Saturday, April 27, 2024
spot_img

മലയാളി ഐ എസ് ഭീകരനെതിരെ അനുബന്ധ കുറ്റപത്രം സമർപ്പിച്ച് എൻ ഐ എ

അഫ്‌ഗാനിസ്ഥാനിൽ അറസ്റ്റിലായി ഇന്ത്യയിലേക്ക് നാട് കടത്തപ്പെട്ട ഇസ്ലാമിക് സ്റ്റേറ്റ് ഭീകരൻ വയനാട് കൽപ്പറ്റ സ്വദേശി നാഷിദുൾ ഹംസഫറിനെതിരെ ദേശീയ അന്വേഷണ ഏജൻസി അനുബന്ധ കുറ്റപത്രം സമർപ്പിച്ചു.

2016-ൽ സ്ത്രീകളുൾപ്പെടെ ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാനായി 14 പേർ കേരളം വിട്ട ഐഎസ് റിക്രൂട്ട്മെന്റ് കേസിലെ പതിനാറാം പ്രതിയാണ് നിലവിൽ ഹംസഫർ.

2017 ഒക്ടോബറിലാണ് മസ്‌ക്കറ്റ് വഴി ഹംസഫറും സംഘവും അഫ്‌ഗാനിസ്ഥാനിലെ ഇസ്ലാമിക്സ്റ്റേറ്റ് മേഖലയിലേക്ക് നുഴഞ്ഞു കയറിയത്. എന്നാൽ അഫ്‌ഗാൻ സൈന്യത്തിന്റെ പിടിയിലായ ഇയാളെ ദേശീയ അന്വേഷണ ഏജൻസിയുടെ അഭ്യർത്ഥന പ്രകാരം ഇന്ത്യയിലേക്ക് കഴിഞ്ഞ സെപ്റ്റംബറിൽ നാടുകടത്തി. അഫ്‌ഗാൻ സുരക്ഷാസേനയുടെ സഹായത്തോടെ ഇന്ത്യൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരാണ് ഇയാളെ പിടികൂടിയതെന്നും പറയപ്പെടുന്നുണ്ട്.

ഗൂഢാലോചനയ്ക്കും ഇന്ത്യയുടെ സൗഹൃദ രാഷ്ടവുമായി യുദ്ധം ചെയ്തതിനും, ഭീകരസംഘടനയിൽ പ്രവർത്തിച്ചതിനും എതിരെയാണ് നാഷിദുൾ ഹംസഫറിനെതിരെ കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. കേസിലെ മറ്റൊരു പ്രതിയായ യാസ്മിൻ മുഹമ്മദ് സാഹിദിന് ഏഴ് കൊല്ലം കഠിനതടവും പിഴയും വിധിച്ചിരുന്നു. യാസ്മിന്റെ ഭർത്താവ് പാല സ്വദേശി അബ്ദുൾ റാഷിദ് ഇപ്പോഴും ഒളിവിലാണ്.

അറസ്റ്റിലായ നാഷിദുൾ ഹംസഫറിൽ നിന്ന് കേരളത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ റിക്രൂട്ട്മെന്റിനെ കുറിച്ചും ഐഎസ് അനുഭാവികളെ കുറിച്ചും വിലപ്പെട്ട വിവരങ്ങൾ എൻഐഎയ്ക്ക് ലഭിച്ചതായാണ് റിപ്പോർട്ട്.

Related Articles

Latest Articles