Saturday, April 27, 2024
spot_img

കശ്മീരിനെ കുറിച്ചുള്ള മുൻമന്ത്രി കെ ടി ജലീലിന്റെ പരാമർശത്തിൽ രാജ്യ വ്യാപക പ്രതിഷേധം; ജന്മനാട് എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ മുൻ സിമി പ്രവർത്തകന്റെ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിൽ നിഴലിക്കുന്നത് വ്യക്തമായ വിഘടനവാദം; വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത് തത്വമയി ന്യൂസ് !

തിരുവനന്തപുരം: പാക് അധീന കാശ്മീരിനെ ആസാദ് കാശ്മീരെന്നും, ജമ്മുവും കശ്മീരും ലഡാക്കും ഉൾപ്പെടുന്ന ഭാഗത്തെ ഇന്ത്യൻ അധീന കശ്മീരെന്നും പരാമർശിച്ചുകൊണ്ടുള്ള മുൻ മന്ത്രി കെ ടി ജലീലിന്റെ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിനെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയരുന്നു. ജന്മനാട് സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് നിരോധിത സംഘടനയായ സിമിയുടെ മുൻ പ്രവർത്തകൻ കൂടിയായ കെ ടി ജലീൽ ഇത്തരമൊരു അഭിപ്രായ പ്രകടനം നടത്തിയത് എന്നത് ശ്രദ്ധേയമാണ്. ജലീലിന്റെ വിവാദ ഫെയ്‌സ്ബുക്ക് പോസ്റ്റ് ആദ്യം വാർത്തയാക്കിയത് തത്വമയി ന്യൂസ് ആയിരുന്നു. ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റ് പ്രത്യക്ഷപ്പെട്ട് ആദ്യ മണിക്കൂറിൽ തന്നെ പുറത്തുവന്ന, തത്വമയി ചീഫ് എഡിറ്റർ രാജേഷ് ജി പിള്ളയുടെ പ്രത്യേക വീഡിയോ റിപ്പോർട്ട് ചർച്ചകൾക്ക് തുടക്കമിട്ടു. പിന്നീട് പ്രമുഖ നേതാക്കളും മലയാള മാധ്യമങ്ങളും വിഷയം ചർച്ചചെയ്തു. ഉച്ചയോടെ ദേശീയ മാധ്യമങ്ങളും ജലീലിന്റെ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റ് വാർത്തയാക്കി.

പോസ്റ്റിൽ നിഴലിക്കുന്നത് വ്യക്തമായ വിഘടനവാദമാണെന്നാണ് പൊതുവിൽ ഉയർന്ന അഭിപ്രായം. മുഹമ്മദാലി ജിന്നയുടെ പാകിസ്ഥാൻ വാദത്തിന് സമാന്തരമായി കേരളത്തിലെ മലബാറിൽ ഉയർന്ന മാപ്പിളസ്ഥാൻ എന്ന വാദത്തിന് പിന്മുറക്കാരുണ്ട് എന്ന് തെളിയിക്കുന്നതായിരുന്നു ജലീലിന്റെ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റ്. ഇന്ത്യൻ സൈന്യത്തിനെതിരെയും ജലീൽ പോസ്റ്റിലൂടെ കടന്നാക്രമണം നടത്തുന്നുണ്ട്. ഇന്ത്യൻ സൈന്യം കശ്മീരികളോട് മാന്യമായി പെരുമാറിയിരുന്നെങ്കിൽ കശ്മീർ അശാന്തമാകുമായിരുന്നില്ല എന്ന പരാമർശം അങ്ങേയറ്റം പ്രതിഷേധാർഹമാണ്. കശ്മീരിലെ തദ്ദേശ ജനതയായ പണ്ഡിറ്റുകളെ കൂട്ടക്കൊലചെയ്തും ആട്ടിയോടിച്ചും നിരപരാധികളെ കൊന്നൊടുക്കിയും ഇന്ത്യയുടെ അവിഭാജ്യഘടകമായ കശ്മീരിനെ അശാന്തമാക്കിയത് പാകിസ്ഥാൻ സ്പോൺസർ ചെയ്യുന്ന ഇസ്‌ലാമിക തീവ്രവാദമാണെന്ന വസ്തുത മനഃപൂർവ്വം മറച്ചുവച്ചാണ് ജലീൽ സൈന്യത്തിന് നേരെ പാക് അനുകൂല പരാമർശം നടത്തിയിരിക്കുന്നത്. പ്രതിഷേധം ശക്തമാകുമ്പോൾ അർത്ഥം മനസ്സിലാക്കാൻ കഴിയാത്തവരാണ് തന്റെ പോസ്റ്റ് വിവാദമാക്കുന്നതെന്ന ന്യായീകരണമാണ് ജലീലിന്റെ ഭാഗത്തുനിന്ന് വന്നത്.

Related Articles

Latest Articles