ, താജിക്കിസ്ഥാൻ, ഉസ്‌ബെക്കിസ്ഥാൻ എന്നിവയുൾപ്പെടെ എട്ട് മുഴുവൻ അംഗങ്ങളുമുണ്ട്. 2017ൽ ഇന്ത്യയും പാക്കിസ്ഥാനും പൂർണ അംഗങ്ങളായി ചേർന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യ, ഉസ്ബെക്കിസ്ഥാൻ, ഇറാന്‍ രാജ്യ തലവന്‍മാരുമായി നയതന്ത്രതല ചർച്ച നടത്തുമെന്നാണ് വിദേശകാര്യമന്ത്രി നൽകുന്ന സൂചന. ചൈനീസ് പ്രസിഡന്‍റ് ഷീ ജിൻപിങുമായുള്ള മോദിയുടെ കൂടിക്കാഴ്ചയെ കുറിച്ച് സൂചനകള്‍ ഉണ്ടെങ്കിലും ഔദ്യോഗികമായി ഇക്കാര്യത്തില്‍ ഇരുരാജ്യങ്ങളിൽ നിന്നും അറിയിപ്പുണ്ടായിട്ടില്ല. റഷ്യയുമായി വ്യാപാരം, ഭക്ഷ്യവസ്തുക്കളുടെ കയറ്റുമതി അടക്കമുള്ള വിഷയങ്ങളില്‍ മോദി ചർച്ച നടത്തും.

Related Articles

Latest Articles