Friday, May 24, 2024
spot_img

ഇന്ത്യൻ മഹാസമുദ്രത്തിൽ കൂടുതൽ യുദ്ധക്കപ്പലുകളും വിമാനങ്ങളും വിന്യസിച്ച് നാവികസേന !

ചരക്കുകപ്പലുകളുടെ സുരക്ഷ വർദ്ധിപ്പിക്കുവാനും സമുദ്രാതിർത്തിയിലെ പ്രതിരോധശേഷി വികസിപ്പിക്കുന്നതിന്റെയും ഭാഗമായി കൂടുതൽ യുദ്ധക്കപ്പലുകളും വിമാനങ്ങളും വിന്യസിച്ച് ഇന്ത്യൻ നാവികസേന. മദ്ധ്യ- വടക്കൻ അറബിക്കടലിലാണ് നാവിക സേന, സുരക്ഷയും നിരീക്ഷണവും ശക്തമാക്കിയിരിക്കുന്നത്. വിദേശ വാണിജ്യ ചരക്കുകപ്പലുകളുടെ സുരക്ഷ കൂടുതൽ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് നാവികസേനയുടെ ഈ നീക്കം. നിലവിൽ ഇന്ത്യൻ മഹാസമുദ്രത്തിലും ഏദൻ ഉൾക്കടലിലുമായി അഞ്ച് യുദ്ധക്കപ്പലുകളും ഒരു യുദ്ധവിമാനവും നാവികസേന വിന്യസിച്ചിട്ടുണ്ട്. പ്രിഡേറ്റർ ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉൾപ്പെടെയുള്ളവ സമുദ്ര നിരീക്ഷണത്തിനും സുരക്ഷ ഉറപ്പാക്കുന്നതിനും അറബിക്കടലിൽ വിന്യസിച്ചിട്ടുണ്ടെന്ന് നാവികസേന ഉദ്യോഗസ്ഥർ അറിയിച്ചു. അടുത്തിടെ അറബിക്കടലിൽ മാൾട്ടീസ് ചരക്കുകപ്പലിനെതിരെയും ലൈബീരിയൻ കപ്പലിനെതിരെയും ആക്രമണം നടന്നിരുന്നു. ഡ്രോൺ ആക്രമണത്തിന് പിന്നാലെ അറബിക്കടലിലെ സുരക്ഷ ശക്തമാക്കുന്നതിനായി ആവശ്യമുള്ളതെല്ലാം ചെയ്യാൻ നാവിക സേന മേധാവി അഡ്മിറൽ ആർ ഹരി കുമാർ, അംഗങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതേ തുടർന്നാണ് അധിക യുദ്ധകപ്പലുകൾ ഉൾപ്പെടെ വിന്യസിച്ചിട്ടുള്ളത്.

സംശയാസ്പദമായ സാഹചര്യത്തിൽ ബോട്ടുകൾ കണ്ടാൽ അവ വിശദമായി പരിശോധിക്കാനും ചരക്ക് കപ്പലുകൾക്ക് ആവശ്യമെങ്കിൽ സുരക്ഷയൊരുക്കാനും അദ്ദേഹം നിർദ്ദേശം നൽകിയിട്ടുണ്ട്. യെമനിലെ ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതരാണ് ആക്രമണങ്ങള്‍ക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. സമുദ്രത്തിൽ പുതിയതായി വിന്യസിച്ച P-8I, ലോംഗ് റേഞ്ച് മാരിടൈം പട്രോളിംഗ് എയർക്രാഫ്റ്റ്, റിമോട്ട്‌ലി പൈലറ്റഡ് എയർക്രാഫ്റ്റ് എന്നിവ സമ്പൂർണ്ണ സമുദ്ര മേഖലയെക്കുറിച്ചും സുരക്ഷയെക്കുറിച്ചും അവബോധമുണ്ടാക്കാൻ സഹായിക്കും. ഇന്ത്യൻ എക്സ്‌ക്ലൂസീവ് ഇക്കണോമിക് സോണിന്റെ ഫലപ്രദമായ നിരീക്ഷണം ഉറപ്പാക്കാൻ ഇന്ത്യൻ നാവികസേന കോസ്റ്റ്ഗാർഡുമായി കൂടിചേർന്നാണ് പ്രവർത്തിക്കുന്നത്. ഡിസംബർ 26-ന് ഇന്ത്യൻ നാവികസേന ഐഎൻഎസ് മോർമുഗാവോ, ഐഎൻഎസ് കൊച്ചി, ഐഎൻഎസ് കൊൽക്കത്ത എന്നിങ്ങനെയുള്ള യുദ്ധക്കപ്പലുകൾ അറബിക്കടലിൽ വിന്യസിച്ചിരുന്നു. ഇന്ത്യൻ സമുദ്രാതിർത്തിയിൽ വച്ച് എംവി ചെം പ്ലൂട്ടോ എന്ന ചരക്കുകപ്പിലിന് നേരെ ഡ്രോൺ ആക്രമണം നടന്നതോടെയാണ് നാവികസേന കൂടുതൽ യുദ്ധക്കപ്പലുകൾ സമുദ്രത്തിൽ വിന്യസിച്ചത്. സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിനും വിദേശ വാണിജ്യ ചരക്കുകപ്പലുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഇന്ത്യൻ നാവികസേന വിദേശ ഏജൻസികളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്.

Related Articles

Latest Articles