ന്യൂഡൽഹി: ഇന്ത്യയുടെ വാണിജ്യ ഉപഗ്രഹവിക്ഷേപണത്തിന്റെ വിജയത്തിൽ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സിംഗപ്പൂരിന്റെ മൂന്ന് ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് എത്തിച്ച പിഎസ്എൽവി സി53 ദൗത്യത്തെയാണ് മോദി പ്രശംസിച്ചത്.
നരേന്ദ്രമോദി ട്വീറ്റ് ചെയ്തതിങ്ങനെ,
‘ഇന്ത്യൻ വ്യവസായ രംഗത്ത് പുതിയ കുതിപ്പ് സമ്മാനിച്ചുകൊണ്ടാണ് പിഎസ്എൽവി സി53 ദൗത്യം പൂർത്തിയായത്. സ്റ്റാർട്ടപ്പുകളുടെ മുന്നേറ്റത്തിനും ഒപ്പം വിദേശരാജ്യങ്ങൾക്കും ഇന്ത്യ വിശ്വസ്തരായ വിക്ഷേപകരായിരിക്കുന്നു. ഇൻസ്‌പേസ്ഇന്ത്യയുടെ പരിശ്രമത്തിന് എല്ലാ അഭിനന്ദനങ്ങളും നേരുന്നു. ഒപ്പം ഈ ദൗത്യം വിജയകരമാക്കിയ ഇസ്രോയ്‌ക്കും അഭിനന്ദനം. സമീപഭാവിയിൽ കൂടുതൽ സ്റ്റാർട്ടപ്പുകൾക്ക് ഗുണം ചെയ്യുന്ന ബഹിരാകാശ വിജയങ്ങൾ ഇനിയും ഉണ്ടാകട്ടെ എന്ന് പ്രത്യാശിക്കുന്നു.’
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ വിക്ഷേപണ കേന്ദ്രത്തിൽ നിന്നാണ് ഇന്നലെ ഇന്ത്യയുടെ രണ്ടാം വാണിജ്യ ദൗത്യം ബഹിരാകാശ മേഖലയിൽ വിജയം കൈവരിച്ചത്. മൂന്ന് ഉപഗ്രഹങ്ങളും കൃത്യസമയത്ത് ബഹിരാകാശത്ത് ഭ്രമണപഥത്തിൽ എത്തിച്ചേർന്നതായി ഐഎസ്ആർഒ അറിയിച്ചു. 570 കിലോമീറ്റർ ദൂരെയുള്ള ഭ്രമണ പഥത്തിലാണ് ഉപഗ്രഹങ്ങളെ സ്ഥാപിച്ചിരിക്കുന്നത്. 44.4 മീറ്റർ നീളമുള്ള പിഎസ്എൽവി റോക്കറ്റാണ് സിംഗപ്പൂർ കമ്പനികളുടെ സിഎസ്-ഇഒ, ന്യൂസാർ, സ്‌കൂബ്-1 എന്നീ ഉപഗ്രഹങ്ങളെ വിജയകരമായി വിക്ഷേപിച്ചത്.

